സ്വാഭാവികമായ എന്തിനെയും മൃഗങ്ങള്‍ക്ക് ഭയമാണ്. ഈ ഭയം മുതലെടുത്ത് അവയെ ഉപദ്രവിക്കാതെ ഫലപ്രദമായി തുരത്താം. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ നേരിടുന്ന വന്യമൃഗശല്യം എന്ന ഗുരുതരമായ പ്രശ്‌നത്തിന് ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ പരിഹാരം അനായാസം കാണാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് പേരാമ്പ്ര പെരുവണ്ണാമൂഴി സ്വദേശി എം.എ ജോണ്‍സണ്‍.

To advertise here,

പെരുവണ്ണാമൂഴിയില്‍ പ്രവര്‍ത്തിക്കുന്ന എംടെക്ക് എന്‍ജിനീയേഴ്സിന്റെ സ്ഥാപകനായ ഡോ. ജോണ്‍സണ്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന അനവധി കണ്ടെത്തലുകളിലൂടെ ഇതിനകം മലയാളികള്‍ക്ക് സുപരിചിതനാണ്. രാത്രികാലങ്ങളില്‍ കൃഷിയിടത്തിലേക്ക് കടന്നുവരുന്ന മൃഗങ്ങളെ തുരത്താനുള്ള ഉപകരണമാണ് ജോണ്‍സണ്‍ പുതുതായി വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇതിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. കാടും നാടും തമ്മിലുള്ള അന്തരം പതുക്കെ ഇല്ലാതാവുകയാണ്. ഈ സാഹചര്യത്തിൽ കാടിറങ്ങി നാട്ടിലേക്ക് വരുന്ന മൃഗങ്ങളും വനത്തിന്റെ വൈവിധ്യത്തിലേക്ക് കടന്നുകയറുന്ന മനുഷ്യരും തമ്മിലുള്ള പോരാട്ടം വലിയ തലവേദന സൃഷ്ടിക്കുന്നു. കാലങ്ങളായി കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി സ്നേഹിക്കുന്ന കര്‍ഷകര്‍ ഇതിനിടയില്‍പ്പെട്ട് പകച്ചുനില്‍ക്കുകയാണ്. അവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ് ജോണ്‍സന്റെ കണ്ടെത്തല്‍.

ചലനശേഷി നഷ്ടപ്പെട്ടെങ്കിലും ജോണ്‍സണ്‍ തോറ്റില്ല, പുരസ്‌കാരങ്ങള്‍ തേടിയെത്തി

 

ആറുമാസം പ്രായമുള്ളപ്പോള്‍ പോളിയോ ബാധിച്ച് ശരീരം തളര്‍ന്നുപോയതിനാല്‍ ജോണ്‍സന് ചലനശേഷിയില്ല. എന്നാല്‍, ഒരിക്കലും അദ്ദേഹം തന്റെ സാഹചര്യത്തെ കുറ്റപ്പെടുത്തുകയോ അതില്‍ വിഷമിക്കുകയോ ചെയ്തില്ല. സ്‌കൂളില്‍ നിന്ന് ഔപചാരികമായി വിദ്യാഭ്യാസം നേടിയില്ലെങ്കിലും നാടിന് ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന ചിന്ത ജോണ്‍സണെ മുന്നോട്ട് നയിച്ചു. 2004-ല്‍ അദ്ദേഹത്തിന്റെ യൂണിറ്റില്‍ നിര്‍മ്മാണം ആരംഭിച്ച എല്‍ഇഡി ബള്‍ബുകള്‍ ഇതിന് ഉദാഹരണമാണ്. എംടെക്കിന്റെ യൂണിറ്റില്‍ വെച്ച് നിന്ന് തന്നെയാണ് ജോണ്‍സണ്‍ തന്റെ ജീവിതസഖിയെ കണ്ടെത്തിയും. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹം കഴിച്ചു. ഇരുവര്‍ക്കും രണ്ട് ആണ്‍കുട്ടികളുണ്ട്. പ്രാദേശികതലത്തിലും ദേശീയതലത്തിലും നിരവധി അവാര്‍ഡുകള്‍ ഇതുവരെ ജോണ്‍സണെ തേടിയെത്തി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റിക്കുള്ള ദേശീയ അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കി. കൃഷിസ്ഥലത്ത് വരുന്ന വന്യമൃഗങ്ങളെ തുരത്താനുള്ള പുതിയ ഉപകരണമായ സ്‌കേര്‍ഡ്ജ് വികസിപ്പിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നേട്ടം.

 

വന്യമൃഗങ്ങളെ കൊല്ലാന്‍ നിയമമുണ്ട്; പക്ഷേ, എപ്പോഴും പ്രായോഗികമല്ല

കൃഷിസ്ഥലത്ത് വരുന്ന വന്യജീവികളെയെല്ലാം കൊന്നൊടുക്കുക എന്നത് എപ്പോഴും സാധ്യമായ കാര്യമല്ല. പന്നികളേയും മറ്റും അനുമതിയോടെ കൊല്ലാന്‍ നിയമം ഉണ്ടെങ്കിലും ഇത് എത്രത്തോളം പ്രായോഗികമാണ് എന്ന കാര്യം മിക്കവര്‍ക്കും അറിയാം. പണ്ടും കൃഷി നശിപ്പിക്കാന്‍ മൃഗങ്ങള്‍ വന്നിരുന്നു. ശബ്ദമുണ്ടാക്കിയും പന്തം കൊളുത്തിയും പടക്കം പൊട്ടിച്ചുമാണ് അന്ന് അവയെ തുരത്തിയിരുന്നത്. അച്ഛനും മുത്തശ്ശനും കൃഷിക്കാരായതിനാല്‍ ജോണ്‍സണ്‍ ഇതെല്ലാം ചെറുപ്പത്തിലേ കണ്ടിട്ടുണ്ട്.

അതുകൊണ്ട് മൃഗങ്ങളുടെ വികാരങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിച്ചു. ഇതു കാരണമാണ് കൃഷിയിടത്തില്‍ വരുന്ന മൃഗങ്ങളെ കൊല്ലുന്നതല്ല അവയെ തുരത്തുന്നതാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും എളുപ്പമുള്ള കാര്യം എന്ന് അദ്ദേഹം പറയുന്നത്. സ്‌കേര്‍ഡ്ജ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഉപകരണം അതിനുള്ളതാണ്.

കൃഷിവിജ്ഞാനകേന്ദ്രം അധികൃതര്‍ ആവശ്യപ്പെട്ടു, ജോണ്‍സണ്‍ രംഗത്തിറങ്ങി

വന്യമൃഗം ഭയന്ന് ഓടുന്നതുവരെ പേടിപ്പിക്കുക എന്നതാണ് സ്‌കേര്‍ഡ്ജ്‌ (Scare- Edge) കൊണ്ട് ഉദ്ദേശിക്കുന്നത്. കൃഷിസ്ഥലത്ത് എത്തുന്ന വന്യജീവികളുടെ നാശമല്ല, മറിച്ച് അവയെ ഭയപ്പെടുത്തി തുരത്തുക എന്നതാണ് ഇവിടെ ലക്ഷ്യംവെക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്ന് ലഭ്യമായ സാങ്കേതികവശങ്ങള്‍ ഉള്‍പ്പെടുത്തി സ്‌കേര്‍ഡ്ജിന്റെ പ്രാഥമിക രൂപം വികസിപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് അതുമായി ബന്ധപ്പെട്ട് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല. ഈ അടുത്ത് പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തിലെ അധികൃതര്‍ കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ തുരത്താന്‍ സഹായിക്കുന്ന ഒരു ഉപകരണം വികസിപ്പിക്കാന്‍ ആവശ്യപ്പെട്ടതാണ് വീണ്ടും ഇതിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

ബെംഗളൂരുവിൽ നടത്തിയ ചില ഗവേഷണങ്ങളുടെ ഭാഗമായി നീല വെളിച്ചത്തിലുള്ള ലൈറ്റ് ബ്ലിങ്ക് ചെയ്യുന്നത് മൃഗങ്ങള്‍ക്ക് അലോസരമാകുമെന്ന് കണ്ടെത്തിയിരുന്നു. അത് കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ഒരു ഉപകരണമാക്കി മാറ്റുക എന്നതായിരുന്നു അവരുടെ ആവശ്യം. അപ്പോഴാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡെവലപ്പ് ചെയ്ത സ്‌കേര്‍ഡ്ജില്‍ നീല ബ്ലിങ്കിങ് ലൈറ്റുകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് കൃഷി വിജ്ഞാന കേന്ദ്രത്തിലെ അധികൃതരോട് പറഞ്ഞത്. ഇത് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും എന്ന് മനസിലാക്കിയതോടെ അവര്‍ അംഗീകരിക്കുകയും സ്‌കേര്‍ഡ്ജ്‌ വികസിപ്പിക്കുകയും ചെയ്തു.

സ്‌കേര്‍ഡ്ജിന്റെ പ്രവര്‍ത്തനം ഇങ്ങനെ:

പകല്‍ സമയങ്ങളില്‍ സോളാര്‍ പാനല്‍ വഴി ഊര്‍ജം ശേഖരിക്കുകയും രാത്രിയായാല്‍ സ്വയം പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്ന രീതിയിലാണ് സ്‌കേര്‍ഡ്ജ് വികസിപ്പിച്ചിരിക്കുന്നത്. 10 മിനിറ്റ് ഇടവേളയില്‍ ഇരുപത് സെക്കൻഡ് നേരത്തേക്ക് സൈറണ്‍ മുഴങ്ങുന്നത് പോലെ ശബ്ദമുണ്ടാക്കുന്നു. അതിനോടൊപ്പം തന്നെ ശക്തിയായ പ്രകാശവും ചുവന്ന ലേസര്‍ ലൈറ്റും പുറത്തുവിടുന്നതാണ് ഇതിന്റെ പ്രധാന ഭാഗം. ആദ്യം ഉണ്ടാക്കിയ മോഡലില്‍ വെളിച്ചത്തിനും ശബ്ദത്തിനും ചലനമുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ സ്‌കേര്‍ഡ്ജില്‍ നാല് ദിക്കിലേക്കും വരുന്ന രീതിയില്‍ ഇവ രണ്ടും വട്ടത്തില്‍ കറങ്ങുന്നു. 20 സെക്കന്‍ഡ് നേരം ഇത്തരത്തില്‍ വട്ടത്തില്‍ ചലിച്ചതിനുശേഷം ശബ്ദവും വെളിച്ചവും ഓഫാകും. അതിനുശേഷം അടുത്ത 10 മിനിറ്റ് ഇടവേളയില്‍ പ്രവര്‍ത്തിക്കുന്നത് നീല നിറത്തിലുള്ള ബ്ലിങ്കിങ് ലൈറ്റാണ്. നീലനിറത്തില്‍ വെളിച്ചം ബ്ലിങ്ക് ചെയ്യുന്നത് മൃഗങ്ങള്‍ക്ക് അരോചകമാണെന്ന് ബെംഗളൂരുവിലെ ഗവേഷകര്‍ ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞിരുന്നു.

അഞ്ചേക്കറില്‍ ഒരു സ്‌കേര്‍ഡ്ജ് മതി; മൃഗങ്ങള്‍ അടുക്കില്ല

അഞ്ചേക്കര്‍ വരുന്ന ഒരു കൃഷിസ്ഥലത്തേക്ക് ഇത്തരത്തിലുള്ള ഒരു സ്‌കേര്‍ഡ്ജ് മതി. കൃഷിസ്ഥലത്തിന്റെ നടുക്കായി സ്‌കേര്‍ഡ്ജ് സ്ഥാപിച്ചു കഴിഞ്ഞാല്‍ ഇതിന്റെ ശബ്ദവും വെളിച്ചവും കാരണം മൃഗങ്ങള്‍ അടുക്കില്ല. മാത്രമല്ല സ്‌കേര്‍ഡ്ജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ലേസര്‍ സംവിധാനവുമായി ബന്ധിപ്പിച്ച് ഇതിന്റെ അനുബന്ധ  ഉപകരണം കൃഷിസ്ഥലത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വെക്കാം. സ്‌കേര്‍ഡ്ജ് പ്രവര്‍ത്തിക്കുന്ന അതേസമയം തന്നെ ലേസര്‍ സംവിധാനത്തിന്റെ സഹായത്തോടുകൂടി അനുബന്ധ ഉപകരണവും ശബ്ദമുണ്ടാക്കും. ഇതില്‍ വ്യത്യസ്തമായ ശബ്ദം ഉള്‍പ്പെടുത്തുവാനും സാധിക്കും.

