ഇന്റർനെറ്റിലാകെ തരംഗമായിരിക്കുകയാണ് ചൈനീസ് റോബോട്ടിക്‌സ് കമ്പനിയായ യുനിട്രീയുടെ ജി1 ഹ്യൂമനോയ്ഡ് റോബോട്ട്. റോബോട്ടുകളുടെ വിവിധ വീഡിയോകൾ ഇതിനകം വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ചൈനീസ് ഗായകൻ വാങ് ലീഹോമിനൊപ്പം ചെങ്ദുവിലെ ഒരു സംഗീതവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ജി1 റോബോട്ടുകൾ.

To advertise here,

വാങീ ലീഹോമിനും നർത്തകർക്കുമൊപ്പം ചടുലമായ ചുവടുകളോടെ നൃത്തം ചെയ്യുന്ന ജി1 റോബോട്ടുകളുടെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിനെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. മനുഷ്യരായ നർത്തകരുടെ ചുവടുകളോട് കിടപിടിക്കുന്ന പ്രകടനമാണ് ഇവ നടത്തുന്നത്. ബാഗി പാന്റ്‌സും തിളങ്ങുന്ന ഓവർ ഷർട്ടും ധരിച്ച് അസാധാരണ മെയ് വഴക്കത്തോടെയാണ് റോബോട്ടുകളുടെ ചുവടുകൾ. മികവോടുകൂടി ഫ്രണ്ട് ഫ്‌ളിപ്പ് ചുവടും ഈ റോബോട്ടുകൾ വേദിയിൽ കാഴ്ചവെക്കുന്നു.

ഹ്യൂമനോയിഡ് റോബോട്ടുകളുടെ വികാസം ഏത് ഘട്ടത്തിൽ എത്തിനിൽകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. അമേരിക്കൻ കമ്പനികളേക്കാൾ റോബോട്ടിക്‌സിൽ ചൈന എത്രയേറെ മുന്നേറിയെന്നും ഇത് വ്യക്തമാക്കുന്നു.

ചെങ്ദുവിലെ ഡോങ്ആൻ ലേക്ക് സ്‌പോർട്‌സ് പാർക്ക് മൾടിഫംങ്ഷണൽ ജിംനേഷ്യത്തിൽ നടന്ന ഗായകൻ വാങ്ങിന്റെ 'ബെസ്റ്റ് പ്ലേസ് ടൂർ' വേദിയിലാണ് റോബോട്ടുകളും ഭാഗമായത്. 18000 പേർ സദസ്സിലുണ്ടായിരുന്നു.

'ഒരു സംഗീത പരിപാടിയിൽ റോബോട്ടിക് നർത്തകർ അണിനിരന്ന അപൂർവ്വമായ കാഴ്ചയായിരുന്നു അത്. അത്യാധുനിക സാങ്കേതികവിദ്യയും ശക്തമായ തത്സമയ സംഗീതവും ഇതിലൂടെ സമന്വയിപ്പിക്കപ്പെട്ടു,' എന്ന് ഗായകന്റെ വെബ്‌സൈറ്റിൽ പറയുന്നു.. ''ഓപ്പൺ ഫയർ' എന്ന ഗാനം ആരംഭിച്ചതോടെ റോബോട്ടിക് നർത്തകർ പ്രത്യക്ഷപ്പെടുകയും വാങ് ലീഹോമിന്റെ ചുവടുകൾക്കൊപ്പം കൃത്യമായ താളത്തിൽ നൃത്തം ചെയ്യുകയും ചെയ്തു.'

'സംഗീതവും സാങ്കേതികവിദ്യയും എത്രത്തോളം തടസ്സമില്ലാതെ ഒത്തുചേരാം എന്ന് കാണിച്ചുതന്ന ഈ പ്രകടനം, 'ബെസ്റ്റ് പ്ലേസ് ടൂറിലെ' ഏറ്റവും സർഗ്ഗാത്മകമായ നിമിഷങ്ങളിലൊന്നായി ആരാധകർ വാഴ്ത്തി,' എന്നും വെബ്‌സൈറ്റിൽ പറയുന്നു.

റോബോട്ട് ഡാൻസർമാരുടെ പ്രകടനത്തിന്റെ വീഡിയോ ശതകോടീശ്വര വ്യവസായി ഇലോൺ മസ്‌ക് എക്‌സിൽ പങ്കുവെച്ചു. 'മഹത്തരം' എന്ന കുറിപ്പും അദ്ദേഹം പങ്കുവെച്ചു. മസ്‌കിന്റെ കമ്പനിയായ ടെസ് ലയും ഓപ്റ്റിമസ് എന്ന് വിളിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകൾ വികസിപ്പിക്കുന്നുണ്ട്. ഈ റോബോട്ടുകളും മുമ്പ് പൊതുവേദിയിൽ അവതരിപ്പിക്കപ്പെടുകയും നൃത്തച്ചുവടുകൾ വെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും യുനിട്രീ റോബോട്ടുകളോളം മികവിൽ ചുവടുകൾ വെക്കാൻ ഒപ്റ്റിമസിന് സാധിച്ചിട്ടില്ല.