ഭൂമിയിലെ സൗന്ദര്യമുള്ള ജനങ്ങള്‍ അധിവസിക്കുന്നത് കോക്കസസ് മലനിരകളോടുചേര്‍ന്ന രാജ്യങ്ങളിലാണെന്ന് പറയാറുണ്ട്. കരിങ്കടല്‍വരെ നീണ്ടുകിടക്കുന്ന ജോര്‍ജിയയും പ്രകൃതിഭംഗിയിലും ചരിത്രപരമായി സവിശേഷതകള്‍നിറഞ്ഞതുമായ അര്‍മേനിയും ആയിരുന്നു ഇത്തവണത്തെ ലക്ഷ്യം. യെര്‍വാന്‍, തിബ്ലീസി, കുതൈസി, സെവാന്‍ തുടങ്ങി അര്‍മേനിയ - ജോര്‍ജിയ രാജ്യങ്ങളിലുള്‍പ്പെട്ട പ്രദേശങ്ങള്‍ പുതിയ കാഴ്ചകളാണ് സമ്മാനിച്ചത്. 2023 അവസാനമാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. അര്‍മേനിയിലേക്കായിരുന്നു ആദ്യയാത്ര. അബുദാബിയില്‍ നിന്നും വിസ് എയറില്‍ അര്‍മേനിയന്‍ തലസ്ഥാനമായ യെരേവാന്‍ നഗരത്തിലെത്തി. ഇതിനുമുന്‍പ് സഞ്ചരിച്ച അസര്‍ബെയ്ജാന്‍ സീല്‍ പാസ്‌പോര്‍ട്ടിലുള്ളതിനാല്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയമെടുത്തു.

To advertise here,

ദക്ഷിണ കോക്കസസിലെ നിബിഡവനങ്ങളുള്ള മലമ്പ്രദേശത്തിനുവേണ്ടി പോരടിച്ചുകൊണ്ട് ഇരുരാജ്യങ്ങളും ശത്രുതയിലായിട്ട് കാലം കുറേയായി. അതിനാല്‍ അസര്‍ബെയ്ജാന്‍ സന്ദര്‍ശനത്തെ കുറിച്ച് കുറെയേറെ ചോദ്യങ്ങളും ഉദ്യോഗസ്ഥരില്‍നിന്നുമുണ്ടായി. അര്‍മേനിയയില്‍ എത്രദിവസം തങ്ങുന്നുണ്ടെന്നും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളേതൊക്കെയെന്നും മറ്റും ഇ - വിസയില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രാസംബന്ധമായ രേഖകളില്‍ തൃപ്തി രേഖപ്പെടുത്തിക്കൊണ്ട് അര്‍മേനിയയിലേക്ക് ഉദ്യോഗസ്ഥര്‍ സ്വാഗതം ചെയ്തു. ഇതൊക്കെ മുന്‍കൂട്ടി പ്രതീക്ഷിച്ചതിനാല്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസവും തോന്നിയില്ല. സന്തോഷത്തോടെ സ്വാഗതം ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് പ്രത്യഭിവാദ്യങ്ങള്‍ നല്‍കി യെരേവാന്‍ നഗരത്തിലേക്കുകടന്നു. മലനിരകളാല്‍ ചുറ്റപ്പെട്ട താഴ്വരയിലെ പട്ടണമാണ് യെരേവാന്‍. ഹസ്‌റാന്‍ നദിയുടെ തീരങ്ങളില്‍ പൗരാണിക തനിമയോടെ മികച്ച പാതകളും പ്രൗഢമായ മന്ദിരങ്ങളും പാര്‍ക്കുകളുമൊക്കെയായി ഹൃദ്യമായ നഗരം. 2024 - ലേക്കുള്ള പുതുവത്സര തലേന്നാണ് യെരേവാനിലെത്തിയത്. നഗരത്തിന്റെ പല ഭാഗങ്ങളിലും പുതുവത്സരത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ കാണാം. സുഹൃത്ത് ശാഫി വഴി ഒരു അര്‍മേനിയന്‍ ഗൈഡിനെ സംഘടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കാറില്‍ അടുത്തുള്ള സിറ്റിയുടെ പ്രധാന ആകര്‍ഷണങ്ങളായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് റൂം ചെക്ക് ഇന്‍ ചെയ്യുന്നതിനുമുന്‍പുതന്നെ പുറപ്പെട്ടു. 

placeholder
സക്കസ്‌ദോര്‍

നഗര ഹൃദയത്തിലെ കാസ്‌കേഡ് കോംപ്ലക്സ് ആയിരുന്നു ആദ്യം സന്ദര്‍ശിച്ചത്. ഒരു മലയുടെ മുകളിലേക്ക് അനേകം പടികളോടെ പാതകള്‍ നിര്‍മിച്ചുകൊണ്ട് അതിനെ തട്ടുതട്ടായി വേര്‍തിരിച്ച് ഭംഗിയുള്ള പൂന്തോട്ടങ്ങളാല്‍ അലങ്കരിച്ചൊരു മനോഹരമായൊരു നിര്‍മിതി. ഓരോ തട്ടിലും മലയുടെ ഉള്ളിലേക്കായി തുരന്നുനിര്‍മിച്ച പഴയ കെട്ടിടമെന്ന് തോന്നിപ്പിക്കുന്ന നിര്‍മിതികളുടെ പുറത്ത് പീരങ്കികളും കാണാം. പടികള്‍കയറി മലയുടെ മുകളിലെത്തിയാല്‍ യെരേവാന്‍ നഗരത്തിന് ഒരു പനോരമിക്ക് ദൃശ്യമാണ്. കാസ്‌കേഡ് കോംപ്ലക്സ് കണ്ടശേഷം നഗരത്തിലെ പ്രധാന ഇടമായ റിപ്പബ്ലിക്ക് സ്‌ക്വയറും അര്‍മേനിയന്‍ വംശഹത്യയുടെ ഓര്‍മതുടിക്കുന്ന മന്ദിരവും സന്ദര്‍ശിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ കൊല്ലപ്പെട്ട അര്‍മേനിയക്കാര്‍ക്കുള്ള ആദരവായാണ് 1967 - ല്‍ സിറ്റ്‌സെര്‍നകാബെര്‍ഡ് കുന്നില്‍ ഈ സമുച്ചയം നിര്‍മിച്ചത്. ഹ്രസ്ദാന്‍ നദിക്കരയിലുള്ള മൂന്നു കുന്നുകളിലൊന്നിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 144 അടി ഉയരമുള്ള ഈ സ്മാരകം 12 സ്ലാബുകള്‍ ഒരു വൃത്തത്തില്‍ ക്രമീകരിച്ച രീതിയിലാണ് നിര്‍മിച്ചത്. ഓരോ സ്ലാബും ഓരോ പ്രവിശ്യയെ പ്രതിനിധാനം ചെയ്യുന്നു. ഈ പ്രവിശ്യകള്‍ പലതും ഇന്ന് തുര്‍ക്കിയുടെ അധീനതയിലാണ്. നിര്‍മിതിയുടെ മാധ്യഭാഗത്ത് കൊല്ലപ്പെട്ടവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു നിത്യജ്വാലയുമുണ്ട്.

അര്‍മേനിയന്‍ കൂട്ടക്കൊലയുടെ ഓര്‍മ

പാശ്ചാത്യ രാഷ്ട്രീയത്തിലിന്നും ചര്‍ച്ചചെയ്യപ്പെടുന്ന 100 വര്‍ഷം മുന്‍പുള്ള ദാരുണമായ സംഭവമാണ് അര്‍മേനിയന്‍ കൂട്ടക്കൊല. 1915 മുതല്‍ 1920 കാലത്ത് ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തില്‍ തുര്‍ക്കിയിലെ ലക്ഷക്കണക്കിന് അര്‍മേനിയന്‍ വംശജരെ കൂട്ടക്കൊലചെയ്ത സംഭവമാണ് അര്‍മേനിയന്‍ കൂട്ടക്കൊലയായി അറിയപ്പെടുന്നത്. 

ഉച്ച ഭക്ഷണത്തിനുശേഷമാണ് റിപ്പബ്ലിക്ക് സ്‌ക്വയറിനടുത്തായി ബുക്ക് ചെയ്തിരുന്ന റൂം ചെക്ക് ഇന്‍ ചെയ്തത്. യെരേവാന്‍ നഗരത്തില്‍ കൂടുതലും പഴയ കെട്ടിടങ്ങളാണ്. അത്തരമൊരു കെട്ടിടത്തില്‍ ചെറിയ ചിലവില്‍ നല്ല സൗകര്യമുള്ള മുറിയാണ് ലഭിച്ചത്. റൂമിലെത്തി ഫ്രഷായശേഷം ഗാര്‍ണി ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു.

placeholder
ലേഖകന്‍ അര്‍മേനിയന്‍ തലസ്ഥാനമായ യേരേവാനില്‍

ഗാര്‍ണിയിലേക്ക്

യെരേവാന്‍ നഗരത്തില്‍നിന്നും 30 കിലോമീറ്റര്‍ സഞ്ചരിച്ചാലാണ് ഗാര്‍ണിയിലെത്തുക. യെരേവാന്‍ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലൂടെ നീങ്ങി ഹെസ്ദാന്‍ നദിയുടെ തീരത്തിലൂടെ മലകളും താഴ്വരകളും താണ്ടി ഗാര്‍ണിയിലെത്തി. ബി.സി മൂന്നാം നൂറ്റാണ്ടുമുതലുള്ള ചരിത്രം ഈ നഗരത്തിന് പറയാനുണ്ട്. ഗ്രീക്കോ - റോമന്‍ കാലഘട്ടത്തിലെ ഒരു കോട്ട നഗരമായിരുന്നു ഗാര്‍ളി. ഇവിടെയാണ് വാസ്തുശില്‍പത്തില്‍ പേരുകേട്ട ഗാര്‍ളി ക്ഷേത്രമുള്ളത്. ഇതിന്റെ പ്രധാന ഭാഗങ്ങളെല്ലാം 1600 - ലുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നിരുന്നു. അവശേഷിച്ച ഭാഗം അര്‍മേനിയയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റി. പരിസര ഗ്രാമങ്ങളിലെ പരമ്പരാഗത അര്‍മേനിയന്‍ ജീവിതങ്ങള്‍, അവരുടെ ഭക്ഷണങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന പലതും ആസ്വാദ്യകരമായി ഇവിടെയുണ്ട്.

placeholder
ഗാര്‍ളി ക്ഷേത്രം

യെരേവാന്‍ നഗരത്തിലെ പുതുവര്‍ഷാഘോഷം

നേരമിരുട്ടി, യെരേവാന്‍ നഗരത്തിലേക്കുതന്നെ മടങ്ങുകയാണ്. വഴിയോരങ്ങളില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന കാഴ്ചകള്‍. നഗരത്തിന്റെ പ്രധാന കേന്ദ്രമായ റിപ്പബ്ലിക്ക് സ്‌ക്വയറിലാണ് പുതുവര്‍ഷാഘോഷം നടക്കുന്നത്. റൂമിലെത്തി വിശ്രമിച്ചശേഷം റിപ്പബ്ലിക്ക് സ്‌ക്വയറിലേക്ക് പുറപ്പെട്ടു. വഴിയോരങ്ങളൊക്കെ പ്രകാശപൂരിതം. നല്ല തണുപ്പായിട്ടും ആബാലവൃദ്ധ ജനങ്ങളും തെരുവുകളില്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. സംഗീതവും നൃത്തവും ആഘോഷങ്ങളുമായി നഗരമാകെ സജീവം. നാലുവശത്തും ഒരേ രൂപശൈലിയിലുള്ള മനോഹരമായ കെട്ടിടങ്ങളാണ് റിപ്പബ്ലിക്ക് സ്‌ക്വയറിലുള്ളത്. 12 മണിയായപ്പോള്‍ അതിലൊരു കെട്ടിടത്തിലുള്ള വലിയ ഘടികാരത്തില്‍ നിന്നും മണിയൊച്ച മുഴങ്ങി. തൊട്ടുപിന്നാലെ നാലുഭാഗത്തുനിന്നും കരിമരുന്നും തുടങ്ങി. ജനങ്ങള്‍ ആലിംഗനം ചെയ്തും ആശംസകള്‍ കൈമാറിയും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളും റിപ്പബ്ലിക്ക് സ്‌ക്വയറിലെ ആഘോഷരാവില്‍ പങ്കെടുത്തു. അങ്ങനെ പുതുവര്‍ഷം സ്വന്തം നാട്ടില്‍ ആഘോഷിച്ച പ്രതീതിയായി.

ക്രിസ്റ്റാനിറ്റിയെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ച അര്‍മേനിയ പല കാലങ്ങളിലായി അധിനിവേശ ശക്തികളാണ് ഭരിച്ചത്. 1991 -ല്‍ സോവിയറ്റ് യൂണിയനില്‍നിന്നും വേര്‍പെട്ട് സ്വതന്ത്ര റിപ്പബ്ലിക്കായ് മാറി. ചരിത്ര പ്രാധാന്യമുള്ള പുരാതന ശേഷിപ്പുകളുടെ രാജ്യമാണ് അര്‍മേനിയ. മൊണാസ്ട്രികളും സെമിനാരികളും പത്രിയാര്‍ക്കീസിന്റെ കൊട്ടാരവുമായൊക്കെയുള്ള പുരാതന നഗരങ്ങളുടെ രാജ്യം. ലോകത്തിലെ ഏറ്റവും പുരാതനവും ആദ്യത്തേതുമായ 'യെച്മിയാസിന്‍' എന്നറിയപ്പെടുന്ന കത്രീഡല്‍ ഇവിടെയാണുള്ളത്. അങ്ങിനെയുള്ള ഒരു മൊണാസ്ട്രിയിലേക്കായിരുന്നു അടുത്തദിവസത്തെ യാത്ര.

placeholder
മക്‌വാരി നദി

പഴമയുടെ തെരുവ്

അര്‍മേനിയന്‍ - തുര്‍ക്കി അതിര്‍ത്തികള്‍ക്കടുത്ത് അറാറാത്ത് പര്‍വത നിരകളുടെ അടുത്താണ് കോര്‍വിറാപ്പ് മോണാസ്ട്രി നിലകൊള്ളുന്നത്. മതഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ നോഹയുടെ പേടകം ( നൂഹ് നബിയുടെ കപ്പല്‍ ) അറാറാത്ത് പര്‍വത നിരകളിലാണ് പ്രളയശേഷം എത്തപ്പെട്ടതെന്ന് കരുതപ്പെടുന്നു. കോര്‍വിറാപ്പ് മൊണാസ്ട്രിയില്‍ നിന്നും ഇപ്പോള്‍ തുര്‍ക്കിയുടെ ഭാഗമായ അറാറാത്ത് പര്‍വത നിരകള്‍ ആസ്വദിച്ചു. അര്‍മേനിയന്‍ ഗ്രാമങ്ങളിലൂടെ സാകാസ്ദോര്‍ ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വഴിയോരങ്ങളിലും വാഹനങ്ങളിലും വില്‍പ്പന നടത്തുന്നു. ചിലയിടങ്ങളില്‍ ലാവാഷ് എന്നറിയപ്പെടുന്ന റൊട്ടികളുടെ കടകളുമുണ്ട്. അസര്‍ബെയ്ജാനിലെപ്പോലെ വിന്റേജ് കാറുകള്‍ അര്‍മേനിയിലും കാണാം. പഴയ റഷ്യന്‍ നിര്‍മിത വാഹനങ്ങളാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. പഴയ മോഡല്‍ ലാഡയും ബെന്‍സുമൊക്കെ നിരത്തുകളില്‍ ധാരാളമായി കാണാം.

സാകാസ്ദോര്‍ എന്നത് ഒരു മഞ്ഞുപ്രദേശമാണ്. അതിനാല്‍ മഞ്ഞില്‍ പ്രദര്‍ശിപ്പിക്കുന്ന വിനോദങ്ങളും ഇവിടെയുണ്ട്. മഞ്ഞുമലകളുടെ മുകളിലേക്ക് ഓപ്പണ്‍ റോപ് വേയില്‍ അല്‍പ്പം സാഹസികതയോടെ യാത്രചെയ്യുകയും ചെയ്തു. മനോഹരമായ സാകാസ്ദോര്‍ മഞ്ഞുമലകളില്‍ നേരമിരുട്ടുന്നതുവരെ മഞ്ഞിലുള്ള വിനോദങ്ങളും തുടര്‍ന്നു. ശേഷം സേവാന്‍ലേക്കും അടുത്തുള്ള മൊണാസ്ട്രിയും സന്ദര്‍ശിച്ച് യെരേവാനിലേക്കുമടങ്ങി.
പിറ്റേന്ന് ജോര്‍ജിയിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് യെരേവാന്‍ നഗരഹൃദയത്തിലുള്ള പ്രധാന പള്ളിയായ ബ്ലൂ മോസ്‌ക്കും സന്ദര്‍ശിച്ചു. 1765 - ല്‍ നഗരത്തിന്റെ ഗവര്‍ണര്‍ ആയിരുന്ന ഹുസൈന്‍ അലി ഖാന്റെ നേതൃത്വത്തിലാണ് പള്ളി നിര്‍മിച്ചത്. 1996 - ല്‍ ഇറാന്‍ ഗവണ്‍മെന്റ് ഇത് പുനര്‍ നിര്‍മിച്ചു. പേര്‍ഷ്യന്‍- ഇസ്ലാമിക് വാസ്തു ശൈലിയില്‍ നിര്‍മിച്ച പള്ളിയ്ക്കുചുറ്റുമുള്ള കെട്ടിടങ്ങളും യെരേവാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. കൂടാതെ ലൈബ്രറിയും ഫോട്ടോ ഗാലറിയുമടക്കം നിരവധി കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. യെരേവാനിലെ പ്രധാന ആരാധന കേന്ദ്രവുമാണ് ഈ പള്ളി.

