തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെ-ഫോണ്‍ വഴി ഇനി ഒടിടി സേവനങ്ങളും. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുന്ന പദ്ധതിയിലൂടെ 29 ഒടിടി പ്ലാറ്റ്ഫോമുകളും 350-ലധികം ഡിജിറ്റല്‍ ചാനലുകളും ലഭിക്കും. മറ്റ് സേവനദാതാക്കള്‍ നല്‍കുന്ന നിരക്കിനെക്കാള്‍ കുറഞ്ഞനിരക്കിലാകും സേവനങ്ങള്‍ ലഭ്യമാവുകയെന്ന് കെ-ഫോണ്‍ എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.

To advertise here,

ഒടിടികളായ ജിയോ ഹോട്സ്റ്റാര്‍, ആമസോണ്‍ പ്രൈം ലൈറ്റ്, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹങ്കാമ ടിവി, പ്ലേബോക്സ് ടിവി തുടങ്ങിയവയും വിവിധ ഡിജിറ്റല്‍ ചാനലുകളുമാകും ലഭിക്കുക. ട്രാഫിക് വര്‍ധിക്കുന്നതിനനുസരിച്ച് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം എന്നിവയും ലഭ്യമാകും.

ഇന്റര്‍നെറ്റ് തുകയ്ക്കുപുറമേ മറ്റൊരു നിരക്കിലുള്ള പാക്കേജുകൂടി എടുത്താല്‍ ഉപയോക്താക്കള്‍ക്ക് ഈ ഒടിടി ചാനലുകളും ഡിജിറ്റല്‍ ടിവിയും കാണാം. പാക്കേജ് നിരക്കുകള്‍ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും.

പത്ത് എംബിപിസ് മുതല്‍ ഒരു ജിബിപിഎസ് വരെ വേഗത്തില്‍ കെ-ഫോണ്‍വഴി ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് നല്‍കുന്നുണ്ട്. ലീസ് ലൈനിലൂടെ മികച്ചവേഗത്തില്‍ ഇന്റര്‍നെറ്റ് നല്‍കാന്‍ കെ-ഫോണിനാകുന്നുണ്ടെന്നും സന്തോഷ് ബാബു പറഞ്ഞു.

40,000 പുതിയ ബിപിഎല്‍ അപേക്ഷകര്‍; 75,000 ബിപിഎല്‍ കുടുംബങ്ങളില്‍ക്കൂടി സൗജന്യ ഇന്റര്‍നെറ്റ്

തിരുവനന്തപുരം: സൗജന്യനിരക്കില്‍ ഇന്റര്‍നെറ്റ് ലഭിക്കാനായി കെ-ഫോണിന് ബിപിഎല്‍ വിഭാഗത്തില്‍നിന്നുള്ള 40,000 അപേക്ഷകള്‍കൂടി ലഭിച്ചു. സര്‍ക്കാര്‍ അനുവദിച്ച 60 കോടി രൂപ ലഭ്യമായാലുടന്‍ ഇവര്‍ക്ക് കണക്ഷന്‍ നല്‍കും. ഈ പണം ഉപയോഗിച്ച് 75,000 ബിപിഎല്‍ കുടുംബങ്ങളില്‍ക്കൂടി സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടമായി ബിപിഎല്‍ വിഭാഗത്തില്‍നിന്നുള്ള 14,192 കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് എത്തിച്ചു.

സിവില്‍ സപ്ലൈസിന്റെ ഇലക്ട്രോണിക് ഡേറ്റാ സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ ബിപിഎല്‍ വിഭാഗത്തില്‍നിന്നുള്ള അപേക്ഷകള്‍ സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ് ബിപിഎല്‍ കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കിയത്. നിലവില്‍ 1,16,234 കണക്ഷനുകളാണ് കെ-ഫോണ്‍ സംസ്ഥാനത്താകെ നല്‍കിയിട്ടുള്ളത്. 23,163 സര്‍ക്കാര്‍ ഓഫീസുകളിലും 75,773 വീടുകളിലും 3079 സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി. ബ്രോഡ്ബ്രാന്‍ഡും ലീസ്ഡ് കണക്ഷനുകളും നല്‍കി.

ഇന്റര്‍നെറ്റ് സേവനവും ഒടിടിയും കൂടാതെ ഐപിടിവി (ഇന്റര്‍നെറ്റ് പ്രോട്ടക്കോള്‍ ടെലിവിഷന്‍) ആരംഭിക്കാനുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. നാലുകോടിയോളം രൂപയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു ഇന്റര്‍നെറ്റ് പ്രോട്ടക്കോള്‍ നെറ്റ്വര്‍ക്കിലൂടെ ടെലിവിഷന്‍ സേവനങ്ങള്‍ വിതരണംചെയ്യുന്ന സംവിധാനമാണ് ഐപിടിവി. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് സജ്ജമാക്കാനാകുമെന്നാണ് കരുതുന്നത്.