വാഷിങ്ടണ്‍: ഇതിനുമുന്നില്‍ ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കംപ്യൂട്ടറുകള്‍ നിഷ്പ്രഭമാണെന്ന് പറഞ്ഞ് ഇക്കൊല്ലമാദ്യം അവതരിപ്പിച്ച തങ്ങളുടെ 'വില്ലോ'യെന്ന ക്വാണ്ടം ചിപ്പ് ചരിത്രപരമായ 'ക്വാണ്ടം നേട്ടം' സ്വന്തമാക്കിയെന്ന് ഗൂഗിള്‍. സാങ്കേതികരംഗത്തെ ഗൂഗിളിന്റെ വിപ്ലവകരമായ നേട്ടത്തെക്കുറിച്ച് സിഇഒ സുന്ദര്‍ പിച്ചൈയാണ് എക്‌സിലൂടെ അറിയിച്ചത്.

To advertise here,

''വില്ലോചിപ്പ് പരിശോധിച്ചുറപ്പിക്കാവുന്ന രീതിയിലുള്ള ലോകത്തെ ആദ്യത്തെ ക്വാണ്ടം നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കംപ്യൂട്ടറിലെ മികച്ച ക്ലാസിക്കല്‍ അല്‍ഗൊരിതത്തേക്കാള്‍ 13000 മടങ്ങ് വേഗത്തില്‍ വില്ലോ ഈ അല്‍ഗൊരിതം പ്രവര്‍ത്തിപ്പിച്ചു. ഇതിന് ഞങ്ങള്‍ 'ക്വാണ്ടം എക്കോസ്' എന്നാണ് പേരിട്ടിരിക്കുന്നത്.'' -പിച്ചൈ പറഞ്ഞു. നേട്ടം നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. നാലുസെന്റീമീറ്ററാണ് വില്ലോയുടെ വലിപ്പം. ഗൂഗിളിന്റെ നേട്ടത്തെ എക്‌സ്-ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് അഭിനന്ദിച്ചു. ഏറ്റവും ശേഷിയുള്ള കംപ്യൂട്ടറുകള്‍ക്കുപോലും യുഗങ്ങളെടുത്തു ചെയ്തുതീര്‍ക്കാനാകുന്ന ഗണിതസമസ്യകള്‍ ക്വാണ്ടം കംപ്യൂട്ടറുകള്‍ അതിവേഗം ചെയ്തുതീര്‍ക്കുമ്പോഴാണ് ക്വാണ്ടം നേട്ടമുണ്ടായെന്ന് പറയുക.

നിലവില്‍ ഉപയോഗത്തിലുള്ള ഏറ്റവും ശക്തിയേറിയ സൂപ്പര്‍ കംപ്യൂട്ടര്‍ 10 'സെപ്റ്റില്യണ്‍' വര്‍ഷമെടുത്ത് ചെയ്തുതീര്‍ക്കുന്ന കണക്കുകൂട്ടലുകള്‍ വില്ലോ അഞ്ചുമിനിറ്റില്‍ ചെയ്‌തെന്ന് ജനുവരിയില്‍ ഗൂഗിള്‍ പറഞ്ഞിരുന്നു. ഒന്നിനുശേഷം 24 പൂജ്യങ്ങള്‍ചേര്‍ത്താല്‍ കിട്ടുന്ന സംഖ്യയാണ് സെപ്റ്റില്യണ്‍. പ്രപഞ്ചത്തിന്റെ പ്രായത്തേക്കാള്‍ കൂടുതലാണിത്.

സാധാരണകംപ്യൂട്ടറുകളേക്കാള്‍ പ്രശ്‌നനിര്‍ധാരണത്തില്‍ ക്വാണ്ടം കംപ്യൂട്ടറുകള്‍ തെറ്റുവരുത്താന്‍ സാധ്യതകൂടുതലാണെന്നിരിക്കേ, പിഴവുകളില്ലാത്തതും വിശ്വസനീയവുമായ നൂതന ക്വാണ്ടം കംപ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതില്‍ വില്ലോ നിര്‍ണായകമാകും. മരുന്ന്, വാക്‌സിന്‍ ഗവേഷണം, ആറ്റങ്ങള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനം, മെറ്റീരിയല്‍ സയന്‍സ്, അണുസംയോജന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഊര്‍ജോത്പാദനം, ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികളുടെ ശേഷി വര്‍ധിപ്പിക്കല്‍ എന്നീ മേഖലകളില്‍ ഇത് വഴിത്തിരിവാകും.