അര്‍മേനിയയോട് വിട

മൂന്നുദിവസത്തെ അര്‍മേനിയന്‍ പര്യടനത്തിനുശേഷം മറ്റൊരു കോക്കസസ്സ് രാജ്യത്തേക്ക് പുറപ്പെടുകയാണ്. അതിര്‍ത്തി കടക്കുന്നതിനുമുന്‍പ് കറന്‍സി മാറ്റി. ഡോളറും ദിര്‍ഹവും കയ്യില്‍ ബാക്കിയുണ്ടായിരുന്ന അര്‍മേനിയന്‍ ട്രാമുമൊക്കെ ജോര്‍ജിയന്‍ കറന്‍സിയാക്കി. റോഡുമാര്‍ഗ്ഗം അതിര്‍ത്തി കടന്നു. ജോര്‍ജിയയില്‍ യു.എ.ഇ. റെസിഡന്‍സ് വിസയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഫ്രീ വിസയാണ്. കൂടുതല്‍ സമയമെടുക്കാതെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജോര്‍ജിയയില്‍ പ്രവേശിച്ചു. ഇനി തിബിലീസിയിലേക്കുള്ള യാത്രയാണ്. ജോര്‍ജിയയുടെ തലസ്ഥാനമായ തിബിലീസിയിലേക്ക് ഗ്രാമങ്ങളുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട് യാത്ര തുടര്‍ന്നു.

placeholder
ജോര്‍ജിയയിലെ ജുവാരി മൊണാസ്ട്രി

ജോര്‍ജിയയില്‍

വൈകീട്ടോടെ ജോര്‍ജിയയുടെ തലസ്ഥാനമായ തിബിലിസിയിലേക്കെത്തി. പാറക്കെട്ടുകള്‍ നിറഞ്ഞൊരു മനോഹര പട്ടണം. ഭംഗിയുള്ള പാതകളും പഴയതും പുതിയതുമായ മനോഹരമായ കെട്ടിടങ്ങളുമുള്ള യൂറോപ്യന്‍ പ്രൗഢിയുള്ളൊരു നഗരമാണിത്. ഓള്‍ഡ് തിബിലിസിക്കടുത്തുതന്നെ ഓണ്‍ലൈന്‍ വഴി ഹോം സ്റ്റേ ബുക്ക് ചെയ്തിരുന്നു. ഹോം സ്റ്റേയ്ക്ക് സമീപത്തായി മുന്തിരിവള്ളികളും അനാറിന്റെ ചെടികളുമൊക്കെ നിറഞ്ഞൊരിടം. സീസണ്‍ അല്ലാത്തതിനാല്‍ മുന്തിരി ഉണങ്ങിയിട്ടുണ്ട്. അര്‍മേനിയയെ അപേക്ഷിച്ച് ജോര്‍ജിയയില്‍ ചെലവുകുറഞ്ഞതും സൗകര്യവും വൃത്തിയുള്ളതുമായ ഹോം സ്റ്റേ ആണ് കിട്ടിയത്. ചെറുതായി വിശ്രമിച്ചശേഷം ഓള്‍ഡ് തിബിലിസിയുടെ രാത്രി ആസ്വദിക്കാന്‍ പുറപ്പെട്ടു.

