ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്റേയും ബുച്ച് വില്‍മറിന്റേയും മടക്കയാത്ര വൈകുന്നതില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ വിമര്‍ശനവുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉപദേശകനായ ഇലോണ്‍ മസ്‌കും. ഇരുവരുടേയും മടക്കയാത്ര ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടം രാഷ്ട്രീയകാരണങ്ങളാല്‍ വൈകിപ്പിച്ചുവെന്നാണ്‌ ഇരുവരും ആരോപിക്കുന്നത്. രാഷ്ട്രീയകാരണങ്ങളാണ് ഇതിന് പിന്നിലെന്നും അവര്‍ ആരോപിച്ചു.

To advertise here,

രാഷ്ട്രീയകാരണങ്ങളാല്‍ ഇരുവരേയും ബഹിരാകാശത്ത് ഉപേക്ഷിച്ചുവെന്ന് ഫോക്‌സ് ന്യൂസിന് സംയുക്തമായി നല്‍കിയ അഭിമുഖത്തില്‍ മസ്‌ക് ആരോപിച്ചു. ഇത് ട്രംപും ആവര്‍ത്തിച്ചു. അവരെ തിരിച്ചുകൊണ്ടുവരുന്നതില്‍ ബൈഡന് താത്പര്യമില്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഇക്കാര്യം സുനിത വില്യംസും ബുച്ച് വില്‍മറും നിഷേധിച്ചു. ഉപേക്ഷിക്കപ്പെട്ടതായി തങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്നായിരുന്നു സി.എന്‍.എന്നിനോട് പ്രതികരിക്കവെ ഇരുവരും പറഞ്ഞത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ദൗത്യം നീണ്ടുപോവുകമാത്രമാണുണ്ടായതെന്നും അവര്‍ വ്യക്തമാക്കി.

എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനാണ് സുനിതയും വില്‍മറും പുറപ്പെട്ടത്. എന്നാല്‍, കഴിഞ്ഞ് 250 ദിവസത്തിലേറെയായി ഇരുവരും ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സംഭവിച്ച സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് മടക്കയാത്ര വൈകുന്നത്. മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിലാണ് ഇവരെ തിരിച്ചെത്തിക്കാന്‍ ശ്രമം നടക്കുന്നത്.