മുംബൈ: ആപ്പിൾ ഐഫോണിന്റെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി 5,000 കോടി ഡോളർ (4.51 ലക്ഷം കോടി രൂപ) പിന്നിട്ടു. 2021-22-ൽ ഇന്ത്യയിൽ ഉത്പാദനം തുടങ്ങി 2025 ഡിസംബർ വരെയുള്ള കാലത്തെ മൊത്തം കയറ്റുമതിയുടെ മൂല്യമാണിത്. ഈ സാമ്പത്തിക വർഷം മൂന്നുമാസംകൂടി അവശേഷിക്കേയാണ് ഈ നേട്ടം. കേന്ദ്രസർക്കാർ സ്മാർട്ട്‌ഫോൺ ഉത്പാദന മേഖലയ്ക്കായി അവതരിപ്പിച്ച ഉത്പാദന അനുബന്ധ പദ്ധതിയുടെ (പിഎൽഐ സ്‌കീം) മികച്ച വിജയം കൂടിയായാണ് ഈ നേട്ടത്തെ കാണുന്നത്.

To advertise here,

അഞ്ചുവർഷത്തെ പിഎൽഐ സ്‌കീമിൽ ഇനി മൂന്നുമാസമാണ് അവശേഷിക്കുന്നത്. നടപ്പു സാമ്പത്തികവർഷം ആദ്യ ഒമ്പതുമാസക്കാലത്ത് ആകെ 1,600 കോടി ഡോളറിന്റെ (1.44 ലക്ഷം കോടി രൂപ) ഐഫോൺ കയറ്റി അയച്ചിട്ടുണ്ട്. 2024-25-ലിത് 1,750 കോടി ഡോളർ (ഏകദേശം 1.58 ലക്ഷം കോടി രൂപ) വരെയെത്തി.

ആപ്പിളിന്റെ പ്രധാന എതിരാളികളിലൊന്നായ സാംസങ് ഇതുവരെ 1,690 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയത്. അതായത് 1.53 ലക്ഷം കോടി രൂപ.

പിഎൽഐ പദ്ധതി നടപ്പാക്കിയശേഷം ഐഫോണിനായി അഞ്ച് ഫാക്ടറികളാണ് ഇന്ത്യയിൽ ഒരുക്കിയത്. ഇതിൽ മൂന്നെണ്ണം ടാറ്റയുടെ കീഴിലും രണ്ടെണ്ണം ഫോക്‌സ്‌കോണിനു കീഴിലുമാണ് പ്രവർത്തിക്കുന്നത്. ഇതിനൊപ്പം അനുബന്ധ ഘടകവിതരണത്തിനായി 45 കമ്പനികൾ രംഗത്തുണ്ട്. എംഎസ്എംഇ കമ്പനികളുൾപ്പെടെ ആഭ്യന്തര ആവശ്യത്തിനും ആഗോള വിതരണത്തിനും ഘടകങ്ങൾ ഉത്പാദിപ്പിക്കുന്നു. ടാറ്റാ ഇലക്ട്രോണിക്‌സ്, മദേഴ്‌സൺ, ഫോക്‌സ്‌കോൺ എന്നിവയാണ് ഘടകനിർമാണത്തിൽ മുന്നിലുള്ള കമ്പനികൾ. എടിഎൽ ലിഥിയം അയോൺ സെല്ലുകളും ഹിൻഡാൽകോ അലുമിനിയം ഘടകങ്ങളും ലഭ്യമാക്കുന്നു.

രാജ്യത്തെ സ്മാർട്ട് ഫോൺ കയറ്റുമതിയുടെ 75 ശതമാനംവരെ ഐഫോണിന് സ്വന്തമാണ്. മാർച്ചിൽ പിഎൽഐ പദ്ധതിയുടെ കാലാവധി അവസാനിച്ചാലും മേഖലയിൽ ചില സഹായങ്ങളുമായി സർക്കാർ രംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.