തിബിലിസി നഗരം പൂര്‍ണമായും പ്രകാശപൂരിതമാണിപ്പോള്‍. അവര്‍ ക്രിസ്മസിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് പ്രകാരം ജനുവരി ഏഴിനാണ് ക്രിസ്തു ജനിച്ചതെന്ന് കരുതപ്പെടുന്നു. അതിനാല്‍ ഡിസംബര്‍ 25 - നു പകരം ജനുവരി ഏഴിനാണ് ഇവിടെ ക്രിസ്മസ് ആഘോഷം. ജോര്‍ജിയന്‍ ജനസംഖ്യയില്‍ കൂടുതല്‍ ഓര്‍ത്തഡോക്സ് വിശ്വാസികളാണ്. പിന്നെ ഇസ്ലാം ,ക്രിസ്ത്യന്‍ സഭാ വിശ്വാസികളുമാണ്. തിബിലിസിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഓള്‍ഡ് തിബിലീസി. പഴയ പേര്‍ഷ്യന്‍ - സോവിയറ്റ് ചരിത്രങ്ങളുടെ നഗരം. ഒരു വിന്റേജ് ദൃശ്യമാണ് ഓള്‍ഡ് തിബിലീസിനുള്ളത്. കെട്ടിടങ്ങളും തെരുവ് കച്ചവടക്കാരും വിന്റേജ് കാറുകളുമൊക്കെ ഈ ദൃശ്യങ്ങള്‍ക്ക് ചാരുത കൂട്ടുന്നു. ഗ്ലാസ് ബ്രിഡ്ജും ബ്ലൂ മോസ്‌കും നഗരത്തിന് മുകളിലൂടെയുള്ള കേബിള്‍ കാറുമൊക്കെ ഇവിടുത്തെ പ്രധാന ആകര്‍ഷങ്ങളാണ്. കേബിള്‍ കാര്‍ അവസാനിക്കുന്നത് മദര്‍ ഓഫ് ജോര്‍ജിയിലാണ്. 1958 ല്‍ ജോര്‍ജിയന്‍ തലസ്ഥാനമായ തിബിലീസിയുടെ വാര്‍ഷികത്തോടനുബന്ധിച്ചു സ്ഥാപിച്ച കൂറ്റന്‍ പ്രതിമയാണ് മദര്‍ ഓഫ് ജോര്‍ജിയ. ഒരു കയ്യില്‍ വീഞ്ഞും മറുകയ്യില്‍ വാളുമായി നില്‍ക്കുന്ന വിധത്തിലാണ് പ്രതിമ സ്ഥാപിച്ചത്. ജോര്‍ജിയന്‍ ആതിഥ്യമര്യാദയുടെയും പോരാട്ട വീര്യത്തിന്റെയും പ്രതീകമായി പ്രതിമ നിലകൊള്ളുന്നു.

തിബിലീസി നഗരത്തിന്റെ രാത്രിസൗന്ദര്യം ആസ്വദിച്ചശേഷം പിറ്റേന്ന് ബുജ്‌റോമി, ബാക്കുറിയാണി തുടങ്ങിയ സ്ഥലങ്ങളായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഉദ്ദേശിച്ച ട്രെയിന്‍ യാത്രനിര്‍ത്തിയതിനാല്‍ പദ്ധതി മാറ്റേണ്ടിവന്നു. നേരെ 'ഗുദൗരി' പോകാനായി പെട്ടന്ന് ലഭ്യമാകുന്ന ഒരു ടൂര്‍ ഗൈഡിനെ ലഭിക്കാന്‍ താമസിച്ചിരുന്ന വീട്ടുടമയുടെ സഹായം തേടി. അങ്ങിനെ മല്‍ക്കാസി എന്ന ടൂര്‍ ഗൈഡിനെ ലഭിച്ചു. കേരളത്തില്‍നിന്നുള്ള സഞ്ചാരികളെ ഏറെ പരിചയമുള്ള മല്‍ക്കാസി കേരളത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്തു. യാദൃച്ഛികമായെത്തിയ ഈ ടൂര്‍ ഗൈഡ് സ്ഥലങ്ങളെല്ലാം വിശദമായി വിവരിച്ചുനല്‍കി. നല്ലൊരു യാത്രയുടെ അനുഭവമുണ്ടാക്കുകയും ചെയ്തു. പോകുന്ന സ്ഥലങ്ങളുടെ ചരിത്ര പശ്ചാത്തലങ്ങളും സംസ്‌കാരങ്ങളും ഭക്ഷണ രീതികളും കലകളും ഗൈഡ് വിവരിച്ചു.