 

 

സ്‌കേര്‍ഡ്ജില്‍ നിന്നും സൈറണ്‍ രീതിയിലാണ് ശബ്ദം ഉണ്ടാകുന്നതെങ്കില്‍, മറ്റ് ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന അനുബന്ധ ഉപകരണത്തില്‍ നിന്നും ആളുകള്‍ കൂവി വിളിക്കുന്നതിന്റെയും ചെണ്ട മുട്ടുന്നതിന്റെയും പടക്കം പൊട്ടിക്കുന്നതിന്റയും ശബ്ദങ്ങള്‍ ഉള്‍പ്പെടുത്താം. ഇത്തരത്തില്‍ ഒരേസമയം പല ദിക്കുകളില്‍ നിന്നായി ശബ്ദവും വെളിച്ചവും ഉണ്ടാകുന്നത് മൃഗങ്ങളെ ഭയപ്പെടുത്തുകയും അവയെ തുരത്തുകയും ചെയ്യും. ഒരു സ്‌കേര്‍ഡ്ജില്‍ തന്നെ അഞ്ച് മുതല്‍ 10 ലേസര്‍ സംവിധാനം ഉപയോഗിച്ച് അത്രയും ഭാഗത്തേക്ക് അനുബന്ധ ഉപകരണം ഉപയോഗിച്ച് പ്രവര്‍ത്തനം വ്യാപിക്കാന്‍ സാധിക്കും. പൂര്‍ണമായും സൗരോർജത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കേര്‍ഡ്ജ്‌ ഒരു പ്രാവശ്യം സ്ഥാപിച്ചു കഴിഞ്ഞാല്‍ മറ്റു ചെലവുകള്‍ വരുന്നില്ല. കൃഷിസ്ഥലത്ത് സ്ഥാപിക്കാനായി ഒരു പൈപ്പ് മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്. ഭാരം വളരെ കുറവായതിനാല്‍ കൈകാര്യം ചെയ്യാനും എളുപ്പമാണ്. കൃഷിയുള്ളപ്പോള്‍ ഉപയോഗിക്കുകയും അല്ലാത്ത സമയത്ത് വീട്ടിനുള്ളില്‍ എടുത്തുവെക്കുകയും ചെയ്യാം.

മൃഗങ്ങള്‍ക്ക് സ്വാഭാവികമായതിനെ ഒഴിച്ച് ബാക്കി എല്ലാത്തിനെയും പേടിയാണ്. ഈ ഭയമാണ് സ്‌കേര്‍ഡ്ജിന്റെ വിജയം. രാത്രി കൃഷിസ്ഥലത്തെ പലയിടങ്ങളില്‍ നിന്നും ശബ്ദം കേള്‍ക്കുകയും വെളിച്ചം അടിക്കുകയും ചെയ്യുമ്പോള്‍ മൃഗങ്ങളുടെ ഉള്ളില്‍ സ്വാഭാവികമായും ഭയം ഉണ്ടാകും. ശബ്ദവും വെളിച്ചവും ഇടവേളകളില്‍ ഓണാവുകയും ഓഫാവുകയും ചെയ്യുന്നതിനാല്‍ അവയ്ക്ക് ഇതുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വരികയും സ്വാഭാവികമായും കൃഷിസ്ഥലത്തേക്ക് വരുന്നത് നിര്‍ത്തുകയും ചെയ്യും. സ്‌കേര്‍ഡ്ജില്‍ മനുഷ്യ ശബ്ദത്തിന് പകരം മൃഗങ്ങളുടെ ശബ്ദം തന്നെയാണ് ഉപയോഗിക്കുന്നത്. എല്ലാ സമയവും ശബ്ദം ഉണ്ടാവുകയാണെങ്കില്‍ സ്വാഭാവികമായും മൃഗങ്ങള്‍ അതിനോട് പൊരുത്തപ്പെടുകയും കൃഷിസ്ഥലത്തേക്ക് വരുന്നത് തുടരുകയും ചെയ്യും. ഇതുണ്ടാവാതിരിക്കാനാണ് 10 മിനിറ്റ് ഇടവേളകളില്‍ ശബ്ദവും വെളിച്ചവും പുറപ്പെടുവിക്കുന്നതും ബാക്കിയുള്ള സമയങ്ങളില്‍ നീല ലൈറ്റ് ബ്ലിങ്ക് ചെയ്യുന്നതും.

മൂന്ന് മാസമായി മൃഗങ്ങളുടെ ശല്യമില്ല

സ്‌കേര്‍ഡ്ജിന്റെ നിര്‍മ്മാണം ഒരു ടീം വര്‍ക്ക് ആണ്. പണ്ട് ജോണ്‍സണ്‍തന്നെ വികസിപ്പിച്ചെടുത്ത ഒരു സംവിധാനത്തില്‍ ആധുനിക സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുകയും അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയുമാണ് ചെയ്തത്. ബിടെക് ഇലക്ട്രോണിക്സ് കഴിഞ്ഞ മകന്റെ സഹായവും ഇതിന് ഉപകാരപ്പെട്ടു. ഇനിയും മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന രീതിയിലാണ് സ്‌കേര്‍ഡ്ജ് നിര്‍മിച്ചിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ സ്‌കേർഡ്ജ് വീട്ടില്‍ വെച്ചിട്ട് മൂന്നുമാസത്തോളമായി ഇതുവരെ മൃഗങ്ങളുടെ ശല്യം ഉണ്ടായിട്ടില്ല. ഇത് വെക്കുന്നതിനു മുന്‍പ് മാനിന്റെയും കുരങ്ങിന്റെയും പന്നിയുടെയും ശല്യം രൂക്ഷമായിരുന്നു. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സ്‌കേര്‍ഡ്ജ് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ട് ഇപ്പോള്‍ 10 ദിവസത്തിലധികം ആകുന്നു. അവിടെയും ഇത് വെച്ചതിനുശേഷം മൃഗങ്ങളുടെ ശല്യം ഉണ്ടായിട്ടില്ല എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കര്‍ഷകനിലേക്ക് എത്തിക്കാനുള്ള മാര്‍ഗങ്ങള്‍

നിലവില്‍ ആയുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മലപ്പുറം, വയനാട്, കോഴിക്കോട്ടെ തിരുവമ്പാടി  എന്നിവിടങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ വന്‍ തുടങ്ങിയിട്ടുണ്ട്. ഉദ്ഘാടനവേളയില്‍ ചക്കിട്ടപ്പാറ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് വേണ്ടി 50 ശതമാനം സബ്സിഡിയോടുകൂടി ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ അത് കഴിഞ്ഞതിനും ശേഷം മാത്രമേ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കും.

കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച സ്‌കേര്‍ഡ്ജിന്റെ പ്രവര്‍ത്തനം കൂടി നിരീക്ഷിച്ച് കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് ഇതുമായി ബന്ധപ്പെട്ട് കത്തയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു നിലപാട് ലഭിക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സ്‌കേര്‍ഡ്ജ് നല്‍കാന്‍ സാധിക്കും. പൂര്‍ണമായും സൗരോർജത്തിൽ പ്രവര്‍ത്തിക്കുന്ന ഉപകരണമായതിനാല്‍ സത്വ എന്ന സൊസൈറ്റിയുമായി സഹകരിച്ച് അതിലൂടെ ഒരു സബ്സിഡി ലഭ്യമാക്കാൻ ആലോചിക്കുന്നുണ്ട്. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും അന്‍പത് ശതമാനം സബ്സിഡി ലഭിക്കുകയാണെങ്കില്‍ 7000 രൂപ വരുന്ന സ്‌കേര്‍ഡ്ജ് 3500 രൂപയ്ക്ക് കര്‍ഷകര്‍ക്ക് ലഭ്യമാകും. ഇതില്‍ സോളാര്‍ സൊസൈറ്റിയുടെ സബ്സിഡി കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ 2500 രൂപയ്ക്ക് കര്‍ഷകരുടെ കൈകളിലേക്ക് സ്‌കേര്‍ഡ്ജ് എത്തിക്കാന്‍ സാധിക്കും. അഞ്ചേക്കര്‍ സ്ഥലത്തേക്ക് വെക്കാനുള്ള സ്‌കേര്‍ഡ്ജിന്റെ വിലയാണിത്. ലേസര്‍ സംവിധാനം ഉപയോഗിച്ച് പല ദിക്കുകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഇതിന്റെ ഉപഉപകരണത്തിന് അധികമായ ഒരു തുക കൂടി നല്‍കേണ്ടിവരും. ഇതില്‍ ഉപയോഗിക്കുന്ന ശബ്ദത്തിനനുസരിച്ച് തുകയില്‍ ചെറിയ മാറ്റം ഉണ്ടാകും.

സത്വ സോളാര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഇപ്പോഴും ലളിതമായ നിരക്കില്‍ സോളാര്‍ റാന്തലുകള്‍ നല്‍കുന്നുണ്ട്. 3200 രൂപ വിലയുള്ള ഒരു റാന്തല്‍ സൊസൈറ്റിയുടെ സബ്‌സിഡിയും കഴിച്ച് 1210 രൂപയ്ക്കാണ് ആളുകള്‍ക്ക് ലഭ്യമാക്കുന്നത്. മാലിന്യം ഉണ്ടാകുന്നത് പരമാവധി കുറച്ച് വരും തലമുറയ്ക്കും താമസിക്കാന്‍ സാധിക്കുന്ന രീതിയില്‍ ഭൂമിയെ സംരക്ഷിക്കുക എന്നതാണ് സത്വയിലൂടെ ഉദ്ദേശിക്കുന്നത്.

എപ്പോഴും പ്രവര്‍ത്തനത്തില്‍ വ്യത്യസ്ത കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ജോണ്‍സണ്‍. ''മറ്റൊരാള്‍ ചെയ്തതിന് പുറകെ പോയാല്‍ ലോകം വളരില്ല. തുടക്കം മുതലേ എന്റെ ശ്രമവും അതായിരുന്നു. അത്തരത്തിലൊരു ചിന്തയാണ് എല്‍ഇഡി ബള്‍ബിലേക്കും എത്തിച്ചത്. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അവസരത്തില്‍ ഇത് വെറും ഭ്രാന്താണ്, ആരും വാങ്ങില്ല എന്നായിരുന്നു ആളുകള്‍ പറഞ്ഞിരുന്നത്. അത് മാറിയില്ലേ.. അതുകൊണ്ട് സംസാരത്തിന് പകരം പ്രവര്‍ത്തിച്ച് കാണിക്കാനാണ് എന്റെ തീരുമാനം. സ്‌കേര്‍ഡ്ജിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. സ്‌കേര്‍ഡ്ജ് പോലെ കൃഷി, മെഡിക്കല്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകള്‍ക്ക് ഉപകരിക്കുന്ന സംവിധാനങ്ങള്‍ ഡെവലപ്പ് ചെയ്തിട്ടുണ്ട്. പലതിനും പേറ്റന്റ് ലഭിക്കാനുള്ള കാത്തിരിപ്പിലാണ്. അത് ലഭിക്കുന്നതോടുകൂടി ലോകത്തിന് തന്നെ സഹായകരമാകുന്ന പല ഉപകരണങ്ങളും സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കും'' - അദ്ദേഹം പറയുന്നു.

കൃഷിയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ സാധിക്കില്ല. അപ്പോള്‍ കൃഷിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സമൂഹത്തില്‍ കൃഷിയുടെ അത്ര മനോഹരമായ ഒരു പ്രവൃത്തി വേറെയില്ല. സ്വന്തമായി അധ്വാനിക്കുന്നതിനോടൊപ്പം മറ്റൊരാളുടെ ജീവന്‍ നിലനിര്‍ത്തുകയും ചെയ്യുന്ന മഹത്തായ പ്രവൃത്തിയാണിത്. അതിനാല്‍ കര്‍ഷകര്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. സ്‌കേര്‍ഡ്ജിന്റെ കാര്യത്തില്‍ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രവുമായി സഹകരിച്ചുകൊണ്ടായിരിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍. പുതുതലമുറയ്ക്കും കൃഷിയോടുള്ള താല്പര്യം വര്‍ധിപ്പിക്കുന്ന രീതിയില്‍ കാര്‍ഷിക മേഖല വളരണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.