കൊടുങ്ങല്ലൂർ : ബൈപാസിലെ സി.ഐ. ജങ്ഷനിൽ ആറുവരിപ്പാത നിർമാണത്തിലെ അപാകംമൂലം ലോകമലേശ്വരം - ശൃംഗപുരം കാനലിൽ സി.ഐ. ജങ്ഷനിൽ നീരൊഴുക്ക് നിലച്ച് വെള്ളക്കെട്ട് രൂപം കൊണ്ടു.

To advertise here,

മലിനജലവും മാലിന്യവും നിറഞ്ഞ് പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും കൊതുകുശല്യവും ജനജീവിതം ദുസ്സഹമാക്കിയതായി പരാതി. 2014-ൽ ബൈപാസ് നിർമിച്ചപ്പോൾ റോഡിനടിയിലൂടെ കനാലിന്റെ അതേ വീതിയിൽ കോൺക്രീറ്റ്‌ ചെയ്ത വീതിയേറിയ കനാലുണ്ടാക്കിയിരുന്നു. ഇതിലൂടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ശൃഗപുരം തോട്ടിലേക്ക് സുഗമമായി ഒഴുകിപ്പോകുമായിരുന്നു.

എന്നാൽ, ആറുവരിപ്പാതയുടെ ഭാഗമായി റോഡിനുകുറുകേ ബോക്സുകൾ സ്ഥാപിച്ചതിലെ അപാകങ്ങളാണ് നീരൊഴുക്ക് തടസ്സപ്പെടാൻ പ്രധാന കാരണം. ഒരു മഴപെയ്താൽ പോലും ജങ്ഷന്റെ പിഞ്ഞാറുഭാഗം വലിയ വെള്ളക്കെട്ടാണ്. പടിഞ്ഞാറോട്ട് പോകുന്ന റോഡിലൂടെ തോടുപോലെ വെളളം ഒഴുകുകയാണ്.

അടിഭാഗം കോൺക്രീറ്റ് ചെയ്തിട്ടുള്ള വീതികൂടിയ തോട്ടിൽ രണ്ടു ചെറിയ ബോക്സുകളാണ് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്. ഇതു നിലവിലുള്ള റോഡുമായി യോജിക്കുന്നില്ല. കനാലിന്റെ അടിഭാഗം കോൺക്രീറ്റ് ചെയ്തതിനാൽ വെള്ളം താഴേക്കിറങ്ങാതെ കരിങ്കൽപ്പാളികൾക്കിടയിലൂടെ ഒഴുകിയിറങ്ങി സമീപത്തെ പറമ്പുകളിലും മറ്റും എത്തുകയാണ്. ഇതാടെ പ്രദേശത്തെ ശുദ്ധജലസ്രോതസ്സുകളും മറ്റും ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണ്.