എട്ടു വര്‍ഷത്തിനുശേഷം ടെസ്‌ല വിടുകയാണെന്ന് വ്യക്തമാക്കി സൈബര്‍ട്രക്ക് പ്രോഗ്രാമിന് നേതൃത്വം നല്‍കിയിരുന്ന സിദ്ധാന്ത് അവസ്തി. ഇന്ത്യന്‍ വേരുകളുള്ള അവസ്തി ടെസ്‌ലയില്‍ ഒരു ഇന്റേണ്‍ ആയാണ് എത്തുന്നത്. തുടര്‍ന്ന്, സൈബര്‍ട്രക്കിന്റെ എഞ്ചിനീയറിങ് മുതല്‍ വന്‍തോതിലുള്ള ഉത്പാദനത്തിന് വരെ മേല്‍നോട്ടം വഹിക്കുന്ന സുപ്രധാന പദവിയിലെത്തി. ടെസ്‌ലയുടെ മോഡല്‍ 3 പ്രോഗ്രാമിന്റെ നേതൃത്വവും കഴിഞ്ഞ വര്‍ഷം ജൂലായില്‍ അദ്ദേഹം ഏറ്റെടുത്തിരുന്നു.

To advertise here,

എട്ട് വര്‍ഷം മുന്‍പ് ഇന്റേണ്‍ ആയി തുടങ്ങിയ സമയത്ത്, എന്നെങ്കിലും സൈബര്‍ട്രക്ക് പ്രോഗ്രാമിനെ നയിക്കാനും അത് യാഥാര്‍ഥ്യമാക്കാനും അവസരം ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം ലിങ്ഡ്ഇന്നില്‍ കുറിച്ചു. 'ടെസ്‌ല വിടുകയെന്നത് ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനങ്ങളില്‍ ഒന്നായിരുന്നു. കഴിവുറ്റവരും, ലക്ഷ്യബോധമുള്ളവരും, യഥാര്‍ത്ഥ റോക്ക്സ്റ്റാറുകളുമായ സഹപ്രവര്‍ത്തകരോടൊപ്പം കഠിനമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായിരുന്നു' - അവസ്തി പറഞ്ഞു. എന്നാല്‍, തന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ടെസ്‌ലയുടെ സൈബര്‍ട്രക്ക് സുപ്രധാന നാഴികക്കല്ലുകള്‍ പിന്നിടുകയും വെല്ലുവിളികള്‍ നേരിടുകയും ചെയ്ത സമയത്തായിരുന്നു അവസ്തി അതിനെ നയിച്ചിരുന്നത്. 2023 നവംബറിനും 2024-നും ഇടയില്‍ 46,096 സൈബര്‍ട്രക്കുകളാണ് നിര്‍മ്മിക്കപ്പെട്ടത്. സൈബര്‍ട്രക്കുകള്‍ പലപ്പോഴും തിരിച്ചുവിളിക്കേണ്ടി വരികയും വില്‍പ്പനയില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരികയും ചെയ്തിരുന്നു. പ്രതിസന്ധിയെത്തുടര്‍ന്ന് സ്റ്റോക്കുള്ള വാഹനങ്ങള്‍ക്ക് ടെസ്‌ല ഡിസ്‌കൗണ്ടുകള്‍ നല്‍കുകയും ചെയ്തിരുന്നു.

ഒക്ടോബറില്‍ ടെസ്‌ല തുടര്‍ച്ചയായ നാലാം പാദത്തിലും ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തിയ സമയത്താണ് അവസ്തിയുടെ രാജി പ്രഖ്യാപനം വരുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 37 ശതമാനം ഇടിഞ്ഞ് 1.4 ബില്യണ്‍ ഡോളറായിരുന്നു.

'ബ്ലേഡ് റണ്ണര്‍' എന്ന സിനിമയും 'ദി സ്‌പൈ ഹൂ ലവ്ഡ് മി' എന്ന ചിത്രത്തില്‍ ജെയിംസ് ബോണ്ട് ഓടിച്ച, അന്തര്‍വാഹിനിയായി മാറാന്‍ കഴിയുന്ന ലോട്ടസ് എസ്പ്രിറ്റുമാണ് സൈബര്‍ട്രക്കിന്റെ രൂപകല്‍പ്പനയ്ക്ക് പ്രചോദനമായത് എന്നാണ് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് പറയുന്നത്. സൈബര്‍ ട്രക്കിന്റെ വിവിധ വേരിയന്റുകള്‍ക്ക് ഏകദേശം 350 മൈല്‍ (560 കിലോമീറ്റര്‍) മുതല്‍ 300 മൈല്‍ (480 കിലോമീറ്റര്‍) വരെയാണ് റേഞ്ച്.

2019-ല്‍ സൈബര്‍ട്രക്ക് അവതരിപ്പിച്ചപ്പോള്‍ 500 മൈല്‍ (800 കിലോമീറ്റര്‍) വരെ റേഞ്ച് ടെസ്‌ല വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, 2023-ന്റെ അവസാനത്തില്‍ പുറത്തിറങ്ങിയ പ്രൊഡക്ഷന്‍ മോഡലിന് പരമാവധി 340 മൈല്‍ (560 കിലോമീറ്റര്‍) റേഞ്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഞ്ച് സീറ്റുള്ള ഈ വാഹനം മോശം നിര്‍മ്മാണ നിലവാരം, തകരാറുകള്‍, ബുക്കിങ്ങിന് ശേഷമുള്ള വിലവര്‍ധന എന്നിവയുടെ പേരില്‍ വിമര്‍ശനം നേരിട്ടിരുന്നു.