എടക്കുളം : തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അവുണ്ടർചാലിലെ ചണ്ടിയും കുളവാഴകളും നീക്കാൻ കൊണ്ടുവന്ന യന്ത്രം തകരാറിലായി. കാർഷിക യന്ത്രവത്കരണ മിഷൻ (കെ.എസ്.എ.എം.എം.) സഹായത്തോടുകൂടി ഹൈഡ്രോളിക് മിനി എസ്‌കവേറ്റർ എന്ന യന്ത്രത്തിന്റെ, ചെളിയിൽ ഉറപ്പിക്കുന്ന രണ്ടു താങ്ങു കാലുകളിലൊന്നിന്റെ ഒരു ഭാഗമാണ് തകരാറിലായത്.

To advertise here,

കനാലിൽ വളർന്നിട്ടുള്ള ചണ്ടിയും കുളവാഴയും മറ്റു ജലസസ്യങ്ങളും നീക്കം ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. മെഷീൻ ഉപയോഗിച്ച് കനാൽ വൃത്തിയാക്കാൻ തുടങ്ങിയതോടെ അടിയിൽനിന്ന്‌ ചെളിയിളകി യന്ത്രത്തിന്റെ കാൽ അതിൽ താഴുകയായിരുന്നെന്നാണ് പറയുന്നത്. ഇതിനെത്തുടർന്ന് കനാലിലെ ചെളിയും കുളവാഴകളും നീക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്.

2026-27 സാമ്പത്തികവർഷത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും പൂമംഗലം പഞ്ചായത്ത് ഒരു ലക്ഷവുമാണ് പദ്ധതിവിഹിതമായി വകയിരുത്തിയിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി 20 ലക്ഷം രൂപ ചെലവഴിച്ചാണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഷൺമുഖം കനാൽമുതൽ അരിപ്പാലം ചിറവരെയുള്ള അവുണ്ടർച്ചാലും അതിനോടനുബന്ധിച്ചുള്ള ചാലുകളും വൃത്തിയാക്കുന്നത്.

പൂമംഗലം, പടിയൂർ കോൾ കർഷകസംഘത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശത്തെ കൃഷിക്കായി ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സാണ് അവുണ്ടർച്ചാൽ. വർഷങ്ങളായി ചണ്ടിയും കുളവാഴകളും മറ്റു ജലസസ്യങ്ങളും നിറഞ്ഞ് ഈ കനാലിന്റെ സംഭരണശേഷി കുറഞ്ഞ് പാടശേഖരസമിതികളിലേക്ക് ഷൺമുഖം കനാലിൽനിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. കനാൽ പൂർണമായും വൃത്തിയാക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പണി നടത്തുന്നത്.

കാലിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി അടുത്തയാഴ്ച മുതൽ ചണ്ടിനീക്കൽ പുനരാരംഭിക്കുമെന്നും യോഗം വിളിക്കുമെന്നും വെള്ളാങ്ങല്ലൂർ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് വത്സലാ ബാബു പറഞ്ഞു. ഈ മേഖലയിലെ തരിശ്ശിട്ടിരിക്കുന്ന ഭൂമി കൃഷിയോഗ്യമാക്കാനും കുടിവെള്ളത്തിന്റെ സ്രോതസ്സ് സംരക്ഷിക്കാനും വെള്ളക്കെട്ടൊഴിവാക്കാനും ഈ പദ്ധതിയുടെ പൂർത്തീകരണത്തോടെ കൈവരിക്കാൻ സാധിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.