വർക്കല : നഗരസഭാ പരിധിയിലെ മാർത്തോമാ പള്ളി-തൊടുവേ റോഡ് വർഷങ്ങളായി തകർച്ചയിൽ. റോഡ് ആരംഭിക്കുന്ന ഭാഗം മുതൽ അവസാനിക്കുന്നിടംവരെ ഒരുപോലെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ജനങ്ങൾ ഏറെനാളുകളായി ഇതുവഴി ദുരിതയാത്ര ചെയ്തിട്ടും റീടാർ ചെയ്ത് നവീകരിക്കാൻ നടപടിയുണ്ടാകുന്നില്ല. നഗരസഭയിലെ 12-ാം വാർഡിലാണ് റോഡുള്ളത്. ഗുഡ് ഷെഡ് റോഡിൽ നിന്നും മാർത്തോമാ പള്ളിയുടെ ഭാഗത്ത് നിന്നാരംഭിച്ച് തൊടുവേയിലാണ് അവസാനിക്കുന്നത്.

To advertise here,

ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള നഗരസഭാ റോഡ് നിരവധി പേരാണ് ആശ്രയിക്കുന്നത്. പുതുതായി നിർമിക്കുന്ന വർക്കല ബൈപ്പാസ് റോഡ് ഈ റോഡിനെ മുറിച്ചുകടന്നാണ് പോകുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തൊടുവേ റോഡ് നിറയെ കുണ്ടും കുഴിയുമാണ്. മേഖലയിലെ ഈ പ്രധാന ഇടറോഡിൽ നിരവധി വളവും ഇറക്കവുമുണ്ട്. ഈ ഭാഗങ്ങളിലെല്ലാം കുഴികളുള്ളതിനാൽ അപകടാവസ്ഥയുമുണ്ട്. പലയിടത്തും ടാറിന്റെ അംശം പോലുമില്ല. ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണ് അപകടങ്ങളുണ്ടാകുന്നു. സ്ത്രീകളാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും.

ചെറുകുന്നം ധർമശാസ്താ ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലേക്ക് പോകുന്നതും ഈ റോഡിലൂടെയാണ്. റോഡിന് ഇരുവശങ്ങളിലും നിരവധി വീടുകളുണ്ട്. താമസക്കാർക്ക് വർക്കലയിലേക്കും തൊടുവേ ഭാഗത്തേക്കും പോകാൻ ഈ റോഡാണ് ആശ്രയം. തൊടുവേ പാലത്തിലൂടെ ശിവഗിരി റോഡിൽ കടക്കാനും കഴിയും. റോഡ് പൂർണമായി തകർന്നിട്ട് വർഷങ്ങളായി. ഇടയ്ക്ക് നവീകരിക്കാൻ കരാർ ആയെങ്കിലും നടന്നില്ല. യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ചാണ് റോഡ് തകർച്ചയിൽ തുടരുന്നത്. അതിനാൽ എത്രയും വേഗം റോഡിന്റെ തകർച്ച മാറ്റി സുഗമയാത്രയ്ക്ക് സൗകര്യമൊരുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.