ചില പ്രത്യേക ചെടികളോ ഇലകളോ അവയിലെ രസമോ സ്വാസ്ഥ്യം കൈവരാൻ ഉപയോഗിക്കേണ്ടിയിരിക്കുന്നു എന്ന് ഇവർ അറിഞ്ഞെടുക്കുന്നതിന്റെ പ്രയോഗവിധികൾ നമുക്ക് അജ്ഞാതമാണ്. നായ്ക്കളെ വളർത്തുന്നവർക്കറിയാം ഇടയ്ക്ക് അവ പുല്ലുതിന്നുന്നതായി. ചിലപ്പോൾ അകത്തു ചെന്ന ആഹാരം പിടിക്കായ്കകൊണ്ട് ഛർദിച്ചു കളയാനായിരിക്കും ഇത്. പുലി പുല്ലുതിന്നുന്നത് ഗതികെട്ടിട്ടാണെന്ന് പഴഞ്ചൊല്ലിൽ മാത്രമേ വാശിപിടിക്കുന്നുള്ളൂ. ചിലപ്പോൾ അവർ സ്വയം ഡോക്ടറായിമാറി ചികിത്സ ഏറ്റെടുക്കുകയായിരിക്കും. പല ജന്തുക്കൾ ചിത്രശലഭങ്ങൾ, അവയുടെ പുഴുക്കൾ, മുതൽ ആൾക്കുരങ്ങുകൾവരെ ഇങ്ങനെ സ്വയം ചികിത്സിക്കാനായി, വിവിധ മാർഗങ്ങൾ ആരായുന്നുണ്ട്.

To advertise here,

അവരുടെ ചികിത്സ

പച്ചിലകളും ഇളം തണ്ടുമൊക്കെ ചികിത്സയ്ക്ക് ഉപയോഗിക്കും ഇവർ. ഒരു ഒറാങ്ങുട്ടാൻ മുഖത്തുപറ്റിയ മുറിവിനു ചില പച്ചിലകൾ തിരുമ്മുന്നതായിക്കണ്ടത് കഴിഞ്ഞവർഷം വലിയ

വാർത്തയായിരുന്നു. ഇൻഡൊനീഷ്യയിൽ നാട്ടുകാർ ഉപയോഗിക്കുന്ന ഈ മരുന്ന് മുറിവ് കൂടാൻ സഹായിക്കും നീർവീക്കത്തെ തടയും. ഈ കുരങ്ങ് ഇലയുടെ ചാറ് മുറിവിൽ തേക്കുന്നതായാണ് റിപ്പോർട്ട്‌; കൊതുക് കടിക്കാതിരിക്കാൻ. പൂച്ചകൾ മിന്റ് വർഗത്തിൽപ്പെട്ട catnip ചെടിയുടെ ഇലകളുടെമേൽ കിടന്ന് ഉരുളാറുണ്ട് എന്നത് പലരും കണ്ടിട്ടുമുണ്ട്.

ചിമ്പാൻസികളിൽ ഏറെ നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുള്ള ജെയ്ൻ ഗുഡോൽ പണ്ടേ എഴുതിയിട്ടുണ്ട് ഈ ആൾക്കുരങ്ങുകൾ ഇടയ്ക്ക് വെറും പച്ചില ചവയ്ക്കാതെ വിഴുങ്ങുന്നതായി. ഈ ഇല അതേപടി വിസർജ്യത്തിൽ കാണപ്പെടും. പിന്നീടറിഞ്ഞത് വിരശല്യം കുറയ്ക്കാൻ അവർ ചെയ്യുന്ന വിദ്യയാണിതെന്ന്. വിരകൾക്ക് സഹിക്കാനാവാത്ത ചില രാസവസ്തുക്കൾ ഈ ഇലകളിൽ ഉണ്ടത്രേ. ഇലയോടൊപ്പം ഇവയെ വിസർജിച്ചുകളയാൻ എളുപ്പമാക്കുകയാണ്. മാത്രമല്ല ചില ഇലകൾ പരുപരുപ്പുള്ള ‘വെൽക്രോ’ പോലത്തവയാണ്, ചെറിയ വിരകൾ അവയിൽ പറ്റിപ്പിടിച്ചേക്കും. ഈ ഇലകൾ ചെറിയ രീതിയിൽ കുടലിനെ പ്രകോപ്പിക്കുന്നുമുണ്ട്, വിരേചന സാധ്യമാകുന്ന വിധത്തിൽ അതോടൊപ്പം വിരകളും പുറംതള്ളപ്പെടുന്നു.

അറ്റ്‌ലാന്റയിലെ എമറി യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞൻ ജാപ് ഡി റൂഡ് (Jaap de Roode) ഈ വഴിയിൽ പഠനങ്ങൾ ധാരാളം നടത്തിയിട്ടുണ്ട്. ടാൻസാനിയയിൽ ചിമ്പാൻസികൾ വയറിളക്കം വരുമ്പോൾ ഒരു പ്രത്യേക ചെടിയുടെ തണ്ടിനകം ഊറ്റിക്കുടിക്കുന്നത് ഇദ്ദേഹം ആദ്യം ശ്രദ്ധിച്ചു . ആ നാട്ടുകാർ ഇതേ അസുഖത്തിനു തേടുന്ന നാട്ടുവൈദ്യവഴി തന്നെയായിരുന്നു ഇത്. എന്നാൽ, കൂടുതൽ ബുദ്ധിയുള്ള ആൾക്കുരങ്ങുകളിൽ മാത്രമല്ല, മറ്റ് കീടങ്ങളും പ്രാണികളും ഈ ചികിത്സാപദ്ധതികൾ സ്വയം ഏറ്റെടുക്കുന്നതായി അദ്ദേഹം താമസിയാതെ നിരീക്ഷിച്ചു.

പൂമ്പാറ്റകളിലെ രാജാവായ മൊണാർക് ചിത്രശലഭങ്ങൾ ബുദ്ധിപൂർവമാണ് ഒരു പ്രത്യേകതരം എരിക്കിനെ ആശ്രയിക്കുന്നത് സ്വയരക്ഷയ്ക്ക്. ഈ ചെടികളുടെ ഇലയിൽ വിഷാംശമുണ്ട്, ഈ ചിത്രശലഭങ്ങൾ മുട്ടയിടുന്നതും പുഴുക്കൾ വളരുന്നതും ഈ ഇലകളിലാണ്. മറ്റ് പരാദങ്ങൾ ഇതിനാൽ ഈ പുഴുക്കളെ ആക്രമിക്കുകയില്ല. ഇത് കൃത്യമായി തെളിയിച്ചെടുത്തിടുണ്ട് ഡോ ജാപ് റൂഡ്. ഇതേ വകുപ്പിലുള്ള വിഷമില്ലാത്ത എരിക്ക്‌ ചെടിയിൽ അവ മുട്ടയിടുന്നില്ല എന്നത് കൗതുകകരമാണ്.

കരടിപ്പുഴുക്കൾ (woolly bear caterpillar) അവരിൽ കയറിക്കൂടുന്ന ചെറിയ ഈച്ചകളെ പ്രതിരോധിക്കുന്നത് ചില പ്രത്യേക രാസവസ്തുക്കൾ (alkaloids) അടങ്ങിയ ഇലകൾ തിന്നിട്ടാണ്. ചില പ്രത്യേകതരം ഉറുമ്പുകൾ (wood ants) അവയുടെ കൂടുകളിൽ പ്രതിരോധം സൃഷ്ടിക്കുന്നത് പരാദങ്ങളെ /ഇൻഫെക് ഷൻ പ്രതിരോധിക്കുന്ന കറ കൊണ്ടുവന്ന് തേച്ചുപിടിപ്പിച്ചിട്ടാണ്. മേൽച്ചൊന്ന പുഴുക്കൾ അസുഖം വരുമ്പോൾ ‍ചികിത്സിക്കുകയാണെങ്കിൽ ഈ ഉറുമ്പുകൾ രോഗം വരാതെ സൂക്ഷിക്കുന്നു.

ചെടികളിലും കായ്കളിലും കാണുന്ന ടാനിൻ (ചായയിൽ ഇത് ധാരാളമുണ്ട്) പൊതുവേ മൃഗങ്ങൾക്ക് ഇഷ്ടമല്ല. എന്നാൽ, ചില ആടുകൾ ഇത് സ്വയം ചികിത്സയ്ക്ക് ഉപയോഗിക്കുമത്രേ. ഈ ആടുകളിൽ വിരശല്യം കൂടുമ്പോൾ കൂടുതൽ ടാനിൻ ഉള്ള ഇലകൾ അവർക്കിഷ്ടമില്ലെങ്കിലും കഴിക്കുകയാണ്.

നഗരവത്‌കരണം പക്ഷികളെ ബാധിക്കുന്നത് പഠിച്ചെടുക്കാൻ ഒരുമ്പെട്ടവർക്ക് അദ്ഭുതാവഹമായ അറിവുകളാണ് ലഭിച്ചത്. മെക്സിക്കോ നഗരത്തിൽ ഫിഞ്ച് പക്ഷികളുടെ കൂടുകളിൽ വെളുത്ത പതുപതുപ്പുള്ള വസ്തുക്കൾ ധാരാളം കാണപ്പെട്ടത് ഈ പഠിതാക്കളെ ആശയക്കുഴപ്പത്തിലെത്തിച്ചിരുന്നു. എന്നാൽ, ഒരു മഴ കഴിഞ്ഞപ്പോൾ അവർക്ക് മനസ്സിലായി ഇതെല്ലാംസിഗററ്റ് കുറ്റികൾ പൊട്ടിച്ച് വിതറപ്പെട്ടതാണെന്ന്. മണം സിഗരറ്റിന്റെ തന്നെ! പേനും വട്ടനും ചാഴിയും അടക്കമുള്ള പ്രാണികളെ ഒഴിവാക്കപ്പെടാനുള്ള വിദ്യയായിരുന്നു ഇത്.

പരീക്ഷകർ കൂടുതൽ പ്രാണികളെ ഈ കൂടുകളിൽ ഇട്ടപ്പോൾ പക്ഷികൾ കൂടുതൽ സിഗററ്റ് കുറ്റികൾ കൊണ്ടുവന്ന് പൊളിച്ച് ചിതറി. മറ്റ് പല പക്ഷികളും പുകയിലച്ചെടികൾ സംഭരിച്ച് സ്വന്തം കൂടുകൾ കീടവിമുക്തമാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. 

അതവർ അറിയുന്നതെങ്ങനെ

അസുഖമാണ്, ചികിത്സിക്കേണ്ടിയിരിക്കുന്നു എന്ന് എങ്ങനെ അറിയുന്നു ഈ ജന്തുക്കളും പുഴുക്കളും എല്ലാം? ബോധജ്ഞാനം എന്നുള്ളത് ഇവർക്കൊന്നുമില്ല എന്നാണ് പൊതുധാരണ, ശാസ്ത്രജ്ഞർക്കു ൾപ്പെടെ. ചില പ്രത്യേകം, ചെടികളോ ഇലകളോ അവയിലെ രസമോ സ്വാസ്ഥ്യം കൈവരാൻ ഉപയോഗിക്കേണ്ടിയിരിക്കുന്നു എന്ന് ഇവർ അറിഞ്ഞെടുക്കുന്നതിന്റെ പ്രയോഗവിധികൾ നമുക്ക് അജ്ഞാതമാണ്.

കരടിപ്പുഴുക്കൾക്ക് നാലുതരം സ്വാദുകൾ തിരിച്ചറിയാം, അതിനുള്ള സ്വീകരിണികൾ ഇവയുടെ ‘ആന്റിന’ കളിന്മേലുണ്ട്. അതിലൊന്നാണ് ഇലകളിലെ പ്രത്യേക രാസവസ്തു (മേൽച്ചൊന്ന ആൽക്കലോയിഡ്)) തിരിച്ചറിയുന്നത്. ഇത് അവരുടെ തലച്ചോറിലേക്ക് തെരുതെരെ സംവേദനങ്ങൾ അയക്കുന്നു, അവർക്ക് അത്ര രുചികരമല്ലാത്ത ഇലകളും ഭക്ഷിച്ചു തുടങ്ങുന്നു, തലച്ചോർ നിർദേശിക്കുന്നതിനാൽ. പല ജന്തുക്കളും ചെടികളുടെ സ്വാദ് പഠിച്ചെടുക്കുന്നുണ്ട്, പരീക്ഷണാത്മകമെന്നപോലെ, അങ്ങനെ ചെടിയുടെ സ്വാദും അസുഖവിമുക്തിയുമായുള്ള പരസ്പരബന്ധം അറിഞ്ഞെടുക്കുന്നുണ്ടാവണം. ചിമ്പാൻസികളാവട്ടെ തമ്മിൽത്തമ്മിൽ പലതും പങ്കുവെക്കുന്നുണ്ട്., അവരുടെ ഇല വിഴുങ്ങൽ പ്രക്രിയയ്ക്ക്. ഇല ഒരു പ്രത്യേകതരത്തിൽ മടക്കിയെടുത്തിട്ടു വേണം, വിഴുങ്ങാൻ, ഇത് ഇവർ മുതിർന്നവരിൽനിന്ന് നോക്കിപ്പഠിക്കുകയാണത്രേ.

(യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ മുൻ സീനിയർ സയന്റിസ്റ്റായ ലേഖകൻ ഷിക്കാഗോയിലെ ട്രൈറ്റൺ കോളേജിലെ അജങ്റ്റ് പ്രൊഫസറാണ്.)