വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്വാണ്ടം കംപ്യൂട്ടിങ് യാഥാര്‍ത്ഥ്യമാകുമെന്നും അതിനായി ഇനി ദശാബ്ദങ്ങള്‍ കാത്തിരിക്കേണ്ടതില്ല എന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ ബുധനാഴ്ച (ഫെബ്രുവരി 19) മൈക്രോസോഫ്റ്റ് പുതിയ ക്വാണ്ടം കംപ്യൂട്ടിങ് ചിപ്പ് അവതരിപ്പിച്ചത്. ഇന്നത്തെ കംപ്യൂട്ടറുകള്‍ക്ക് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളെടുത്ത് മാത്രം ചെയ്യാനാകുന്ന ജോലികള്‍ വേഗത്തില്‍ കൈകാര്യം ചെയ്യാനാകുമെന്നതാണ് ക്വാണ്ടം കംപ്യൂട്ടറുകളുടെ പ്രത്യേകത. ശാസ്ത്രം, ഗണിതം ഉള്‍പ്പടെ ജീവിതത്തിന്റെ നാനാ മേഖലയില്‍ അനന്ത സാധ്യതകളാണ് ക്വാണ്ടം കംപ്യൂട്ടിങ്ങിനുമേല്‍ കല്‍പ്പിക്കപ്പെടുന്നത്.
ക്വാണ്ടം കംപ്യൂട്ടിങ്ങിനായുള്ള ഈ പരിശ്രമങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണ് മൈക്രോസോഫ്റ്റ് നടത്തിയിരിക്കുന്നത്. മയോറാന 1 എന്ന ആദ്യ ക്വാണ്ടം ചിപ്പ് ആണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 'ടോപോ കണ്ടക്ടര്‍' എന്ന പുതിയ പദാര്‍ത്ഥത്തിന്റെ സഹായത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ക്വാണ്ടം കംപ്യൂട്ടറുകളുടെ അടിസ്ഥാനമായ ക്യുബിറ്റുകള്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള നൂതനമായൊരു പദാര്‍ഥമാണിതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. 'ടോപോളജിക്കല്‍ സൂപ്പര്‍ കണ്ടക്ടര്‍' എന്നും 'ടോപോ കണ്ടക്ടര്‍' എന്നും ഇതിനെ വിളിക്കുന്നു.
സെമികണ്ടക്ടറുകളുടെ കണ്ടെത്തല്‍ ഇന്നത്തെ സ്മാര്‍ട്ഫോണുകളും കംപ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യകളും യാഥാര്‍ഥ്യമാക്കിയത് പോലെ ടോപോ കണ്ടക്ടറുകളും അവയിലൂടെ സാധ്യമാകുന്ന പുതിയ തരം ചിപ്പും സങ്കീര്‍ണമായ വ്യാവസായിക സമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള ക്വാണ്ടം സിസ്റ്റങ്ങളുടെ വികാസത്തിന് വഴിപാകുമെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു.
ഈ പുതിയ നിര്‍മാണ രീതിയിലൂടെ ഒരാളുടെ കൈയ്യില്‍ ഒതുങ്ങുന്ന ചിപ്പില്‍ ദശലക്ഷക്കണക്കിന് ക്യുബിറ്റുകള്‍ സ്ഥാപിക്കാനുള്ള വഴിതുറന്നുവെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ദശലക്ഷം ക്യുബിറ്റുകളുള്ള ക്വാണ്ടം കംപ്യൂട്ടറിന് ചെയ്യാന്‍ സാധിക്കുന്നത് ഇന്ന് നിലവിലുള്ള മുഴുവന്‍ കംപ്യൂട്ടറുകള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചാലും ചെയ്യാന്‍ സാധിക്കില്ലെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.
ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകള്‍ക്ക് പുറമെ നാലാമതൊരു അവസ്ഥയിലുള്ള പദാര്‍ത്ഥമാണ് 'ടോപോകണ്ടക്ടര്‍ ' എന്നാണ് മൈക്രോസോഫ്റ്റ് നല്‍കുന്ന വിശദീകരണം. 1937 ല്‍ ഇറ്റാലിയന്‍ ഭൗതിക ശാസ്ത്രജ്ഞനായ എറ്റോറെ മയോറാന പ്രവചിച്ച 'മയോറാന ഫെര്‍മിയണ്‍' എന്ന സൈദ്ധാന്തിക കണികയില്‍ നിന്നാണ് ഇത്തരം ഒരു ആശയം ഉടലെടുത്തത്. ചിപ്പിന് ആ പേര് നല്‍കിയതും അതുകൊണ്ടു തന്നെ.
ഈ പദാര്‍ഥത്തിന്റെ സഹായത്തോടെ കൂടുതല്‍ സ്ഥിരതയുള്ളതും വേഗമുള്ളതും ചെറുതും, ഡിജിറ്റലി നിയന്ത്രിക്കാന്‍ സാധിക്കുന്നതുമായ ക്യുബിറ്റ് ഉത്പാദിപ്പിക്കാന്‍ സാധിച്ചു. 'ടോപോളജിക്കല്‍ ക്യുബിറ്റ് ' എങ്ങനെ വികസിപ്പിച്ചുവെന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നേച്ചര്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകത്താദ്യമായി ടോപ്പോളജിക്കല്‍ കോറിന്റെ പിന്‍ബലത്തില്‍ നിര്‍മിച്ച 'മയോറാന 1' വിശ്വസിക്കാവുന്ന തരം രൂപകല്‍പനയാണെന്നും ഹാര്‍ഡ് വെയര്‍ തലത്തില്‍ പിഴവുകളെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതാണെന്നും കൂടുതല്‍ സ്ഥിരതയുള്ളതാണെന്നും മൈക്രോസോഫ്റ്റ് പറയുന്നു.
ഗൂഗിള്‍, ഐബിഎം, ഇന്റല്‍ ഉള്‍പ്പടെയുള്ള കമ്പനികളും ക്വാണ്ടം പ്രൊസസറുകള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ അവയെല്ലാം ഇലക്ട്രോണുകളും സൂപ്പര്‍ കണക്ടിങ് സര്‍ക്ക്യൂട്ടുകളും അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ വിശ്വസനീയമായ രീതിയില്‍ പിഴവുകളെ പ്രതിരോധിക്കാനുള്ള ശേഷി കൈവരിക്കുക എന്നത് ഇവയെ സംബന്ധിച്ച് ഒരു പരിമിതിയാണ്. എന്നാല്‍ 'ടോപ്പോളജിക്കല്‍ ക്യുബിറ്റ്' ഉപയോഗിച്ചുള്ള മൈക്രോസോഫ്റ്റിന്റെ സമീപനം ഹാര്‍ഡ് വെയര്‍ തലത്തില്‍ പിഴവുകളെ പ്രതിരോധിക്കാനുള്ള ശേഷി ചിപ്പിന് നല്‍കും. ഇതുവഴി മയോറാന ചിപ്പിന് കൂടുതല്‍ സ്ഥിരത കൈവരിക്കാനാവുന്നു.
എപ്പോള്‍ ഉപയോഗിക്കാം?
മയോറാന 1 ചിപ്പിന്റെ കണ്ടെത്തല്‍ കംപ്യൂട്ടിങ് രംഗത്തെ നാഴികക്കലാകുമെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം സാധ്യമാകാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. നേരത്തെ കരുതിയിരുന്ന പോലെ പതിറ്റാണ്ടുകള്‍ അതിനായി കാത്തിരിക്കേണ്ടതില്ല എന്നാണ് മൈക്രോസോഫ്റ്റ് പറഞ്ഞുവെക്കുന്നത്. കഴിഞ്ഞ 17 വര്‍ഷക്കാലമായി മൈക്രോസോഫ്റ്റിന്റെ ഗവേഷകര്‍ ഇതിന് പിറകെയാണ്. ഇതിന്റെ പ്രവര്‍ത്തനക്ഷമമായ പ്രോട്ടോടൈപ്പ് കമ്പനി അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ ഇനിയും ജോലികള്‍ ബാക്കിയുണ്ട്.
Content Highlights: Microsoft unveils Majorana 1, a new quantum chip promising faster computations than ever before.
Published: 23 Feb 2025, 09:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented