മിസോറാമിലെ ശാന്തമായ മലനിരകളിലെ ലിയാൻപുയി ഗ്രാമത്തിൽനിന്ന് ഒരു വലിയ വാർത്ത. ഇന്ത്യ-മ്യാൻമർ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ ഗ്രാമം, ഔദ്യോഗികമായി ഇന്ത്യയുടെ ദേശീയ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നു. മെൻഹിറുകൾ എന്നറിയപ്പെടുന്ന ഇവിടുത്തെ നിഗൂഢമായ ഭീമൻ കല്ലുകൾ, ആധുനിക ഭൂപടങ്ങൾ അടയാളപ്പെടുത്തുന്നതിനും വളരെ മുൻപ് മുതൽ നൂറ്റാണ്ടുകളായി പ്രാദേശിക കഥകളും ആചാരങ്ങളും കാത്തുസൂക്ഷിക്കുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) ഈ വിദൂര മഹാശിലായുഗ കേന്ദ്രത്തെ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. 

To advertise here,

2014-ൽ സംരക്ഷണം ലഭിച്ച പ്രശസ്തമായ വാങ്‌ചിയയിലെ 'കൗച്ചുവാ റോപുയി'ക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന മിസോറാമിലെ രണ്ടാമത്തെ മഹാശിലായുഗ കേന്ദ്രമാണ് ലിയാൻപുയി. ലിയാൻപുയി വിദൂരമായ ഒരു സ്ഥലം മാത്രമല്ല, നിശ്ശബ്ദമായ പ്രൗഢി നിറഞ്ഞ ഒരിടം കൂടിയാണ്. ചമ്പായ് പട്ടണത്തിൽനിന്ന് ഏകദേശം 54 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമം, ഏതെങ്കിലും ഔദ്യോഗിക അംഗീകാരം വരുന്നതിന് വളരെ മുൻപേ, സാമൂഹികമായ ശ്രമങ്ങളിലൂടെ തങ്ങളുടെ പുരാതന കല്ലുകളെ നൂറ്റാണ്ടുകളായി സംരക്ഷിച്ചുപോരുന്നു.

പ്രാദേശികമായി 'ലുങ്‌ഫുൻ റോപുയി' (മഹത്തായ കൽമുറ്റം) എന്നറിയപ്പെടുന്ന ഈ സ്ഥലത്ത്, എട്ട് നിരകളിലായി 114 കുത്തനെ നിർത്തിയ മെൻഹിറുകളുണ്ട്. പകുതി വടക്ക്-തെക്ക് ദിശയിലും പകുതി കിഴക്ക്-പടിഞ്ഞാറ് ദിശയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ കല്ലുകളിൽ ചിലതിന് ഏകദേശം ആറടി ഉയരമുണ്ട്. പലതിലും മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ കൊത്തുപണികളുണ്ട്. ഇതിനുചുറ്റും ശിലാലിഖിതങ്ങൾ, മനുഷ്യ നിർമിത പൊത്തുകൾ, Y-ആകൃതിയിലുള്ള മരത്തൂണുകൾ എന്നിവ കാണാം. ഇവയെല്ലാം പുരാതനമായ സാംസ്കാരിക അനുഷ്ഠാനങ്ങളെയും ജീവിതരീതികളെയും സൂചിപ്പിക്കുന്നു.

വീരകൃത്യങ്ങളെ ആദരിക്കുന്നതിനോ മരിച്ചുപോയ ആത്മാക്കൾക്ക് വേണ്ടിയോ സ്ഥാപിച്ച സ്മാരകശിലകളായിരുന്നു ഈ മഹാശിലകൾ എന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. ക്രിസ്തുമതത്തിന് മുൻപുള്ള മിസോ ആചാരങ്ങളുടെ നിശ്ശബ്ദരായ കഥാകാരന്മാരായും ഇവ വർത്തിക്കുന്നു. ഈ പ്രദേശത്തിന്റെ തനിമ രൂപപ്പെടുത്തിയ, അഗാധമായ ആത്മീയവും സാമൂഹികവുമായ ഒരു കാലഘട്ടത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.

കല്ലുകളെ സംരക്ഷിച്ച ജനങ്ങൾക്കുള്ള ആദരവ്

ലിയാൻപുയിക്ക് ലഭിച്ച ഈ അംഗീകാരം, ഈ കല്ലുകളെ പരിപാലിച്ച ജനങ്ങൾക്കുള്ള ഒരു ആദരവാണ്. ഒപ്പം, ഭീമൻ കല്ലുകളിൽ കൊത്തിയെടുത്ത, ഇന്ത്യയുടെ അത്രയൊന്നും അറിയപ്പെടാത്ത ഭൂതകാലത്തിന്റെ ഓർമപ്പെടുത്തലുമാണ്. ആഴവും നിഗൂഢതയും കല്ലിൽ കൊത്തിയ കഥകളും തേടുന്ന സഞ്ചാരികൾക്ക്, ലിയാൻപുയി മനോഹരവും ഒപ്പം ആത്മാർഥവുമായ ഒരു അനുഭവം നൽകും.

ലിയാൻപുയിലെ മഹാശിലകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ 2021-ൽ ആരംഭിച്ചു. 1958-ലെ പുരാതന സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും അവശിഷ്ടങ്ങളും നിയമപ്രകാരം ഈ സ്ഥലം നിർദേശിക്കപ്പെട്ടപ്പോഴായിരുന്നു ഇത്. അവസാനഘട്ട പരിശോധനകൾക്കും കൂടിയാലോചനകൾക്കും ശേഷം, 2025 ജൂലായ് 14-ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപനം നടത്തുകയായിരുന്നു.  

ഇപ്പോൾ, സ്ഥലത്തിന്റെ സ്വാഭാവിക സൗന്ദര്യം നിലനിർത്തിക്കൊണ്ട് സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.  കല്ലുകൾ സംരക്ഷിക്കുന്നതിനായി വേലി കെട്ടുക, സന്ദർശകർക്കായി നടപ്പാതകൾ വിശ്രമമുറികളും ദിശാസൂചകങ്ങളും, ​ഗൈഡുകളും വിവരങ്ങൾ നൽകുന്ന ഇടങ്ങളും എന്നിവയാണവ.  

ലിയാൻപുയി മെൻഹിറുകൾ ആകർഷിച്ചോ? എങ്ങനെ എത്തിച്ചേരാം

ഐസ്വാളിലെ ലെങ്‌പുയി വിമാനത്താവളത്തിലേക്ക് പറക്കുക. ഗുവാഹത്തി, ഡൽഹി, കൊൽക്കത്ത, ഇംഫാൽ എന്നിവിടങ്ങളിൽനിന്ന് ഇവിടേക്ക് നേരിട്ട് വിമാന സർവീസുകളുണ്ട്. ഇന്നർ ലൈൻ പെർമിറ്റ് (ILP) നേടണം. ഇത് വിമാനത്താവളത്തിൽ എത്തുമ്പോഴോ പ്രധാന നഗരങ്ങളിലെ മിസോറാം ഹൗസ് വഴിയോ ലഭിക്കും. ഷെയർ സുമോ, പ്രൈവറ്റ് ടാക്സി അല്ലെങ്കിൽ പരിമിതമായ ഹെലികോപ്റ്റർ സർവീസ് വഴി ചമ്പായിലേക്ക് യാത്ര ചെയ്യുക.

ഐസ്വാളിൽനിന്ന് ഏകദേശം 6-7 മണിക്കൂർ യാത്രയുണ്ട്.  ചമ്പായിൽനിന്ന് ലിയാൻപുയി ഗ്രാമത്തിലേക്ക് വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഏകദേശം 1.5-2 മണിക്കൂർ (54 കിലോമീറ്റർ) ദൂരമുണ്ട്. പ്രാദേശിക ടാക്സികൾ ലഭ്യമാണ്. നിങ്ങളുടെ ILP-യും തിരിച്ചറിയൽ കാർഡും എപ്പോഴും കൂടെ കരുതാൻ മറക്കരുത്. കാരണം പെർമിറ്റുകൾ കർശനമായി പരിശോധിക്കുന്നതാണ്.