ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയുടെ ഒപ്റ്റിമസിന് ഒരു ശക്തനായ എതിരാളി എത്തിയിരിക്കുന്നു. ചൈനീസ് ഇവി സ്റ്റാര്‍ട്ടപ്പായ എക്‌സ്‌പെങ് (Xpeng) ആണ് ഹ്യൂമനോയിഡ് റോബോട്ടായ 'അയേണ്‍' (Iron) രംഗത്തിറക്കിയിട്ടുള്ളത്. ഒപ്റ്റിമസിന് ഇല്ലാത്ത സവിശേഷതകളാണ് അയേണിനെ ശ്രദ്ധേയമാക്കുന്നത്.

To advertise here,

മനുഷ്യരെ ആലിംഗനം ചെയ്യുന്നത് പോലുള്ള ശാരീരിക ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുന്ന സവിശേഷതകള്‍ക്കാണ് അയേണ്‍ ഊന്നല്‍ നല്‍കുന്നത് എന്നതാണ് ശ്രദ്ധേയം. റോബോട്ടുകള്‍ തികച്ചും മനുഷ്യ സമാനമായിരിക്കണം എന്നതാണ് കമ്പനിയുടെ കാഴ്ചപ്പാടെന്ന് എക്‌സ്‌പെങ് സിഇഒ ഹെ സിയാവോപെങ് പറയുന്നു. കൃത്രിമ പേശികളും ചര്‍മ്മവും പോലുള്ള സവിശേഷതകള്‍ അയേണില്‍ ഉള്‍പ്പെടുത്തിയത് റോബോട്ടിനെ സ്പര്‍ശിക്കാനും ആലിംഗനം ചെയ്യാനും സൗകര്യം ഒരുക്കുന്നതിനാണെന്നും സിയാവോപെങ് കൂട്ടിച്ചേര്‍ത്തു. സ്പര്‍ശനത്തിലൂടെയും വൈകാരിക ഇടപെടലുകളിലൂടെയും മനുഷ്യന് ആശ്വാസം നല്‍കാനും റോബോട്ടിന് കഴിയും എന്ന ആശയത്തിന് നല്‍കുന്ന ഊന്നല്‍ ഹ്യൂമനോയിഡ് റോബോട്ട് വിപണിയില്‍ മുന്‍തൂക്കം നേടാനുള്ള എക്‌സ്‌പെങ്ങിന്റെ പ്രധാന തന്ത്രങ്ങളില്‍ ഒന്നാണ്.

ഇതുവരെയുള്ള റോബോട്ടുകള്‍ മനുഷ്യര്‍ക്ക് ആലിംഗനം ചെയ്യാന്‍ കഴിയുന്നത്ര ആകര്‍ഷകമായിരുന്നില്ല എന്ന് കമ്പനി സിഇഓ ചൂണ്ടിക്കാട്ടുന്നു. മറ്റ് ഹ്യൂമനോയിഡ് റോബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി അയേണിന്റെ മനുഷ്യരൂപമുള്ള പുരുഷ, സ്ത്രീ പതിപ്പുകളാവും അവതരിപ്പിക്കുക. ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത ശരീരഘടനകളോടെ റോബോട്ടിനെ ഇഷ്ടാനുസരണം മാറ്റാന്‍ കഴിയും. റോബോട്ടിന്റെ അനാവരണ വേളയില്‍ ഉള്ളില്‍ മനുഷ്യനില്ലെന്ന് വ്യക്തമാക്കാന്‍ എക്‌സ്‌പെങ് ജീവനക്കാര്‍ റോബോട്ടിന്റെ വഴക്കമുള്ള 'ചര്‍മ്മം' മുറിക്കുക പോലും ചെയ്തിരുന്നു.

2026 അവസാനത്തോടെ വന്‍തോതിലുള്ള ഉത്പാദനം നടത്തി 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം 10 ലക്ഷം അയേണ്‍ റോബോട്ടുകള്‍ വില്‍ക്കാന്‍ എക്‌സ്‌പെങ് ലക്ഷ്യമിടുന്നതായി സിയാവോപെങ് പറഞ്ഞു. ഹ്യൂമനോയിഡ് റോബോട്ടുകളുടെ വിപണി ഒരിക്കല്‍ കാര്‍ വിപണിയെക്കാള്‍ വലുതായേക്കാമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. പ്രാരംഭഘട്ടത്തില്‍ ടൂര്‍-ഗൈഡ് അടക്കമുള്ള റോളുകളില്‍ ഇവയെ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

2014-ല്‍ സ്ഥാപിതമായ എക്‌സ്‌പെങ് പിന്നീട് ചൈനയുടെ ഇവി വിപണിയില്‍ ടെസ്ലയുമായി മത്സരിക്കുന്ന ഒരു പ്രമുഖ സ്റ്റാര്‍ട്ടപ്പായി വളര്‍ന്നു. ഗ്വാങ്ഷൂ ആസ്ഥാനമായുള്ള ഈ കമ്പനി ഈ വര്‍ഷം വില്‍പ്പന റെക്കോര്‍ഡുകള്‍ ഭേദിക്കുകയും ലാഭത്തിലേക്ക് അടുക്കുകയും ചെയ്യുകയാണ്. മൂന്ന് റോബോടാക്‌സി മോഡലുകള്‍ ഉള്‍പ്പെടെ ഏഴ് പുതിയ വാഹനങ്ങള്‍ അടുത്ത വര്‍ഷം അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2,80,000 ഡോളര്‍ വിലമതിക്കുന്ന തങ്ങളുടെ പറക്കും കാറിന്റെ വന്‍തോതിലുള്ള ഉത്പാദനം 2026-ഓടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എക്‌സ്‌പെങ് വ്യക്തമാക്കിയിട്ടുണ്ട്.