
2024 കടന്നുപോകുന്നത് സാങ്കേതിക വളര്‍ച്ചയുടെ നിരവധി വിസ്മയങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ്. എന്നാല്‍ ഇത്രയും നാള്‍ കണ്ടതൊന്നുമല്ല ഇനി കാണാന്‍ കിടക്കുന്നതാണ് തികച്ചും ത്രസിപ്പിക്കുന്ന വിപ്ലവങ്ങള്‍. 2024ല്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഒരു യാഥാര്‍ഥ്യമായി ദൈനംദിന ജീവിതത്തില്‍ ഇടപെടാന്‍ തുടങ്ങിയെങ്കില്‍ 2025ല്‍ കാത്തിരിക്കുന്നത് അതിലേറെ വലിയ മാറ്റങ്ങളാണ്. കൂടുതല്‍ കരുത്താര്‍ജിച്ച ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ക്വാണ്ടം കംപ്യൂട്ടിങ്ങുമൊക്കെ നമ്മുടെ ജീവിതം മാറ്റിമറിക്കാനൊരുങ്ങുകയാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും സാങ്കേതികവിദ്യയുടെ വിപ്ലവകരമായ കുതിച്ചുചാട്ടത്തിനാണ് വരും വര്‍ഷം തയ്യാറെടുക്കുന്നത്. നമ്മളുന്നുവരെ അനുവര്‍ത്തിച്ചുവന്ന പല ശൈലികളും പൊളിച്ചെഴുതപ്പെടും. അനുമാനങ്ങളും നിരീക്ഷണങ്ങളും വിശ്വാസങ്ങളുമൊക്കെ മാറിമറിയും. നമ്മുടെ വീക്ഷണകോണുകള്‍ പോലും പരിവര്‍ത്തനത്തിന് വിധേയമാകും. അത്തരത്തില്‍ സംഭവിച്ചേക്കാമെന്ന് കരുതുന്ന ചില സാങ്കേതിക മാറ്റങ്ങള്‍ പരിചയപ്പെടാം.
അജെന്റിക് എഐ, യന്ത്രവും മനുഷ്യനുമൊന്നാകും
2024ല്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍ (എഐ)യുടെ ഉദയത്തിനാണ് സാക്ഷ്യം വഹിച്ചത്. മനുഷ്യരുടെ ഇടപെടലോടെയുള്ള എഐ ( ജനറേറ്റീവ് എഐ)യുടെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴുള്ളതെങ്കില്‍ മനുഷ്യരുടെ നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ തന്നെ സ്വയം ചിന്തിച്ച് പ്രവര്‍ത്തിക്കുന്ന എഐയുടെ വികാസത്തിന് 2025 സാക്ഷിയാകും. എഐ മേഖലയില്‍ നിലവില്‍ നടക്കുന്ന ഗവേഷണങ്ങളും പരീക്ഷണങ്ങളുമൊക്കെ അതിലേക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്. അത് യാഥാര്‍ഥ്യമായാല്‍ ലോകത്തിന്റെ ഗതിയെതന്നെ മാറ്റിമറിക്കുന്ന ഒന്നായി മാറും.
സ്വന്തമായി തീരുമാനങ്ങളെടുക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും കാര്യങ്ങള്‍ പഠിക്കാനും അജെന്റിക് എഐയ്ക്ക് സാധിക്കും. അതിനാല്‍ സങ്കീര്‍ണമായ പല സമസ്യകളും പരിഹരിക്കുന്നതിന് ഇത് മനുഷ്യര്‍ക്ക് സഹായായി മാറും. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ പഠിക്കാനും അതിനനുസരിച്ച് സ്വയം നവീകരിക്കാനും അനുഭവങ്ങളില്‍ പാഠങ്ങള്‍ പഠിച്ച് സമാന സാഹചര്യങ്ങളെ സ്വയം നേരിടാനുമൊക്കെ ഇതിന് സാധിക്കും. ആളില്ലാ വാഹനങ്ങള്‍, വിമാനങ്ങള്‍ തുടങ്ങിയവയില്‍ അജെന്റിക് എഐ സ്ഥാനം പിടിക്കും. ഗതാഗതം, ആരോഗ്യം, വ്യാപാരം തുടങ്ങി മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ ഇതിന്റെ ഉപയോഗം വര്‍ധിച്ചുവരും.
മനുഷ്യന്‍ പൂര്‍ണമായ ജൈവജീവിയെന്ന നിലയില്‍ നിന്ന് സൈബോര്‍ഗുകളായി മാറുന്ന പ്രവണതയ്ക്ക് ശക്തികൂടും. മനുഷ്യ മസ്തിഷ്‌കവും യന്ത്രങ്ങളും കംപ്യൂട്ടറുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള സാങ്കേതിക മാറ്റങ്ങള്‍ കൂടുതലായി സംഭവിക്കും. മനുഷ്യനും യന്ത്രങ്ങളും ഒന്നിച്ചുചേരുന്നത് തീ കത്തിപ്പടരുന്നതിനേക്കാള്‍ വേഗതയിലുള്ള മാറ്റങ്ങള്‍ക്കിടയാക്കും. നിലവില്‍ അത്തരത്തിലുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ആരോഗ്യമേഖലയിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം വ്യാപകമാകുക. തുടര്‍ന്ന് മറ്റ് മേഖലകളിലേക്കും ആയാസം കൂടുതല്‍ വരുന്ന ജേലികളിലേക്കുമൊക്കെ ഈ രീതി വ്യാപകമാകും. അതിന്റെ മൂര്‍ധന്യത്തില്‍ മനുഷ്യന്റെ മസ്തിഷ്‌കവും എഐയും ചേര്‍ന്ന് പ്രവര്‍ത്തിച്ചേക്കാം. മനുഷ്യരും യന്ത്രങ്ങളും തമ്മില്‍ വേര്‍തിരിവില്ലാത്തൊരു ലോകമാണോ വരാന്‍ പോകുന്നതെന്ന സംശയം പോലും ജനിപ്പിക്കാവുന്ന മാറ്റങ്ങള്‍ക്ക് 2025 വഴിതുറക്കും.
ക്വാണ്ടം കംപ്യൂട്ടിങ്
2024 എഐയുടെ നിത്യജീവിതത്തിലേക്കുള്ള കടന്നുവരവിനാല്‍ രേഖപ്പെടുത്തപ്പെട്ടെങ്കില്‍ 2025 അറിയപ്പെടാന്‍ പോകുന്നത് ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ പേരിലാകും. നിലവില്‍ സൈദ്ധാന്തിക തലത്തില്‍ മാത്രമൊതുങ്ങിനില്‍ക്കുന്ന ക്വാണ്ടം കംപ്യൂട്ടിങ് യാഥാര്‍ഥ്യമാകുന്നതിന് നമ്മള്‍ സാക്ഷ്യം വഹിക്കും. പരമ്പരാഗത കംപ്യൂട്ടര്‍ വിശകലന പ്രക്രിയയെ അടിമുടി മാറ്റിമറിക്കുന്ന വിപ്ലവരമായ മാറ്റമാണ് ക്വാണ്ടം കംപ്യൂട്ടിങ്ങിലൂടെ സംഭവിക്കാന്‍ പോകുന്നത്. ഒരു സാധാരണ കമ്പ്യൂട്ടറിന്റെ മെമ്മറി ബിറ്റുകള്‍ കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. ഒരു ബിറ്റിന് 1, 0 ഇവയില്‍ ഏതെങ്കിലും ഒരു വില മാത്രമാണ് ഒരേ സമയം എടുക്കാന്‍ സാധിയ്ക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ വിശകലനശേഷിയും പരിമിതമാണ്. എന്നാല്‍ ക്വാണ്ടം കംപ്യൂട്ടിങ് ഈ പരമ്പരാഗത രീതിയെ അടിമുടി മാറ്റിമറിക്കും.
ക്വാണ്ടം ബലതന്ത്രത്തിലെ അടിസ്ഥാന ആശയങ്ങളായ ക്വാണ്ടം സൂപ്പര്‍ പൊസിഷന്‍ (Quantum super position) ക്വാണ്ടം എന്റാങ്ഗിള്‍മെന്റ് (quantum entanglement) തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിയ്ക്കുന്ന കമ്പ്യൂട്ടിങ് ആണ് ക്വാണ്ടം കമ്പ്യൂട്ടിങ്. സാധാരണ ഡിജിറ്റല്‍ കംപ്യൂട്ടറുകളില്‍ രണ്ടു സ്റ്റേറ്റുകള്‍ (0 അല്ലെങ്കില്‍ 1) മാത്രമുള്ള ബിറ്റുകളിലേക്കാണ് വിവരം എന്‍കോഡ് ചെയ്യപ്പെടുന്നത്. എന്നാല്‍ ക്വാണ്ടം കമ്പ്യൂട്ടറില്‍ ഇത് ക്യൂബിറ്റുകള്‍ എന്നറിയപ്പെടുന്ന പ്രത്യേകതരം ബിറ്റുകളിലാണ് എന്‍കോഡ് ചെയ്യപ്പെടുന്നത്. ഇത്തരം ബിറ്റുകളില്‍ വിവരങ്ങള്‍ വ്യത്യസ്ത ക്വാണ്ടം അവസ്ഥകളുടെ ഒരു സൂപ്പര്‍പൊസിഷന്‍ അവസ്ഥയിലാണ് ഉണ്ടാവുക. അതിനാല്‍ ഒരു ക്യുബിറ്റില്‍ മാറ്റം വന്നാല്‍ അതുമായി ക്വാണ്ടം എന്റാങ്ഗിള്‍മെന്റ് എന്ന ബന്ധം മൂലം അതുമായി ബന്ധമുള്ള മറ്റ് ക്യുബിറ്റുകളിലും മാറ്റങ്ങളുണ്ടാകും. ഒരു ക്യൂബിറ്റിന് 1, 0 എന്നീ അവസ്ഥകളും അല്ലെങ്കില്‍ ഇവയുടെ ഒരു ക്വാണ്ടം സൂപ്പര്‍പൊസിഷനിലുള്ള അവസ്ഥയും എടുക്കാന്‍ സാധിയ്ക്കും. രണ്ടു ക്യൂബിറ്റുകള്‍ ഉണ്ടെങ്കില്‍ അവയ്ക്ക് 00, 01, 10, 11 എന്നീ 4 ക്വാണ്ടം അവസ്ഥകളുടെ സൂപ്പര്‍പൊസിഷനുകള്‍ എടുക്കാന്‍ സാധിക്കും. മൂന്നെണ്ണം ഉണ്ടെങ്കില്‍ 000, 001, 010, 011, 100, 101, 110, 111 എന്നീ 8 അവസ്ഥകളുടെ സൂപ്പര്‍പൊസിഷനുകള്‍ എടുക്കാന്‍ സാധിക്കും.
അതിനാല്‍ ഇത്തരം കംപ്യൂട്ടിങ്ങിന്റെ വിശകലനശേഷി വളരെ വലുതായിരിക്കും. സങ്കീര്‍ണങ്ങളായ പല ഗണിത പ്രശ്‌നങ്ങളും നിലവിലെ സൂപ്പര്‍ കംപ്യൂട്ടറുകളേക്കാള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ഇവയ്ക്ക് സാധിക്കും. ക്വാണ്ടം കംപ്യൂട്ടറുകളുടെ രൂപീകരണം ശൈശവാവസ്ഥയില്‍ തന്നെയാണ്. ഏതാനും ക്യൂബിറ്റുകള്‍ മാത്രം ഉപയോഗിച്ചുള്ള ക്വാണ്ടം കംപ്യൂട്ടറുകളേ ഇതുവരെ നിര്‍മ്മിയ്ക്കപ്പെട്ടിട്ടുള്ളൂ. പല രാജ്യങ്ങളും സൈനിക ഗവേഷണത്തില്‍ ക്വാണ്ടം കംപ്യൂട്ടിങ്ങിനെ ഒരു പ്രധാന വിഷയമാക്കിയിട്ടുണ്ട്. അതില്‍ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയുമാണ്. ഒരു പ്രശ്‌നത്തിന്റെ സംഭവ്യമായ ഒന്നിലധികം പരിഹാരങ്ങള്‍ ക്വാണ്ടം കംപ്യൂട്ടറിന് നിര്‍ദ്ദേശിക്കാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ക്വാണ്ടം കംപ്യൂട്ടിങ്ങിനെ എഐയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ടെക് ഭീമന്‍മാരുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. നിലവില്‍ ശൈശവാവസ്ഥയിലുള്ള ക്വാണ്ടം കംപ്യൂട്ടിങ്ങിന് സ്ഥായിയായി രൂപം കൈക്കൊള്ളുന്ന സമയത്ത് അതിനെ എഐയുമായി ലയിപ്പിക്കാനാകും. അതൊടെ അജെന്റിക് എഐ അതിന്റെ പൂര്‍ണതയിലെത്തും. അതും മനുഷ്യ-കംപ്യൂട്ടര്‍ സമന്വയം കൂടി സംഭവിക്കുന്നതോടുകൂടി നിലവിലുള്ള സാമൂഹ്യ ക്രമങ്ങള്‍, വിശ്വാസങ്ങള്‍, വീക്ഷണങ്ങള്‍, അനുമാനങ്ങള്‍ എന്നിവ മാറിമറിയും. ഇതിനോട് എങ്ങനെ ജനങ്ങള്‍ പൊരുത്തപ്പെടുമെന്നതാണ് പ്രധാന ചോദ്യം. അതുയര്‍ത്തുന്ന ധാര്‍മിക പ്രശ്‌നങ്ങള്‍, നീതി-ന്യായ സംവിധാനങ്ങളുടെ സമീപനങ്ങള്‍, ഭരണകൂടത്തിന്റെ സമീപനം ഇതൊക്കെ ആദ്യഘട്ടത്തില്‍ പ്രതിസന്ധിയുണ്ടാക്കാം. ജനങ്ങളില്‍ സാങ്കേതികവിദ്യയുടെ അതിപ്രസരം സംശയവും ആശയക്കുഴപ്പവും ഭീതിയുമുളവാക്കിയേക്കാം.
ഗ്രീന്‍ കോഡിങ്
നിലവിലെ കംപ്യൂട്ടിങ് മേഖല വലിയതോതില്‍ ഊര്‍ജം ഉപയോഗിക്കുന്നുണ്ട്. ഭാവിയില്‍ മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ പതിന്‍മടങ്ങ് ഊര്‍ജ ഉപഭോഗത്തിനാണ് വഴിതെളിയിക്കുക. നിലവിലെ ഊര്‍ജ ഉത്പാദന രീതികള്‍ വലിയതോതില്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് കാരണമാകുന്നുണ്ട്. അതിനാല്‍ ഹരിതോര്‍ജ ഉത്പാദനത്തിന് ഇക്കാലത്ത് ആവശ്യകതയേറും. അത്തരം മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് ബഹുരാഷ്ട്ര കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇതുമായി ബന്ധപ്പെട്ട് പുതിയൊരു തൊഴില്‍ മേഖലതന്നെ രൂപപ്പെട്ടേക്കാമെന്നാണ് വിലയിരുത്തല്‍. ആഗോളതലത്തില്‍ തന്നെ കംപ്യൂട്ടിങ്ങിന് ഹരിതോര്‍ജത്തിനായുള്ള സമ്മര്‍ദമേറും. ഗ്രീന്‍ കോഡിങ് എന്നൊരു രീതിതന്നെ ഉടലെടുത്തേക്കാം.
ബയോടെക്‌നോളജിയിലെ മാറ്റങ്ങള്‍
2025ല്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള മറ്റൊരു മേഖലയാണ് ബയോടെക്‌നോളജി. ആരോഗ്യം, പരിസ്ഥിതി, സുസ്ഥിര വികസനം, കൃഷി തുടങ്ങിയവയിലെല്ലാം ബയോടെക്‌നോളജി സ്വന്തമായൊരു പങ്ക് വഹിക്കുന്നു. ബയോടെക്‌നോളജി മേഖലയില്‍ വലിയ വിപ്ലവം സംഭവിക്കുന്നത് ജീന്‍ എഡിറ്റിങ്ങിലാകും. ക്രിസ്പര്‍ (CRISPR) അടിസ്ഥാനമാക്കിയ ജീന്‍ എഡിറ്റിങ് ആരോദഗ്യമേഖലയില്‍ പതിയെ സാധാരണമായി മാറും. വ്യക്തിയധിഷ്ഠിതമായ ചികിത്സ, ജനിതക രോഗങ്ങള്‍, കാന്‍സര്‍ ചികിത്സ ഇവയിലൊക്കെ പുതിയ ചികിത്സാ രീതികള്‍ ഉടലെടുക്കും. മാത്രമല്ല, കാര്‍ഷികമേഖലയില്‍ കീടാണുക്കളെ ചെറുക്കുന്ന കാലാവസ്ഥാമാറ്റത്തെ അതിജീവിക്കുന്ന പുതിയ കാര്‍ഷിക വിളകള്‍ വികസിപ്പിക്കപ്പെട്ടേക്കാം. അതിലൂടെ പരിസ്ഥിതിക്ക് ദോഷമായ കീടനാശിനികളുടെ ഉപയോഗം ഇല്ലാതാക്കാനുള്ള വഴിതെളിയും. മാത്രമല്ല കൃത്രിമ മാംസോത്പാദനത്തിന്റെ ചെലവ് കുറയുകവഴി അത് സര്‍വസാധാരണമായി മാറും.
ഇതൊക്കെയാണെങ്കിലും ജീവിത രീതിയിലും സമീപനത്തിലുമൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനൊപ്പം സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കൂടിക്കൊണ്ടേയിരിക്കും. യുദ്ധരീതികളില്‍ മാറ്റങ്ങള്‍ വരും. എഐ അധിഷ്ഠിത യുദ്ധമുറകള്‍ രാജ്യങ്ങള്‍ ആവിഷ്‌കരിക്കും. മനുഷ്യര്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലുമുള്ള സംഘര്‍ഷങ്ങള്‍ക്ക് കുറവുണ്ടാവുകയുമില്ല. നിലവിലെ മുതിര്‍ന്ന തലമുറയില്‍പെട്ടവര്‍ക്ക് പുതിയ മാറ്റങ്ങളോട് പൊരുത്തപ്പെടാനാകാതെ വരുന്നതുമൂലമുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ എല്ലായിടത്തും കാണാം. ഭാവിതലമുറ അഭിരമിക്കുന്നത് കുറേക്കൂടി മികച്ചൊരു ലോകത്തിലായിരിക്കുമെന്നതില്‍ നമുക്ക് ആശ്വസിക്കാം.
Content Highlights: 2025 promises groundbreaking advancements in AI, quantum computing, biotechnology, and green coding
Published: 29 Dec 2024, 01:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented