ഓപ്പൺഎഐയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓഹരി വിപണിയിലേക്കുള്ള പ്രവേശനവും (IPO) പബ്ലിക് ലിസ്റ്റിങ്ങും ഈ വർഷം ഉണ്ടാകില്ലെന്ന് കമ്പനി സിഇഒ സാം ഓൾട്ട്മാൻ വ്യക്തമാക്കി. എന്നാൽ, അഭ്യൂഹങ്ങളിൽ പ്രചരിക്കുന്നത് പോലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമല്ല, മറിച്ച് എഐ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകാനാണ് കമ്പനി ഈ തീരുമാനം എടുത്തത്.

To advertise here,

ഫോർച്യൂൺ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാം ഓൾട്ട്മാൻ ഇക്കാര്യം വ്യക്തമാക്കിയത്. എഐ സുരക്ഷാ വിഷയങ്ങൾ നിലനിൽക്കുന്ന ഈ സമയത്ത് പബ്ലിക് ലിസ്റ്റിങ്ങിന് തുനിയുന്നത് അനുയോജ്യമല്ലെന്നും, വിപണിയിലേക്ക് ഇറങ്ങാൻ കമ്പനിക്ക് യാതൊരുവിധ സമ്മർദവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം വരെയെങ്കിലും ലിസ്റ്റിങ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയ ഓൾട്ട്മാൻ, ഒരു സ്വകാര്യ കമ്പനിയായി തുടർന്നുതന്നെ എഐ സുരക്ഷയും അലൈൻമെന്റും ഉറപ്പാക്കാൻ ആഗ്രഹിക്കുന്നതായി കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ചുനാളുകളായി എഐ മോഡലുകൾ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് ആഗോളതലത്തിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഈ ജൂലായിൽ ഓപ്പൺഎഐ ഏജന്റുകൾ 'ഹഗ്ഗിംഗ് ഫെയ്സ്' (Hugging Face) ഹാക്ക് ചെയ്ത സംഭവം ഇതിന്റെ തീവ്രത വർധിപ്പിച്ചു. ഇതിനു പുറമെ മറ്റ് ചില പ്ലാറ്റ്ഫോമുകളും എഐ ഏജന്റുകൾ ഹാക്ക് ചെയ്തുവെന്ന വെളിപ്പെടുത്തലുകളും എഐ മനുഷ്യവംശത്തിന് തന്നെ ഭീഷണിയാവുമെന്നുള്ള എഐ വിദഗ്ധരുടെ മുന്നറിയിപ്പും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

ഒരു പൊതു കമ്പനിയായാൽ ഷെയർഹോൾഡർമാരുടെയും ബിസിനസ്സിന്റെയും സാമ്പത്തിക താത്പര്യങ്ങൾക്ക് മുൻഗണന നൽകേണ്ടി വരും. കമ്പനിയുടെയും ഓഹരി ഉടമകളുടെയും സാമ്പത്തിക താത്പര്യങ്ങൾക്ക് അപ്പുറം, തങ്ങളുടെ ദൗത്യം ഉത്തരവാദിത്തത്തോടെ നിറവേറ്റാൻ ആവശ്യമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്ന് ഓൾട്ട്മാൻ പറഞ്ഞു.

പുതിയ മോഡലുകൾ വേഗത്തിൽ പുറത്തിറക്കുന്നതിന് പകരം, ഇടയ്ക്ക് ഇടവേളകൾ എടുത്ത് സുരക്ഷ ഉറപ്പാക്കാൻ സമയം കണ്ടെത്തേണ്ടതുണ്ട്. എഐ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്നും അവ തടയാനുള്ള മാനദണ്ഡങ്ങൾ കമ്പനികളൊന്നിച്ച് നിർമിക്കണമെന്നുമുള്ള എഐ കമ്പനിയായ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയുടെ ആഹ്വാനം സാം ഓൾട്ട്മാനും ഇലോൺ മസ്കും ഡെമിസ് ഹസാബിസും പിന്തുണച്ചിരുന്നു.