തിരുവനന്തപുരം: വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ സ്ഥാപിച്ച ട്രൈസോണിക് വിന്‍ഡ് ടണലിന്റെ ആദ്യ 'ബ്ലോ ഡൗണ്‍' പരീക്ഷണം വിജയകരം. റോക്കറ്റുകളുടെയും പുനരുപയോഗ ബഹിരാകാശവാഹനങ്ങളുടെയും എയ്‌റോഡൈനാമിക് രൂപകല്പന പരിശോധിക്കാനും അതില്‍ അനുഭവപ്പെടാവുന്ന ഭാരത്തിന്റെ വിതരണം, മര്‍ദം മുതലായവ വിലയിരുത്താനും ഉപയോഗിക്കുന്നതാണ് ട്രൈസോണിക് വിന്‍ഡ് ടണല്‍. വി.എസ്.എസ്.സി.യിലുള്ള ട്രൈസോണിക് തുരങ്കത്തിന് 160 മീറ്റര്‍ നീളവും പരമാവധി 5.4 മീറ്റര്‍ വ്യാസവുമുണ്ട്.

To advertise here,

ബഹിരാകാശ വാഹനങ്ങളുടെ വിക്ഷേപണത്തിനിടയിലെ മൂന്ന് വേഗപരിധികളില്‍ വിവിധ പരീക്ഷണങ്ങള്‍ക്കായി ഈ സങ്കേതം ഉപയോഗിക്കാനാകും. ശബ്ദത്തിന്റെ വേഗത്തിന് താഴെ, ശബ്ദത്തിന്റെ വേഗത്തില്‍, ശബ്ദത്തിന്റെ വേഗത്തിനു മുകളില്‍ എന്നീ പരിധികളില്‍ പരീക്ഷണം നടത്താം. ശബ്ദത്തിന്റെ 0.2 മടങ്ങ് വേഗത്തില്‍നിന്ന് ശബ്ദത്തിന്റെ നാലുമടങ്ങുവരെയുള്ള വേഗപരിധിയില്‍ പരിശോധനകള്‍ നടത്താന്‍ ഈ ടണല്‍ ഉപയോഗിക്കാം.

വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍, എല്‍.പി.എസ്.സി. ഡയറക്ടര്‍ ഡോ. വി. നാരായണന്‍, ഐ.ഐ.എസ്.യു. ഡയറക്ടര്‍ ഡോ. സാം ദയാല ദേവ് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് സ്വിച്ച് ഓണ്‍ ചെയ്തു.