ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തിന് ഏറെ പ്രധാനപ്പെട്ടൊരു ആഴ്ചയാണ് കടന്നുപോയത്. എക്‌സ് എഐ എന്ന സ്റ്റാര്‍ട്ട് അപ്പ് വികസിപ്പിച്ച പുതിയ ലാര്‍ജ് ലാംഗ്വേജ് ജനറേറ്റീവ് എഐ മോഡലായ ഗ്രോക്കിനെ കമ്പനി മേധാവി ഇലോണ്‍ മസ്‌ക് പരിചയപ്പെടുത്തിയതും ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ കമ്പനിയുടെ ആദ്യ ഡെവലപ്പര്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതും വേഗമേറിയ ജിപിടി-4 ടര്‍ബോ അവതരിപ്പിച്ചതും കഴിഞ്ഞയാഴ്ചയിലാണ്.
ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക് അവരുടെ താല്പര്യം അനുസരിച്ച് ചാറ്റ് ബോട്ടുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ജിപിടി ബില്‍ഡര്‍ എന്ന പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തുകയാണ് സാം ആള്‍ടമാന്‍. നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് അനുസരിച്ച് ചാറ്റ് ബോട്ടുകള്‍ നിര്‍മിച്ച് നല്‍കുന്ന ടൂള്‍ ആണ് ജിപിടി ബില്‍ഡര്‍.
അതിന്റെ പ്രവര്‍ത്തനം കാണിക്കുന്ന ഒരു സ്‌ക്രീന്‍ ഷോട്ടും സാം ആള്‍ട്മാന്‍ പങ്കുവെച്ചു. എന്നാല്‍ ഇലോണ്‍ മസ്‌കിന്റെ ഗ്രോക്ക് എഐയെ (Grok Ai) ചെറുതായൊന്ന് കളിയാക്കിക്കൊണ്ടാണ് സാം ആള്‍ട്മാന്റെ ട്വീറ്റ്. 'ഭയങ്കര തമാശയോടുകൂടി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ഒരു ചാറ്റ് ബോട്ട് തയ്യാറാക്കുക.' എന്ന നിര്‍ദേശമാണ് സാം ആള്‍ട്മാന്‍ ജിപിടി ബില്‍ഡറിന് നല്‍കിയത്.
അതിന് മറുപടിയായി, കൊള്ളാം! ചാറ്റ് ബോട്ട് സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്റെ പേര് ഗ്രോക്ക് എന്നാണ്. പേര് നിങ്ങള്‍ക്ക് ഇഷ്ടമായോ, അതോ വേറെ ഏതെങ്കിലും വേണോ? എന്നാണ് ജിപിടി ബില്‍ഡര്‍ മറുപടി നല്‍കിയത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഗ്രോക്ക് ജിപിടി എന്ന പുതിയ എഐ മോഡല്‍ ആദ്യ ബീറ്റാ പരീക്ഷണത്തിനായി അവതരിപ്പിക്കുകയാണെന്നറിയിച്ച് മസ്‌ക് രംഗത്ത് വന്നത്. അന്ന് ഗ്രോക്കിന്റെ പ്രവര്‍ത്തനം കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ട് മസ്‌കും പങ്കുവെച്ചിരുന്നു. കൊക്കെയ്ന്‍ എന്ന മയക്കുമരുന്ന് ഉണ്ടാക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് മയക്കുമരുന്ന് നിര്‍മാണ രീതി പങ്കുവെക്കുന്നതിന് പകരം തമാശരൂപേണ ചോദ്യത്തിന് മറുപടി നല്‍കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് ആയിരുന്നു അത്.
അതിനെയാണ് 'ചോദ്യങ്ങള്‍ക്ക് ഭയങ്കര തമാശയില്‍ മറുപടി പറയുന്ന ചാറ്റ് ബോട്ട്' എന്ന് സാം ആള്‍ട്മാന്‍ വിശേഷിപ്പിച്ചത്. ആള്‍ട്മാന്റെ പോസ്റ്റിന് ഇതിനകം എക്‌സില്‍ 25000 ലൈക്കുകളും ആയിരക്കണക്കിന് ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
മസ്‌ക് ഇതുവരെ ഈ ട്വീറ്റിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും താമസിയാതെ തന്നെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം ഉണ്ടായേക്കും.
എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്നും ഇന്റര്‍നെറ്റ് ബ്രൗസിങില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ ഗ്രോക്ക് നല്‍കുമെന്നാണ് മസ്‌ക് പറയുന്നത്.
ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും, മുന്‍ സിഇഒയുമാണ് ഇലോണ്‍ മസ്‌ക്. പിന്നീട് ബോര്‍ഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മസ്‌ക് കമ്പനിയില്‍ നിന്ന് രാജിവെക്കുകയായിരുന്നു. ഓപ്പണ്‍ എഐയുടെ നിലവിലെ പ്രവര്‍ത്തന രീതിയിയേയും ചാറ്റ് ജിപിടിയെയും നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് മസ്‌ക് മറ്റൊരു എഐ കമ്പനിയായ എക്‌സ്.എഐ ആരംഭിച്ചത്.
Content Highlights: Sam Altman downplayed Elon Musk’s Grok AI chatbot
Published: 10 Nov 2023, 02:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented