യുക്രൈനില്‍ ഗതിനിര്‍ണയത്തിനും സ്ഥാനനിര്‍ണയത്തിനും വേണ്ടി ഉപയോഗിക്കുന്ന ഗതിനിര്‍ണയ സംവിധാനമായ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) ഉപഗ്രഹങ്ങളില്‍ റഷ്യ ഇടപെടുന്നുവെന്ന ആരോപണവുമായി യുഎസ്. 

To advertise here,

യാത്രാവിമാനങ്ങളില്‍ ഉപയോഗിക്കുന്ന ജിപിഎസ് സംവിധാനത്തില്‍ റഷ്യ തടസമുണ്ടാക്കിയെന്ന് യുഎസ് സ്‌പേസ് ഫോഴ്‌സ് ജനറല്‍ ഡേവിഡ് ഡി തോംസണ്‍ പറഞ്ഞു. റഷ്യ ഇതുവരെയും യുഎസിന്റെ ജിപിഎസ് ഉപഗ്രഹങ്ങളെ ആക്രമിച്ചിട്ടില്ലെങ്കിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും തോംസണ്‍ പറഞ്ഞു. 

"ജിപിഎസ് സിഗ്നലുകള്‍ക്ക് തടസം സൃഷ്ടിക്കാനുള്ള ജാമറുകള്‍ റഷ്യ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ യുക്രൈനില്‍ ജിപിഎസ് ചിലപ്പോള്‍ ഉപയോഗിക്കാന്‍ സാധിച്ചെന്ന് വരില്ല. തീര്‍ച്ചയായും, റഷ്യയ്ക്ക് ജിപിഎസിന്റെ പ്രാധാന്യം എന്താണ് എന്ന് നന്നായി അറിയാവുന്നതിനാല്‍ തന്നെ അവരതിന്റെ ഉപയോഗം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണ്", തോംസണ്‍ പറഞ്ഞു. 

യുഎസ് ഉപയോഗിക്കുന്നതും മറ്റ് രാജ്യങ്ങള്‍ക്ക് ലഭ്യമാക്കിയതുമായ നാവ്സ്റ്റാര്‍ ഉപഗ്രഹങ്ങളെ റഷ്യ ലക്ഷ്യംവെക്കുകയാണ്. ഒരോ 12 മണിക്കൂറിലും ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന 24 പ്രധാന ഉപഗ്രഹങ്ങളാണ് നാവ്സ്റ്റാര്‍ സംവിധാനത്തിലുള്ളത്.

റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന്  യുക്രൈനിലെ ഒപ്റ്റിക്, സെല്ലുലാര്‍ നെറ്റ് വര്‍ക്ക് തകരാറിലായിട്ടുണ്ട്. 

യുഎസിന്റെയും അമേരിക്കന്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാക്കളായ സ്റ്റാര്‍ലിങ്കിന്റേയും പിന്തുണയില്‍ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സൗകര്യം യുക്രൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്. 5000 സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ ഇവിടെ എത്തിയിട്ടുണ്ട്.

എങ്കിലും സ്റ്റാര്‍ലിങ്ക് നെറ്റ് വര്‍ക്കിലും തടസ്സം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ റഷ്യന്‍ ഇടപെടല്‍ ഒഴിവാക്കുന്നതിന് നിരന്തരം സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ കമ്പനി പുറത്തിറക്കുന്നുണ്ട്.