തിബിലിസിയില്‍ നിന്ന് ഏകദേശം രണ്ടുമണിക്കൂര്‍ അകലെയുള്ള സ്‌നോ റിസോര്‍ട്ട് കേന്ദ്രമാണ് ഗദൗരി. ജോര്‍ജിയയില്‍ വിന്റര്‍ സീസണ്‍ ചിലവഴിക്കാവുന്ന ഏറ്റവും നല്ല സ്ഥലം. പാരാഗ്ലൈഡിങ്, സ്‌കൈറ്റിങ് കേബിള്‍ കാര്‍, റോപ്പ് വേ തുടങ്ങി അനേകം ആക്റ്റിവിറ്റികള്‍ ഉള്ള പ്രകൃതി രമണീയമായ പര്‍വത പ്രദേശമാണിത്. ഗാദൗരിയുടെ വഴികളില്‍ ഒട്ടേറെ ട്രക്കുകള്‍ സഞ്ചരിക്കുന്നത് കാണാം. റഷ്യയിലേക്കും തിരിച്ചുമുള്ള ചരക്കുകളാണ് കൊണ്ടുപോകുന്നത്. ജോര്‍ജിയ്ക്ക് പുറമെ അര്‍മേനിയ, കിര്‍ഗിസ്താന്‍, കസാഖ്‌സ്താന്‍ തുടങ്ങി ഒട്ടേറെ രാജ്യങ്ങളുടെ ട്രക്കുകള്‍ ഈ വഴിയില്‍ പോകുന്നു. ഒരു ദിവസം മുഴുവന്‍ ഗാദൗരിയില്‍ ചിലവഴിച്ചശേഷം തിരിച്ചു തിബിലീസിയിലെത്തി. ജോര്‍ജിയയിലെ പ്രശസ്തമായ സമീബ ചര്‍ച്ചുകൂടി സന്ദര്‍ശിച്ചശേഷം മുറിയിലെത്തി.

placeholder
ഗോറിയ

ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന കത്തീഡ്രലാണ് സമീബ എന്നറിയപ്പെടുന്ന ഹോളി ട്രിനിറ്റി കത്തീഡ്രല്‍. 1995 നും 2004 നുംമിടയില്‍ നിര്‍മ്മിച്ച കത്തീഡ്രല്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലുമാണ്. മൊത്തം വിസ്തീര്‍ണം അനുസരിച്ച് ഏറ്റവും വലിയ മതപരമായ കെട്ടിടങ്ങളിലൊന്നുമാണ്. ചരിത്രത്തിലെ വിവിധ ഘട്ടങ്ങളില്‍ ജോര്‍ജിയന്‍ ചര്‍ച്ച് വാസ്തുവിദ്യയില്‍ ആധിപത്യം പുലര്‍ത്തുന്ന പരമ്പരാഗത ശൈലികളുടെ ഒരു സമന്വയമാണ് സമീബ. ഇനി കുതൈസിയാണ് ലക്ഷ്യം. കുതൈസിയില്‍ നിന്നാണ് മടക്കയാത്രയുടെ വിമാനം. പോകുന്ന വഴിയില്‍ ഗോറിയും ജുവാരി കത്രീഡലുമൊക്കെ സന്ദര്‍ശിക്കേണ്ടതുണ്ട്. അതുകൊണ്ട് മല്‍കാസിയെ തന്നെ ഗൈഡായി കൂട്ടി. സ്ഥലങ്ങളുടെ ചരിത്രവും വര്‍ത്തമാനവും വിവരിക്കാന്‍ മല്‍ക്കാസി തന്നെ മികച്ച ആള്‍.

നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ജോര്‍ജിയയില്‍ ക്രിസ്തുമതം പ്രചരിപ്പിച്ച സെന്റ് നീനോയുടെ കാര്‍മികത്വത്തില്‍ നിര്‍മിക്കപ്പെട്ട മോണാസ്ട്രിയാണ് ജുവാരി മോണാസ്ട്രി. ജുവാരി എന്ന ജോര്‍ജിയന്‍ വാക്കിനര്‍ത്ഥം കുരിശ് എന്നാണ്. മലമുകളിലുള്ള മനോഹരമായ ഈ മോണാസ്ട്രി ഇന്ന് ജോര്‍ജിയയിലെ പ്രധാന വിനോദകേന്ദ്രമാണ്. കോക്കസസിന്റെ തെക്കുചരിവുകളിലൂടെ ഒഴുകി കിഴക്ക് കാസ്പിയന്‍ കടലിലെത്തുന്ന നദിയും കാണാം. വടക്കുകിഴക്കന്‍ തുര്‍ക്കിയില്‍നിന്നാരംഭിച്ച് തുര്‍ക്കിയിലൂടെ ജോര്‍ജിയയിലേക്കും പിന്നീട് അസര്‍ബെയ്ജാനിലേക്കും ഒഴുകിയാണ് കാസ്പിയന്‍ കടലിലേക്ക് ഈ നദി പ്രവേശിക്കുന്നത്.

