ആണവ പ്രതിരോധരംഗത്ത് പുതിയ കരുത്തായി ഇന്ത്യയുടെ നാലാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി എത്തി. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിങ് സെൻഡറിൽ ഒക്ടോബർ 16-ന്  S4* എന്ന കോഡ് നാമത്തിലുള്ള അന്തർവാഹിനിയുടെ പരീക്ഷണം നടന്നതായി ഔദ്യോ​ഗിക വ‍ൃത്തങ്ങളിൽനിന്ന് സ്ഥിരീകരണം വന്നുകഴിഞ്ഞു. S4* എന്ന കോഡ് അല്ലാതെ, എന്ന് കമ്മിഷൻ ചെയ്യുമെന്നത് അടക്കം അന്തർവാഹിനിയെ സംബന്ധിച്ച വിവരങ്ങളൊന്നും പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.  

To advertise here,
placeholder
പ്രതീകാത്മക ചിത്രം | Photo: AP

ആണവ പ്രതിരോധത്തിൽ നാഴികക്കല്ല്  

കാനഡയുമായുള്ള നയതന്ത്ര തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ആണവ അന്തർവാഹിനിയുടെ വരവ് എന്നത് ശ്രദ്ധേയമാണ്. ആണവപ്രതിരോധത്തിൽ തന്ത്രപ്രധാനമായ ചുവടുവെപ്പാണിത്. ആണവപ്രതിരോധം ശക്തമാക്കി ഇന്ത്യൻ മഹാസമുദ്രത്തിൽ സമ​ഗ്രമായ ആധിപത്യം സ്ഥാപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 

ദീർഘ​ദൂര മിസൈൽ ആക്രമണങ്ങൾക്ക് വിമാന വാഹിനി കപ്പലുകൾ ​ഇരയാകുമെന്നതിനാലാണ് കേന്ദ്രസർക്കാർ ആണവ അന്തർവാഹിനി പ്രതിരോധത്തിന് ഊന്നൽ നൽകുന്നത്. നാവിക സേനയ്ക്കായുള്ള മൂന്നാം വിമാന വാഹിനി കപ്പലിനേക്കാൾ ശ്രദ്ധ ആണവായുധങ്ങൾക്കും ആണവ അന്തർവാഹിനികൾക്കും സർക്കാർ നൽകുന്നതിനുള്ള കാരണം ഇതാണ്.

ഫ്രഞ്ച് നേവൽ ​ഗ്രൂപ്പുമായി സഹകരിച്ച് മസ​ഗോൺ ഡോക് യാർഡിൽ മൂന്ന് നൂതന ഡീസൽ അന്തർവാഹിനികളുടെ നിർമാണത്തിനും സർക്കാർ തുടക്കം കുറിക്കും. കൂടാതെ റഷ്യൻ അകുല ക്ലാസിന്റെ ആണവായുധ അന്തർവാഹിനി 2028-ൽ സേനയോടൊപ്പം ചേരും. പാട്ടത്തിനാണ് ഇത് എടുക്കുന്നത്. യു.എസ്, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളുൾപ്പെടെ ആണവ അന്തർവാഹിനി കൈവശമുള്ള ആറാമത്തെ രാജ്യമാണ് ഇന്ത്യ.

placeholder
പ്രതീകാത്മക ചിത്രം | Photo:AP

കൂടുതൽ കരുത്തുമായി S4*

മുൻ​ഗാമികളെ അപേക്ഷിച്ച്  കൂടുതൽ കരുത്തനാണ് S4*. 75% തദ്ദേശീയമായി നിർമിച്ച ഭാ​ഗങ്ങളാണ് S4*-ൽ ഉള്ളത്. 3,500 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ലക്ഷ്യസ്ഥാനങ്ങൾ തകർക്കാൻ കഴിയുന്ന എസ്.എൽ.ബി.എം കെ-4 ആണവ ബാലിസ്റ്റിക് മിസൈലുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. ലംബമായ വിക്ഷേപണ സംവിധാനത്തിലൂടെ മിസൈലുകൾ തൊടുക്കാൻ S4*-ന് കഴിയും. 

