നിർമിത ബുദ്ധി രംഗത്തെ ഒരു വൻകിട കമ്പനിക്ക് രാഷ്ട്രീയത്തിലെന്ത് കാര്യം എന്ന് തോന്നുന്നുണ്ടാവും. നിർമിത ബുദ്ധിയുടെ ആരംഭകാലത്ത് ഇനിയും അതുമായി ബന്ധപ്പെട്ട കൃത്യമായ നിർവചനങ്ങളോ നയങ്ങളോ നിയമങ്ങളോ രൂപീകരിക്കപ്പെട്ടിട്ടില്ല. സ്വാഭാവികമായും ഭാവിയിൽ അത്തരം നീക്കങ്ങൾ പ്രതീക്ഷിക്കാം. ഇത് മുന്നിൽ കണ്ടുകൊണ്ട് ലോകത്തെ ഏറ്റവും വലിയ എഐ ചിപ്പ് നിർമാതാക്കളായ എൻവിഡിയ യുഎസിലെ നയരൂപീകരണങ്ങളിൽ തങ്ങൾക്കനുകൂലമായ സ്വാധീനം ചെലുത്തുന്നതിനായി ജീവനക്കാരുടെ പങ്കാളിത്തത്തോടെയുള്ള ഒരു പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.

To advertise here,

'എൻവിപിഎസി' (NVPAC) എന്നാണ് ഈ രാഷ്ട്രീയ സമിതിക്ക് പേരിട്ടിരിക്കുന്നതെന്നാണ് വിവരം. എന്നാൽ ഈ പദ്ധതിയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ എൻവിഡിയ തയ്യാറായിട്ടില്ല.

അമേരിക്കൻ നിയമപ്രകാരം ഇത്തരം പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റികൾക്ക് തങ്ങളുടെ താത്പര്യങ്ങൾക്ക് അനുകൂലമായി നിൽക്കുന്ന രാഷ്ട്രീയക്കാർക്ക് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി നികുതിരഹിതമായി ഫണ്ട് നൽകാൻ സാധിക്കും. ഈ തുക പ്രചാരണ പരസ്യങ്ങൾക്കും വോട്ട് ശേഖരണത്തിനുമായി ഉപയോഗിക്കാറുണ്ട്.

എന്തുകൊണ്ട് എൻവിഡിയ രാഷ്ട്രീയത്തിലേക്ക്?

നിർമിത ബുദ്ധി മേഖലയിലെ വളർച്ചയ്ക്കൊപ്പം അതിവേഗം വൻ മുന്നേറ്റമുണ്ടാക്കിയ കമ്പനിയാണ് എൻവിഡിയ. എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ശക്തിയേറിയ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകൾ ആവശ്യമായി വന്നത് മുൻനിര ജിപിയു നിർമാതാവായ എൻവിഡിയയ്ക്ക് ഗുണം ചെയ്തു. അതേസമയം യുഎസിൽ എഐ ‍ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനെതിരെ വലിയ തോതിൽ എതിർപ്പുയരുന്നുണ്ട്. ഇത്തരം ഡാറ്റാ സെന്ററുകൾ സ്ഥാപിക്കപ്പെടുന്നുണ്ടെങ്കിലേ എൻവിഡിയയ്ക്ക് സ്വന്തം ചിപ്പുകൾ വിൽക്കാനാവൂ.

പൊതുജനപ്രതിഷേധം കാരണം ഈ വർഷത്തെ ഒന്നാം പാദത്തിൽ മാത്രം ഏകദേശം 130 ശതകോടി ഡോളറിന്റെ ഡാറ്റാ സെന്റർ പദ്ധതികൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. എഐ ഡാറ്റാ സെന്ററുകൾ വ്യാപകമായ വൈദ്യുതക്ഷാമത്തിനും ജലക്ഷാമത്തിനും സാമ്പത്തികബാധ്യതയ്ക്കും ഇടയാക്കുമെന്ന ആശങ്ക യുഎസിലുടനീളം ശക്തമാണ്. യുഎസിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പോലും ഇത്തരം പദ്ധതികൾക്കെതിരെ പരസ്യപ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.

എഐ മേഖലയിൽ യുഎസ് എന്ത് വിലകൊടുത്തും ആധിപത്യം പുലർത്തണമെന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ നയമെങ്കിലും, ട്രംപിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ പ്രാദേശികമായി സ്ഥാപിക്കുന്ന ഇത്തരം പ്ലാന്റുകൾക്ക് എതിരാണ്.

2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡാറ്റാ സെന്ററുകളും വലിയൊരു രാഷ്ട്രീയ വിഷയമാണ്. ഈ സാഹചര്യത്തിലാണ് നേതാക്കളെ തങ്ങൾക്കനുകൂലമാക്കി മാറ്റുന്നതിനുവേണ്ടിയുള്ള കമ്പനിയുടെ നയപരിപാടികൾ നടപ്പാക്കാൻ പുതിയ സമിതി രൂപീകരിക്കുന്നത്.