സ്റ്റാലിന്റെ ഗോറിയയിലേക്ക്

placeholder
സ്റ്റാലിന്‍ ഉപയോഗിച്ചിരുന്ന ട്രെയിന്‍

കമ്മ്യൂണിസ്റ്റ് വിപ്ലവകാരി ജോസഫ് സ്റ്റാലിന്റെ ജന്മനാടായ ഗോറിയ ആയിരുന്നു അടുത്ത സന്ദര്‍ശനകേന്ദ്രം. സോവിയറ്റ് യൂണിയനില്‍ നിന്നും സ്വാതന്ത്രംനേടിയ ജോര്‍ജിയ ഇന്നും റഷ്യയോട് നല്ല ചേര്‍ച്ചയിലല്ല. സ്റ്റാലിന്റെ ആശയങ്ങളോട് യോജിക്കുന്നവരല്ല ഭൂരിഭാഗം ഓര്‍ത്തോഡോക്‌സ് വിശ്വാസികളുള്ള ജോര്‍ജിയക്കാര്‍ എന്ന് മല്‍ക്കസി പറഞ്ഞു. സ്റ്റാലിന്‍ മ്യൂസിയവും വീടും ലോക മഹായുദ്ധകാലത്ത് സ്റ്റാലിന്‍ ഉപയോഗിച്ച ട്രെയിന്‍ ബോഗിയുമൊക്കെ കണ്ടു. ഗ്രാമങ്ങളും ചെറു പട്ടണങ്ങളും താണ്ടി ഖുതൈസിയിലേക്കുള്ള യാത്ര തുടര്‍ന്നു. ഇടയ്ക്ക് പെയ്ത മഴ യാത്രയുടെ സൗന്ദര്യം കൂട്ടി. വഴിയോരങ്ങളില്‍ ജോര്‍ജിയന്‍ പതാകകള്‍ക്കൊപ്പം യൂറോപ്യന്‍ യൂണിയന്റെ പതാകളും കാണാം. വൈകീട്ട് കുതൈസിയിലെത്തി. നേരെ പ്രോമിത്യുസ് കേവിലേക്കായിരുന്നു പോയത്. സോവിയറ്റ് യൂണിയനും അമേരിക്കയുമായുള്ള ശീതയുദ്ധകാലത്ത് അമേരിക്കയുടെ ആണവ ഭീഷണിയില്‍ നിന്നും രക്ഷപ്പെടാനായി നിര്‍മിച്ച ഭൂഗര്‍ഭ അറകളും കണ്ടു. ഭൂഗര്‍ഭ അറകളിലൂടെ ഒരുമണിക്കൂര്‍ ദൂരം സഞ്ചരിക്കാനുണ്ട്. സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്ത ദൂരംമാത്രമാണിത്. ദിനോസറുകളുടെ വാസസ്ഥലമായും അറകളെ കരുതപ്പെടുന്നുണ്ട് . ദിനോസറുകളുടെ കാലടിപ്പാടുകള്‍ ലഭിച്ച രാജ്യങ്ങളിലൊന്നാണ് ജോര്‍ജിയ.

placeholder
കുതൈസി

മടക്കം

കുതൈസി യാത്രകഴിഞ്ഞ് മല്‍കാസിയോട് യാത്ര പറഞ്ഞു. നേരത്തെയുള്ള ഹോം സ്റ്റേയിലെത്തി. കുതൈസിയില്‍ നല്ല മഴയായിരുന്നു. പുറത്ത് തകര്‍ത്തുപെയ്യുന്ന മഴനോക്കി ബാല്‍ക്കണിയില്‍ നിന്നു. ഇരുരാജ്യങ്ങളും കണ്ടാസ്വദിച്ച നല്ല ഓര്‍മകളുമായി പിറ്റേന്ന് ദുബായിലേക്ക് മടക്കയാത്രയ്‌ക്കൊരുങ്ങി. കുതൈസി അന്തരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും അബുദാബി ലക്ഷ്യമാക്കി വിസ് എയര്‍ പറന്നുയര്‍ന്നപ്പോള്‍ താഴെ കാക്കസസ്സ് പര്‍വത നിരകളെ നോക്കി അടുത്ത യാത്രക്കുള്ള മനക്കോട്ട കെട്ടി.