വാട്സാപ്പിനെ കേവലമൊരു ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമിന് അപ്പുറത്തേക്ക് എത്തിക്കുന്നതിനായി പുതിയ ഫീച്ചറുകൾ കമ്പനി കാലാനുസൃതമായി ഉൾപ്പെടുത്താറുണ്ട്. ഇപ്പോൾ ഇൻസ്റ്റഗ്രാമിന് സമാനമായ ഒരു പുതിയ ഫീച്ചർ കൂടി വാട്സാപ്പിലേക്ക് കൊണ്ടുവരാനൊരുങ്ങുകയാണ് മെറ്റ.
ആൻഡ്രോയിഡ് 2.26.5.11 ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ കണ്ടെത്തിയത്. വാട്സാപ്പ് ട്രാക്കർ വെബ്സൈറ്റായ 'വാബീറ്റാ ഇൻഫോ' (WABetaInfo) നൽകുന്ന വിവരമനുസരിച്ച്, സ്റ്റാറ്റസ് അപ്ഡേറ്റുകൾക്കായി പ്രത്യേക സ്റ്റാറ്റസ് ലിസ്റ്റുകൾ നിർമിക്കാൻ പുതിയ ഫീച്ചർ വഴി ഉപഭോക്താക്കൾക്ക് സാധിക്കും. ഇതിലൂടെ ഉപയോക്താക്കൾക്ക് തങ്ങൾക്കിഷ്ടപ്പെട്ട കോൺടാക്റ്റുകളുമായി മാത്രമായി സ്റ്റാറ്റസ് അപ്ഡേറ്റുകൾ പങ്കുവെക്കാൻ സാധിക്കും. ഉദാഹരണത്തിന്, ബന്ധുക്കൾ, സഹപ്രവർത്തകർ പോലെ പ്രത്യേക ഗ്രൂപ്പുകളായി സ്റ്റാറ്റസ് ലിസ്റ്റുകൾ നിർമിക്കാം. ഒരു സ്റ്റാറ്റസ് ലിസ്റ്റിന് അതിന്റെ പേര്, അതിൽ തിരഞ്ഞെടുത്ത കോൺടാക്ടുകൾ, തിരിച്ചറിയാൻ ഒരു ഇമോജി എന്നിവയുണ്ടാവും.
ഓരോ തവണയും സ്റ്റാറ്റസ് പങ്കുവെക്കുമ്പോൾ ഷെയർ സെറ്റിങുകളിൽ മാറ്റം വരുത്തുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ഉള്ളടക്കങ്ങൾ താത്പര്യമുള്ളവരിലേക്ക് മാത്രം എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ ലിസ്റ്റുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
ഇതിന് പുറമെ, ഇൻസ്റ്റഗ്രാമിലെ 'ക്ലോസ് ഫ്രണ്ട്സ്' (Close friends) ലിസ്റ്റിന് സമാനമായ ഒരു ലിസ്റ്റും അവതരിപ്പിക്കാൻ വാട്സാപ്പിന് പദ്ധതിയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള മൂന്ന് സ്റ്റാറ്റസ് പ്രൈവസി ഓപ്ഷനുകൾക്കൊപ്പമാണ് ക്ലോസ് ഫ്രണ്ട്സ് ഓപ്ഷനും ഉണ്ടാവുക. ഇതിൽ തിരഞ്ഞെടുത്ത കോൺടാക്ടുകൾക്ക് സ്റ്റാറ്റസ് പങ്കുവെച്ചതിന് ശേഷം സ്റ്റാറ്റസ് ലിസ്റ്റിലെ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയ്ക്ക് ചുറ്റും വ്യത്യസ്ത നിറങ്ങളിലുള്ള വലയം കാണാനും സാധിക്കും.
Content Highlights: Meta Brings Major Status Privacy Revamp to WhatsApp: Everything You Need to Know
Published: 09 Feb 2026, 02:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented