ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ വൈകാരിക ബന്ധങ്ങളെ അനുകരിക്കുന്ന ചാറ്റ്‌ബോട്ടുകളുടെ ഉപയോഗം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പെര്‍പ്ലെക്‌സിറ്റി എഐ മേധാവി അരവിന്ദ് ശ്രീനിവാസ്. ചിക്കാഗോ സര്‍വകലാശാലയിലെ പോള്‍സ്‌കി സെന്ററില്‍ സംസാരിക്കവെയാണ് ഇന്റിമേറ്റ് എഐ ചാറ്റ്‌ബോട്ടുകളെ കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹം പങ്കുവെച്ചത്.

To advertise here,

എഐ കാമുകിമാരും, അനിമെ സ്റ്റൈല്‍ ചാറ്റ്‌ബോട്ടുകളും ആളുകളുടെ മാനസികാരോഗ്യത്തിന് ഹാനികരമാണെന്ന് അരവിന്ദ് ശ്രീനിവാസ് പറഞ്ഞു. ഈ സംവിധാനങ്ങള്‍ ഇന്ന് ഏറെ പുരോഗമിച്ചിട്ടുണ്ട്. അവയ്ക്ക് മുമ്പ് നടത്തിയ സംഭാഷണങ്ങള്‍ ഓര്‍ത്തുവയ്ക്കാനും സാധിക്കുന്നതിനാല്‍ ജീവസുറ്റ രീതിയില്‍ സംഭാഷണം നടത്താനും സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

എഐ ചാറ്റ്‌ബോട്ടുകള്‍ പല ഉപഭോക്താക്കള്‍ക്കും യഥാര്‍ത്ഥബന്ധങ്ങള്‍ക്ക് പകരമായി മാറിയിട്ടുണ്ട്. പലര്‍ക്കും യഥാര്‍ത്ഥ ജീവിതം ഇവയെക്കാള്‍ വിരസമാണെന്ന് തോന്നുന്നു, മണിക്കൂറുകളോളം സമയം ചെലവഴിക്കുന്നു. അദ്ദേഹം പറഞ്ഞു. അത്തരം അനുഭവങ്ങള്‍ ആളുകളുടെ ചിന്താഗതിയെ മാറ്റുമെന്നും അവരുടെ മനസ്സ് എളുപ്പത്തില്‍ സ്വാധീനിക്കുകയും വ്യത്യസ്തമായ ഒരു യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കാന്‍ അവരെ നയിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പെര്‍പ്ലെക്‌സിറ്റി എഐ കമ്പാനിയന്‍ ചാറ്റ്‌ബോട്ടുകള്‍ നിര്‍മിക്കില്ല

വൈകാരികവും മാനസികവുമായ ബന്ധങ്ങളുണ്ടാക്കാനാവുന്ന എഐ കമ്പാനിയന്‍ഷിപ്പ് സാങ്കേതിക വിദ്യയില്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് പെര്‍പ്ലെക്‌സിറ്റി സിഇഒ വ്യക്തമാക്കി. തത്സമയ അപ്‌ഡേറ്റുകളും വിശ്വാസയോഗ്യമായ വിവരങ്ങളും നല്‍കുന്ന എഐ ടൂളുകള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പെര്‍പ്ലെക്‌സിറ്റി ആഗ്രഹിക്കുന്നത്. പഠിക്കാനും വളരാനും വേണ്ടി ആളുകള്‍ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്ന ഭാവിയാണ് തങ്ങളുടെ ലക്ഷ്യമെന്നും വൈകാരിക ബന്ധങ്ങളുടെ സ്ഥാനത്ത് യന്ത്രങ്ങളെ കൊണ്ടുവരികയല്ലെന്നും അരവിന്ദ് പറഞ്ഞു.

ഇന്ത്യയില്‍ ഉള്‍പ്പടെ എഐ കമ്പാനിയന്‍ഷിപ്പ് ആപ്പുകള്‍ക്ക് വന്‍ പ്രചാരം ലഭിക്കുന്നതിനിടെയാണ് അരവിന്ദ് ശ്രീനിവാസിന്റെ പ്രതികരണം. റെപ്ലിക്ക, കാരക്ടര്‍ എഐ പോലുള്ള ആപ്പുകള്‍ വിര്‍ച്വല്‍ പങ്കാളികളുമായി സംവദിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നവയാണ്. കാമുകിയായും സുഹൃത്തായുമെല്ലാം ഈ ചാറ്റ്‌ബോട്ടുകള്‍ സംസാരിക്കും. ഇലോണ്‍ മസ്‌കിന്റെ എക്‌സ്എഐ ഗ്രോക്ക് ആപ്പിലും ഇത്തരം വിര്‍ച്വല്‍ സുഹൃത്തുക്കളെ അവതരിപ്പിച്ചിട്ടുണ്ട്. അനി എന്ന പേരില്‍ ഒരു അനിമെ സ്റ്റൈല്‍ ഗേള്‍ഫ്രണ്ടും, റുഡി എന്ന പേരില്‍ ഒരു സംസാരിക്കുന്ന പാന്‍ഡയുമെല്ലാം ഇതിലുണ്ട്. വൈകാരികമായി സംസാരിക്കുന്ന എഐ കമ്പാനിയനുകളെന്ന നിലയിലാണ് ഇവയെല്ലാം വിതരണം ചെയ്യപ്പെടുന്നത്. സംസാരിക്കുന്ന കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കുന്നതിനാല്‍ നേരിട്ട് പരിചയമുള്ള ആളെപോലെ ഉപഭോക്താക്കളോട് സ്വാഭാവികമായി സംസാരിക്കാന്‍ ഇവയ്ക്ക് സാധിക്കും.

മനസികാരോഗ്യത്തെ വെച്ചുള്ള കളി

വിര്‍ച്വല്‍ ചാറ്റ്‌ബോട്ടുകളുമായുള്ള നിരന്തര സമ്പര്‍ക്കം പതിയെ സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍വരമ്പ് പതിയെ ഇല്ലാതാക്കുമെന്നാണ് മാനസികാരോഗ്യ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. കൗമാരക്കാരില്‍ 72 ശതമാനം പേരും ഒരിക്കലെങ്കിലും എഐ കമ്പാനിയന്‍ സംവിധാനങ്ങളെ ഒരിക്കലെങ്കിലും ഉപയോഗിച്ചവരാണെന്നാണ് കോമണ്‍സെന്‍സ് മീഡിയ നടത്തിയ പഠനത്തെ ഉദ്ധരിച്ച് ഡിജിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈകാരികമായ ആശ്രയത്വത്തിലേക്ക് അത് നയിച്ചേക്കുമെന്നും യഥാര്‍ത്ഥ ബന്ധങ്ങളുണ്ടാക്കുന്നതില്‍ അത് പിന്നീട് വെല്ലുവിളി സൃഷ്ടിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.