ഒരുകാലത്ത് വളരെ നിസാരമെന്ന് കരുതുന്ന പലതും പിന്നീട് ജീവിതംതന്നെ മാറിമറിയുന്നതിന് കാരണമായി മാറിയേക്കാം. അത്തരത്തിലുള്ള നിരവധി പേരുടെ കഥകൾ മുമ്പ് പുറത്തുവന്നിട്ടുള്ളതാണ്. സാധാരണ വെൽഡിങ് തൊഴിലാളി ആയിരുന്ന ജുവാൻ ഹെർണാണ്ടസ് ഇന്ന് കോടീശ്വരനായി മാറിയതും അങ്ങനെയുള്ള ചില സംഭവങ്ങളെത്തുടർന്നാണ്.

To advertise here,

2015-ൽ ജുവാൻ ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയിൽ വെൽഡറായി ജോലിക്ക് ചേർന്നത് ഒരു സുഹൃത്ത് നൽകിയ വിവരത്തെ തുടർന്നാണ്. ഒരു താത്കാലിക ജോലി എന്നതിലുപരി വലിയ പ്രാധാന്യമൊന്നും ജുവാൻ ആ ജോലിക്ക് നൽകിയിരുന്നില്ല. എന്നാൽ അക്കാലത്ത് അദ്ദേഹത്തിന് കമ്പനിയുടെ 6500 ഓഹരികൾ ലഭിച്ചിരുന്നു. ഓഹരികൾ മറ്റാർക്കും കൈമാറാതെ സൂക്ഷിച്ചുവെങ്കിലും സ്‌പേസ് എക്‌സിനെക്കുറിച്ചോ മസ്‌കിനെക്കുറിച്ചോ ഒന്നും ജുവാന് കാര്യമായ ഒന്നും അറിയുമായിരുന്നില്ല. കുറച്ചുകാലം ജോലി ചെയ്തശേഷം ജുവാൻ മറ്റൊരു കമ്പനിയിലേക്ക് മാറുകയും ചെയ്തു.

അതിനിടെ, 75 ബില്യൺ ഡോളർ (ഏകദേശം 7.13 ലക്ഷം കോടി രൂപ) എന്ന റെക്കോർഡ് തുകയുടെ പ്രാരംഭ ഓഹരി വിൽപന (ഐപിഓ) സ്‌പേസ്എക്‌സ് പൂർത്തിയാക്കിയതോടെ ജുവാന്റെ ജീവിതത്തിൽ നാടകീയ വഴിത്തിരിവുണ്ടായി. ഒരു ഓഹരിക്ക് 160.95 ഡോളർ (ഏകദേശം 15,308 രൂപ) എന്ന നിരക്കിൽ ഐപിഓ ക്ലോസ് ചെയ്തതോടെ അദ്ദേഹത്തിന്റെ ഓഹരികളുടെ മൂല്യം കുതിച്ചുയർന്നു. ഇന്ന് അദ്ദേഹത്തിന്റെ കൈവശമുള്ള 6,500 ഓഹരികളുടെ മൂല്യം 9.95 കോടി രൂപയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

നിയമനം ലഭിച്ചപ്പോൾ തന്നെ കമ്പനി ഏകദേശം 10,000 ഡോളർ (ഏകദേശം 9.5 ലക്ഷം രൂപ) വിലമതിക്കുന്ന ഓഹരികൾ നൽകിയിരുന്നുവെന്ന് ജുവാൻ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം മുൻപ് ചെയ്ത ജോലികളിൽ ഒന്നിലും ജീവനക്കാർക്ക് ഇത്തരത്തിൽ ഓഹരികൾ ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അതിന് യാതൊരു പ്രാധാന്യവും ജുവാൻ നൽകിയിരുന്നില്ല. സ്‌പേസ് എക്‌സിൽ ജോലി ചെയ്ത കാലയളവിൽ, റോക്കറ്റ് ലോഞ്ചിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലാണ് അദ്ദേഹം പങ്കാളിയായിരുന്നത്. പിന്നീട് ഒരു സൂപ്പർവൈസറായി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് സ്‌പേസ് എക്‌സ് വിട്ട ജുവാൻ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ എയ്‌റോസ്‌പേസ് കമ്പനിയായ ബ്ലൂഒറിജിനിലാണ് നിലവിൽ ജോലിചെയ്യുന്നത്.

കോടീശ്വരൻ ആയെങ്കിലും നിലവിലെ ജോലി ഉപേക്ഷിക്കാൻ പദ്ധതിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഓഹരി വിപണിയെക്കുറിച്ച് പഠിക്കാൻ അദ്ദേഹം തന്റെ കൗമാരക്കാരിയായ മകളോട് നിർദേശിച്ചിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ബ്ലോക്ക്ബസ്റ്റർ ഓഹരിവിൽപ്പന ജുവാനെപ്പോലെ ആയിരക്കണക്കിന് ജീവനക്കാരെ കോടീശ്വരന്മാർ ആക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജീവിതത്തിലെ ഈ മാറ്റത്തിന് താൻ നന്ദിയുള്ളവനാണെന്നും കമ്പനിയുടെ വിജയം സാധാരണ തൊഴിലാളികളുടെ ജീവിതം മാറ്റിമറിക്കുമെന്ന് താൻ വിശ്വസിക്കുന്നതായും ജുവാൻ പറഞ്ഞു.