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ അന്തർവാഹിനിയായ ഐ.എൻ.എസ്. അരിഹന്തിൽ 750 കിലോമീറ്റർ ദൂരപരിധിയുള്ള കെ-15 ആണവ ബാലിസ്റ്റിക് മിസൈലുകളാണ് ഉണ്ടായിരുന്നത്. പിന്നീട് എത്തിയ ഐ.എൻ.എസ് അരിഘാത് വഹിച്ചിരുന്നത് കെ-4 ആണവ മിസൈലുകളെ മാത്രമായിരുന്നു. 

5000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനികൾ നിർമിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ അടുത്ത നീക്കം. ഐ.എൻ.എസ്. അരിഹന്തും ഐ.എൻ.എസ്. അരിഘട്ടും നിലവിൽ ആഴക്കടൽ പട്രോളിങിലാണ്. 

placeholder
ഐഎന്‍എസ് അരിഹന്തില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം 2013-ൽ ബംഗാള്‍ ഉള്‍ക്കടലില്‍ നടന്നപ്പോൾ | Photo: PTI

S4* എന്ന കോഡിന് പിന്നിൽ

ഇന്ത്യ സ്വന്തമാക്കിയ ആദ്യ ആണവായുധ അന്തർവാനിയായ ഐ.എൻ.എസ്. ചക്രയ്ക്ക് S1 എന്നായിരുന്നു കോഡ് നാമം. പാട്ടവ്യവസ്ഥയിലായിരുന്നു ഇത് വാങ്ങിയത്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ആണവ അന്തർവാഹിനി ഐ.എൻ.എസ്. അരിഹന്ത് ആണ്. S2 എന്നായിരുന്നു ഇതിന്റെ കോഡ്.  ഐ.എൻ.എസ് അരിഘട്ട്- S3, ഐ.എൻ.എസ്. അരിധമൻ- S4 എന്നിങ്ങനെയും ആയിരുന്നു. 

അരിഹന്ത് ക്ലാസിലെ അവസാന അന്തർവാഹിനിയാണ് S4*. അടുത്ത വിഭാ​ഗത്തിൽ നിർമിക്കുന്ന അന്തർവാഹികൾക്ക് 6000 ടണ്ണിനേക്കാൾ ഇരട്ടി ഭാരവും 5000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകൾ വഹിക്കാൻ ശേഷിയുമുണ്ടാകും. അതേസമയം, മൂന്നാമത്തെ അന്തർവാഹിയായ അരിധമൻ അടുത്ത വർഷമേ കമ്മിഷൻ ചെയ്യൂ. 

ഐ.എൻ.എസ് അരിഹന്ത് 

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ആണവ അന്തർവാഹിനിയാണിത്. സ്ട്രാറ്റജിക് സ്ട്രൈക് ന്യൂക്ലിയർ അന്തർവാഹിനിയാണ്.  2009 ജൂലൈ 26-ന് കാർഗിൽ വിജയ് ദിവസിന്റെ വാർഷികത്തിലാണ് ഐ.എൻ.എസ് അരിഹന്ത് നീറ്റിലിറക്കിയത്. 2004-ൽ ആയിരുന്നു നിർമാണം ആരംഭിച്ചത്. 112 മീറ്ററാണ് നീളം. 

placeholder
ഐ.എൻ.എസ് അരിഹന്ത് | Photo: ANI

ചില പിഴവുകൾ കാരണം 2017-ൽ അരിഹന്തിന് വലിയ കേടുപാടുകൾ സംഭവിച്ചിരുന്നു. പിൻവശത്തുള്ള ഹാച്ച് അബദ്ധത്തിൽ തുറന്നതിനാൽ വെള്ളംകയറി പ്രൊപ്പൽഷൻ കംപാർട്ട്‌മെന്റിന് കേടുപാടുകൾ സംഭവിച്ചു. ഇതോടെ പത്തു മാസത്തോളം കപ്പൽ നിശ്ചലമായി. ആണവ അന്തർവാഹിനികളിലെ ശുചീകരണം ശ്രമകരമായ ജോലിയായതിനാൽ അറ്റകുറ്റപ്പണിക്കും കാലതാമസം നേരിട്ടു. മാസങ്ങൾക്കു ശേഷമാണിത് വീണ്ടും കടലിലേക്കിറക്കിയത്.

ഐ.എൻ.എസ് അരിഘാത് 

ഐ.എൻ.എസ് അരിഘാത് ആണ് ഇന്ത്യയുടെ രണ്ടാം ആണവ അന്തർവാഹിനി. 2024 ഓ​ഗസ്റ്റ് 29-ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആയിരുന്നു ഇത് കമ്മീഷൻ ചെയ്തത്. അരിഘാത് എന്ന സംസ്‌കൃത വാക്കിന്റെ അർഥം ശത്രുവിനെ നശിപ്പിക്കുന്നവൻ എന്നാണ്. അരിഹന്ത് ക്ലാസ് വിഭാഗത്തിൽ പെടുന്ന അന്തർവാഹിനിയാണിത്. ഇന്ത്യൻ സ്ട്രാറ്റജിക് കമാൻഡിന്റെ കീഴിലാണ് അരിഘാത് പ്രവർത്തിക്കുന്നത്. 

750 കിലോ മീറ്റർ ദൂരപരിധിയുള്ള 12 സാഗരിക (കെ-15) ആണവ ബാലിസ്റ്റിക് മിസൈലുകൾ‌ വഹിക്കാൻ അരിഘട്ടിന് ശേഷിയുണ്ട്. മുൻഗാമിയായ അരിഹന്തിനേക്കാൾ കൂടുതലാണ് ഇത്. 112 മീറ്ററാണ് അരിഘട്ടിന്റെ നീളം. ഐ.എൻ.എസ്. അരിഹന്തിന്റേതിന് സമാനമായി 83 മെഗാവാട്ട് പ്രഷറൈസ്ഡ് ലൈറ്റ് വാട്ടർ റിയാക്ടർ തന്നെയാണ് ഐ.എൻ.എസ്. അരിഘട്ടിനും കരുത്തേകുന്നത്. 

placeholder
ഐ.എൻ.എസ് അരിഘാത് കമ്മിഷൻ ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥി സിങ് | Photo: ANI

പരമ്പരാഗത ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികളിൽനിന്ന് വ്യത്യസ്തമായി മാസങ്ങളോളം വെള്ളത്തിനടിയിൽ തന്നെ തുടരാൻ ഇത് അരിഘട്ടിനെ സഹായിക്കും.  ഇന്തോ-പസഫിക് മേഖലയിലെ ദീർഘദൂര പട്രോളിങ്ങാണ് 6,000 ടൺ ഭാരമുള്ള ഈ ആണവ അന്തർവാഹിനിയുടെ ദൗത്യം.

83 മെഗാവാട്ട് പ്രഷറൈസ്ഡ് ലൈറ്റ്-വാട്ടർ റിയാക്ടറുകളുള്ള അരിഘാതിന് കൂടുതൽ സമയം വെള്ളത്തിനടിയിൽ തുടരാനാകും.  കടലിനടിയിൽ 24 നോട്ട് (മണിക്കൂറിൽ 44 കിലോമീറ്റർ) വരെയും ഉപരിതലത്തിൽ 12-15 നോട്ട് (22-28 കിലോമീറ്റർ) വരെയും വേഗം. ഐ.എൻ.എസ്. അരിഹന്തിനുസമാനമായ ഉപരിതലപ്രതലം. നാല് വിക്ഷേപണട്യൂബുകൾ.

ആണവ അന്തർവാഹിനികളിലേക്കുള്ള ഇന്ത്യൻ കാൽവെപ്പ്

ഇന്ത്യയുടെ ആണവ അന്തർവാഹിനി പദ്ധതിയിൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർ​ഗനൈസേഷൻ(ഡി.ആർ.ഡി.ഒ), സ്വകാര്യ മേഖല, റഷ്യയിൽനിന്നുള്ള സഹായം എന്നിവ ഉൾപ്പെടുന്നു. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് അറ്റാക്ക് അന്തർവാനികൾ നിർമിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ 1998-ലെ ഇന്ത്യയുടെ ആണവ പരീക്ഷണങ്ങൾക്ക് ശേഷം ബാലിസ്റ്റിക് മിസൈൽ അന്തർവാനികൾ രൂപകൽപന ചെയ്യാൻ തീരുമാനിച്ചു.  

placeholder
Photo: PIB
  • 1960- ആണവ അന്തർവാഹിനികളുടെ സാധ്യതകളെ കുറിച്ച് ഇന്ത്യ ചർച്ചകൾ തുടങ്ങി
  • 1983- ആണവ അന്തർവാഹിനികൾ വികസിപ്പിക്കുന്നതിനായി അഡ്വാൻസ്ഡ് ടെക്നോളജി വെസൽ പ്രേ​ഗ്രാം(എ.ടി.വി) ആരംഭിച്ചു
  • 1998- കേന്ദ്രപ്രതിരോധ മന്ത്രി ജോർജ്ജ് ഫെർണാണ്ടസ് പദ്ധതിക്ക് അനുമതി നൽകി
  • 2009- ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ആണവ അന്തർവാഹിനി ‌ഐ.എൻ.എസ് അരിഹന്ത് പുറത്തിറക്കി
  • 2016- ഐ.എൻ.എസ് അരിഹന്ത് ഇന്ത്യൻ നാവികസേനയിൽ കമ്മിഷൻ ചെയ്തു
  • 2018- ഐ.എൻ.എസ് അരിഹന്ത് അതിന്റെ ആദ്യ പ്രതിരോധ പട്രോളിങ് നടത്തി
  • 2024- ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനിയായ ഐ.എൻ.എസ് അരിഘാത് അവതരിപ്പിച്ചു

ഇന്തോ-പസഫിക്കിലെ എതിരാളികളെ തടയാൻ രണ്ട് ആക്രമണ അന്തർവാഹിനികൾ തദ്ദേശീയമായി നിർമിക്കാനുള്ള നാവികസേനയുടെ പദ്ധതിക്ക് ഈ വർഷം ഒക്ടോബർ ഒൻപതിന് സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നൽകിയിരുന്നു. വിശാഖപട്ടണത്ത് നിർമിക്കുന്ന ഇവയ്ക്ക് ഏകദേശം 45000 കോടി രൂപയാണ് മുതൽമുടക്ക്. ശത്രുരാജ്യങ്ങളിൽനിന്നുള്ള ആണവ ഭീഷണിയെ ചെറുക്കാനാണ് പ്രതിരോധമന്ത്രാലയം സൈന്യത്തെ ശക്തിപ്പെടുത്തുന്നത്. 

ആണവ അന്തർവാഹിനികളുടെ പ്രത്യേകത

പരമ്പരാ​ഗത അന്തർവാഹിനികളേക്കാൾ (ഡീസൽ, വൈദ്യുതി) ആണവ അന്തർവാഹികൾക്ക് നിരവധി ​ഗുണങ്ങളുണ്ട് ആണവ ഇന്ധനം 30 വർഷം വരെ നിലനിൽക്കും. അതിനാൽ ഇന്ധനം നിറയ്ക്കാനായി ദീർഘമായ ഇടവേള ആവശ്യമില്ല. 30 നോട്ട്സിൽ (മണിക്കൂറിൽ 55 കിലോമീറ്റർ) കൂടുതൽ വേ​ഗത്തിൽ ഇതിന് സഞ്ചരിക്കാനാകും. ന്യൂക്ലിയാർ ബാലിസ്റ്റിക് മിസൈലുകൾ വഹിക്കാനുള്ള കഴിവാണ് പ്രധാന ശേഷി.

placeholder
photo:indian navy

370 കപ്പലുകളുമായി ലോകത്തെ ഏറ്റവും വലിയ നാവികശക്തിയായ ചൈനയിൽ പുതുതലമുറ ആണവ അന്തർവാഹിനികളുടെ നിർമാണവും  നടക്കുന്നുണ്ട്. 2022-ലെ കണക്കുപ്രകാരം ബാലിസ്റ്റിക് മിസൈൽശേഷിയുള്ള ആറ് ആണവ അന്തർ വാഹിനികളും ആക്രമണശേഷിയുള്ള ആറ് ആണവ അന്തർവാഹിനികളും ഡീസലിൽ പ്രവർത്തിക്കുന്ന 48 അന്തർവാഹിനികളുമാണ് ചൈനയ്ക്കുള്ളതെന്നാണ് പെന്റഗൺ റിപ്പോർട്ട്.