
ഹ്യൂമനോയിഡ് റോബോട്ടായ ഒപ്റ്റിമസ് നിലവില്‍ വീഡിയോകള്‍ കാണുകയാണെന്ന് നിര്‍മാതാക്കളായ ടെസ്‌ല. അതില്‍ എന്താണിത്ര പ്രത്യേകതയെന്ന് ചിന്തിക്കുന്നവരുണ്ടാകാം. ഇന്നത്തെ കാലത്ത് വീഡിയോകള്‍ കണ്ട് മനുഷ്യര്‍ കാര്യങ്ങള്‍ പഠിക്കുന്നതുപോലെ, മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങള്‍ കണ്ട് ഒപ്റ്റിമസ് റോബോട്ട് പുതിയ ജോലികള്‍ പഠിക്കുകയാണ് എന്നാണ് ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല പറയുന്നത്. റോബോട്ടുകളെ പ്രോഗ്രാം ചെയ്യുന്ന പഴയ രീതിയില്‍ നിന്നുള്ള ഒരു വലിയ മാറ്റമാണിത്.
ഈ മുന്നേറ്റം ഒപ്റ്റിമസിനെ ഒരു മനുഷ്യന്‍ പരിശീലനം നേടുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ പ്രാപ്തമാക്കുന്നു എന്നാണ് കമ്പനി പറയുന്നത്. പുതിയ കാര്യങ്ങള്‍ വളരെ വേഗത്തില്‍ പഠിച്ചെടുക്കാന്‍ റോബോട്ടിന് കഴിയുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഈ മുന്നേറ്റം വാക്വം ക്ലീനിംഗ്, സാധനങ്ങള്‍ തരംതിരിക്കുക, ഭക്ഷണം ഇളക്കുക, മാലിന്യം പുറത്തുകളയുക തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ റോബോട്ടിനെ പ്രാപ്തമാക്കികകഴിഞ്ഞുവെന്ന് ടെസ്‌ലയിലെ എഞ്ചിനീയറിങ് ലീഡ് മിലന്‍ കോവാക് പറയുന്നു.
ഓരോ ജോലിക്കും ഒപ്റ്റിമസിന് ഇനി വിശദമായ പ്രോഗ്രാമിംഗ് ആവശ്യമില്ല. പകരം മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങള്‍ പകര്‍ത്താനും ലളിതമായ ശബ്ദം അല്ലെങ്കില്‍ ടെക്സ്റ്റിലൂടെ എന്തുചെയ്യണമെന്ന നിര്‍ദേശം മനസിലാക്കാനും ഇതിന് കഴിയും. ശരിയായ വീഡിയോകള്‍ കാണിച്ചാല്‍ ഒപ്റ്റിമസിന് ഏത് കാര്യവും വളരെ വേഗത്തില്‍ പഠിക്കാന്‍ കഴിയുമെന്നും അത് ഒപ്റ്റിമസിന് 'ടാസ്‌ക് എക്സ്റ്റന്‍സിബിലിറ്റി' നല്‍കുമെന്നും മസ്‌ക് പറയുന്നു.
സാധനങ്ങള്‍ കൂട്ടിവയ്ക്കുന്നതും, വൃത്തിയാക്കുന്നതും, നൃത്തം ചെയ്യുന്നതും ഉള്‍പ്പെടെയുള്ള ജോലികള്‍ ഒപ്റ്റിമസ് ചെയ്യുന്ന ചെറിയ വീഡിയോകളാണ് ടെസ്‌ല നേരത്തെ പുറത്തുവിട്ടിട്ടുള്ളത്. എന്നിരുന്നാലും ഈ പ്രവൃത്തികളില്‍ പലതും മനുഷ്യര്‍ നിയന്ത്രിക്കുന്നതാണെന്ന് ചിലര്‍ വിശ്വസിച്ചതിനാല്‍ മുന്‍പത്തെ ഡെമോകള്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
എങ്കിലും വീഡിയോകളില്‍ നിന്ന് പഠിക്കുന്ന ഈ രീതി ഒരു സുപ്രധാന വഴിത്തിരിവാണെന്ന് മസ്‌ക് അവകാശപ്പെടുന്നു. ഒപ്റ്റിമസിനെ എക്കാലത്തെയും ഏറ്റവും മികച്ച ഉത്പന്നം എന്നാണ് മസ്‌ക് വിശേഷിപ്പിക്കുന്നത്. ഭാവിയില്‍ ഇത് ടെസ്‌ലയുടെ കാര്‍ ബിസിനസിനേക്കാള്‍ മൂല്യമുള്ളതായി മാറുമെന്നും അദ്ദേഹം കരുതുന്നു. 2025-ന്റെ അവസാനത്തോടെയോ അല്ലെങ്കില്‍ അതിനുമുമ്പോ ടെസ്‌ല ഫാക്ടറികളില്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഈ റോബോട്ട് വന്‍തോതില്‍ നിര്‍മ്മിക്കപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
അതിനിടെ, ബോസ്റ്റണ്‍ ഡൈനാമിക്‌സ് പോലുള്ള ഈ രംഗത്തെ പ്രമുഖരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടെസ്‌ലയുടെ ഇപ്പോഴത്തെ റോബോട്ടുകള്‍ക്ക് സൂക്ഷ്മമായ കൈചലനങ്ങളിലും നടത്തത്തിലും വൈദഗ്ദ്ധ്യം കുറവാണെന്ന് പല വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
Content Highlights: Optimus humanoid robot now learns new tasks by watching videos similar to how humans learn
Published: 07 Aug 2025, 01:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented