ലോകത്തില്‍ ഏറ്റവും നീളമുള്ള നദിയേതാണ്? ഉത്തരം സിംപിളാണെന്ന് തോന്നും. ഇതുവരെ കരുതപ്പെട്ടതും എന്‍സൈക്ലോപീഡിയയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുമെല്ലാം പറയുന്നതും നൈല്‍ നദിയാണെന്നാണ്. 6,650 കിലോമീറ്ററാണ് നൈലിന്റെ നീളം. എന്നാല്‍ ഒരു വിഭാഗം സ്ഥിരമായി വാദിക്കുന്നത് ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി നൈലല്ല ആമസോണ്‍ ആണെന്നാണ്. ഇപ്പോഴിതാ അത് തെളിയിക്കാനായി ആമസോണിന്റെ യഥാര്‍ഥ നീളം കണക്കാക്കാനുള്ള ഒരു പര്യവേക്ഷണത്തിന് ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് ഒരു കൂട്ടം സാഹസികര്‍.
ആമസോണ്‍ കാട്ടിലൂടെ കുതിരപ്പുറത്ത് സഞ്ചരിച്ചും നദിയിലൂടെ വഞ്ചികളില്‍ യാത്ര ചെയ്തുമൊക്കെ ആമസോണിന്റെ കൃത്യമായ നീളം കണ്ടെത്തുകയാണ് ഈ സാഹസികരുടെയും ഗവേഷകരുടെയും സംഘത്തിന്റെ ലക്ഷ്യം. 2024 ഏപ്രിലിലാണ് ഈ യാത്ര ആരംഭിക്കുക. അഞ്ച് മാസം കൊണ്ട് ഏഴായിരത്തോളം കിലോമീറ്റര്‍ യാത്ര നടത്താനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ആധുനികമായ റിവര്‍മാപ്പിങ് സംവിധാനങ്ങളുപയോഗിച്ച് ആമസോണിന്റെ കൃത്യമായ നീളം ആധികാരികമായി രേഖപ്പെടുത്താനാണ് ഈ യാത്ര
നൈല്‍ ഒരു പുഴുവാണെങ്കില്‍ ആമസോണ്‍ ഒരു അനാക്കോണ്ടയാണെന്നാണ് പര്യവേക്ഷണ സംഘത്തിന്റെ തലവന്‍ യൂറി സനഡയുടെ അഭിപ്രായം. 'നൈല്‍ നദിയിലേക്കാള്‍ നാലിരിട്ടി വെള്ളമാണ് ആമസോണിലുള്ളത്. അപ്പോള്‍ വലിയ നദി ഏതാണെന്ന് നമുക്കറിയാം. ഇനി അറിയേണ്ടത് കൂടുതല്‍ നീളം ഏതിനാണെന്നാണ്- യൂറി പറയുന്നു. ആമസോണ്‍ നദിയുടെ ഉത്ഭവസ്ഥാനം സംബന്ധിച്ചും തര്‍ക്കം നിലവിലുണ്ട്. ദക്ഷിണ പെറുവിലെ അപുരിമാക് നദിയുടെ ഉത്ഭവസ്ഥാനത്ത് നിന്നാണ് ആമസോണ്‍ തുടങ്ങുന്നതെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. എന്നാല്‍ ഒരു വിഭാഗം ഇതിനെ എതിര്‍ക്കുന്നവരാണ്. ഉത്തര പെറുവില്‍ പുതുതായി കണ്ടെത്തിയ മാന്റാരോ നദിയില്‍ നിന്നാണ് ആമസോണ്‍ ആരംഭിക്കുന്നതെന്നാണ് ഈ വിഭാഗം വാദിക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത നേടാന്‍ കഴിയുമെന്നാണ് സംഘം പ്രതീക്ഷിക്കുന്നത്.
പെറുവിലെ മാന്റാരോ നദിയില്‍ നിന്നാണ് പര്യവേക്ഷണം ആരംഭിക്കുക. ആമസോണ്‍ നദിയുടെ സങ്കീര്‍ണതകളും ജൈവവൈവിധ്യവുമെല്ലാം പൂര്‍ണമായും ഡോക്യുമെന്റ് ചെയ്യുക എന്ന ലക്ഷ്യവും സംഘത്തിനുണ്ട്. പെറുവില്‍ നിന്നാരംഭിച്ച് കൊളംമ്പിയയിലൂടെയും ബ്രസീലിലൂടെയുമായിരിക്കും സംഘത്തിന്റെ യാത്ര. 2025 ല്‍ ഇതിന്റെ രണ്ടാംഘട്ട പര്യവേക്ഷണവും നടത്തും. അമ്പത് പേരടങ്ങിയ സംഘമാണ് ആദ്യഘട്ട പര്യവേക്ഷണത്തിന് പുറപ്പെടുന്നത്. എക്‌സ്‌പ്ലോറേഴ്‌സ് ക്ലബ് പോലുള്ള കൂട്ടായ്മയുടെ ഐ.മാക്‌സ് പോലുള്ള കമ്പനികളുടെയും പിന്തുണയും ഈ സംഘത്തിനുണ്ട്.
ആമസോണ്‍ നദിയിലൂടെയും കാട്ടിലൂടെയുമുള്ള ഈ യാത്രയ്ക്ക് ഒരുപാട് അപകട സാധ്യതകളുമുണ്ട്. അനാക്കോണ്ട പാമ്പുകള്‍ മുതല്‍ കരിമ്പുലികളും വിഷത്തവളകളും വരെയുള്ള അപകടങ്ങളാണ് ആമസോണിന്റെ വന്യത ഒളിപ്പിക്കുന്നത്. ഒപ്പം ആമസോണിനെ കാര്‍ന്നുതിന്നുന്ന വനംകൊള്ളക്കാരും മയക്കുമരുന്ന് സംഘങ്ങളും ഏറെയുണ്ട്. അതിനാല്‍ തന്നെ സായുധരായ സംഘത്തിന്റെ അകമ്പടിയോടെയായിരിക്കും പര്യവേക്ഷണസംഘത്തിന്റെ യാത്ര.
Content Highlights: Expedition To Find Out Longest River In World
Published: 08 Oct 2023, 02:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented