
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിലെ സുരക്ഷയുമായി ബന്ധപ്പെട്ട മെറ്റയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് ആരോപണം. വാട്സാപ്പിലെ സുരക്ഷയും സ്വകാര്യതയുമായും ബന്ധപ്പെട്ട് വ്യാജ അവകാശവാദങ്ങൾ ഉയർത്തി ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്നാരോപിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് ഇന്ത്യ, ബ്രസീൽ, ഓസ്ട്രേലിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുടെ അന്താരാഷ്ട്ര കൂട്ടായ്മ. വെള്ളിയാഴ്ച സാൻഫ്രാൻസിസ്കോയിലെ യു.എസ്. ഡിസ്ട്രിക്ട് കോടതിയിലാണ് ഹർജി നൽകിയത്. ബ്ലൂംബെർഗ് ആണ് ഈ വാർത്ത പുറത്തുവിട്ടത്.
എൻഡ് ടു എൻഡ് എൻക്രിപ്റ്റഷൻ സംവിധാനമുള്ള വാട്സാപ്പിലെ ചാറ്റുകളിലെ സന്ദേശങ്ങൾ അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും ഒഴികെ മറ്റൊരാൾക്കും (കമ്പനിക്ക് പോലും) കാണാനാവില്ല എന്നാണ് മെറ്റ നൽകുന്ന ഉറപ്പ്. സിഗ്നൽ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയാണ് വാട്സാപ്പും മെസഞ്ചറും പ്രവർത്തിക്കുന്നത്. എന്നാൽ ഈ സുരക്ഷാ വാദങ്ങൾ വെറും കെട്ടുകഥയാണെന്നാണ് ഹർജിയിലെ വാദം. വാട്സാപ്പിലൂടെ കൈമാറുന്ന സ്വകാര്യ സന്ദേശങ്ങൾ മെറ്റയും വാട്സാപ്പും ശേഖരിക്കുന്നുണ്ടെന്നും വിശകലനം ചെയ്യുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ഉപഭോക്താക്കളുടെ ചാറ്റ് വിവരങ്ങൾ കമ്പനി ശേഖരിച്ചുവെക്കുന്നുണ്ടെന്നും ജീവനക്കാർക്ക് ഇവ പരിശോധിക്കാൻ സാധിക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു.
അജ്ഞാതരായ ചില വിസിൽബ്ലോവർമാരാണ് (വിവരദാതാക്കൾ) ഈ വിവരങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ സഹായിച്ചത്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഹർജി നൽകപ്പെട്ടിരിക്കുന്നത്. ഇതൊരു ക്ലാസ്-ആക്ഷൻ ഹർജിയായി പരിഗണിക്കണമെന്ന് പരാതിക്കാരുടെ അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം, ഹർജിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മെറ്റ പ്രതികരിച്ചു. വാട്സാപ്പ് സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്തതല്ല എന്ന വാദം പൂർണമായും തെറ്റാണ്. കഴിഞ്ഞ പത്ത് വർഷമായി വാട്സാപ്പ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നുണ്ടെന്നും ഈ ഹർജി വെറും കെട്ടുകഥയാണെന്നും മെറ്റ വക്താവ് ആൻഡി സ്റ്റോൺ പറഞ്ഞു. പരാതിക്കാരുടെ അഭിഭാഷകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മെറ്റ വ്യക്തമാക്കി.
Content Highlights: WhatsApp Privacy Lawsuit: Meta Sued Over 'False' End-to-End Encryption Claims
Published: 27 Jan 2026, 10:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented