ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ആഗോള മത്സരത്തിന്റെ ഭാഗമാകുകയാണ് ഇന്ത്യയും. രാജ്യത്തിന്റെ എഐ ദൗത്യത്തിന്റെ ഭാഗമായ അടുത്ത സുപ്രധാന ചുവടുവെപ്പിനായുള്ള ചടുല നീക്കങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി ബോംബെ ഐഐടി, ടെക്ക് മഹീന്ദ്ര, ഫ്രാക്ടല് അനലറ്റിക്സ് ഉള്‍പ്പടെ എട്ടോളം സ്ഥാപനങ്ങളെ സര്‍ക്കാര്‍ തിരഞ്ഞെടുത്തു. ഇന്ത്യാ എഐ മിഷന് കീഴില്‍ അതിശക്തമായ ഫൗണ്ടേഷണല്‍ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (LLM) നിര്‍മിക്കുകയാണ് ലക്ഷ്യം. സെപ്റ്റംബര്‍ 18 ന് ന്യൂഡല്‍ഹിയില്‍ നടന്ന 'എഐ ഇംപാക്ട് സമ്മിറ്റ് 2026' പ്രഖ്യാപന ചടങ്ങില്‍ വെച്ചാണ് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥാപനങ്ങളുടെ പേരുകള്‍ അറിയിച്ചത്.
ഒരു ലക്ഷം കോടി പാരാമീറ്ററുള്ള (1 trillion parametre) ലാര്‍ജ് ലാംഗ്വേജ് മോഡല്‍ നിര്‍മിക്കുകയാണ് ദൗത്യം. നിലവില്‍ ലോകത്ത് നിര്‍മിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അതി ശക്തമായ എല്എല്എമ്മുകള്ക്കൊപ്പം നില്ക്കാനാകും വിധം വലുതായിരിക്കും ഇന്ത്യ ലക്ഷ്യമിടുന്ന എല്‍എല്‍എം. ഈ ദൗത്യത്തിന് പിന്തുണ നല്കാന് 988.6 കോടി രൂപയുടെ സാമ്പത്തിക സഹായത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
എന്താണ് പാരാമീറ്ററുകള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഒരു ഡേറ്റയുടെ വിവിധ പാറ്റേണുകളും ബന്ധങ്ങളും തിരിച്ചറിയാന്‍ ഒരു എഐ മോഡലിനെ അനുവദിക്കുന്ന ഇന്റേണല്‍ വേരിയബിളുകളാണ് പാരാമീറ്ററുകള്‍. അതായത് ഒരു ഡേറ്റ ലഭിച്ചാല്‍ അത് എന്താണെന്ന് മനസിലാക്കാന്‍ ഈ പാരാമീറ്ററുകള്‍ ഉപയോഗിച്ചാണ് എഐ മോഡല്‍ വിശകലനം ചെയ്യുക. അത് ലാര്‍ജ് ലാംഗ്വേജ് മോഡലിന്റെ കൃത്യത ഉറപ്പാക്കാനും അതിശക്തമാക്കാനും സഹായിക്കും. പാരമീറ്ററുകള്‍ കൂടുന്നതിനനുസരിച്ച് നമ്മളുടെ ഒരു ചോദ്യം കൃത്യമായി മനസിലാക്കാനുള്ള എഐ മോഡലിന്റെ കഴിവ് വര്‍ധിക്കുകയും ചെയ്യും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരുലക്ഷം കോടി പാരാമീറ്ററുള്ള ലാര്‍ജ് ലാംഗ്വേജ് മോഡല്‍ തദ്ദേശീയമായി വികസിപ്പിക്കുകയെന്നത് സുപ്രധാന നാഴികക്കല്ലാവും. എഐ രംഗത്തെ ആഗോള ശക്തികളോട് മത്സരിക്കാന്‍ അത് ഇന്ത്യയെ പ്രാപ്തമാക്കും.
അവതാര്‍ എഐ, ഐഐടി ബോംബെ കണ്‍സോര്‍ഷ്യം- ഭാരത്ജെന്‍, ഫ്രാക്ടല് അനലിറ്റിക്സ് ലിമിറ്റഡ്, ടെക്ക് മഹീന്ദ്ര ലിമിറ്റഡ്, സെയ്ന്ടെയ്ഖ് ഐടെക് ഇനൊവേഷന്‍സ്, ജെന്ലൂപ്പ് ഇന്റലിജന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ന്യൂറോ ഡിഎക്സ് (ഇന്റെലിഹെല്ത്ത്), ശോധ് എഐ തുടങ്ങിയ കമ്പനികളെയാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. വിവിധ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന ഫൗണ്ടേഷണല്‍ എഐ മോഡലുകള്‍ നിര്‍മിക്കാന്‍ ഈ കമ്പനികള്‍ സുപ്രധാന പങ്കുവഹിക്കും.
മേയില്‍ ഇന്ത്യാ എഐ മിഷന് കീഴില്‍ സോകേത് എഐ, ജ്ഞാനി എഐ, ഗാന് എഐ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളെ ഇന്ത്യയിലെ ആദ്യ തദ്ദേശീയ ഫൗണ്ടേഷണല്‍ മോഡലുകള്‍ നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ തിരഞ്ഞെടുത്തിരുന്നു. അതിന് മുമ്പ് സര്‍വം എഐയും ഈ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഈ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് രാജ്യത്തെ ക്ലൗഡ്, ഡാറ്റാ സെന്റര്‍ സേവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്.
നേരത്തെ തിരഞ്ഞെടുത്ത മോഡലുകളുടെ പുരോഗതി പ്രതീക്ഷ നല്‍കുന്നതാണെന്നും 2026 ഫെബ്രുവരിയില്‍ എഐ ഇംപാക്ട് സമ്മിറ്റ് നടക്കുമ്പോള്‍ ഇന്ത്യക്ക് ഒരു മോഡലോ മോഡലുകളോ സ്വന്തമായുണ്ടാവുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
വരും ദിവസങ്ങളില്‍ ഒരു എഐ ചട്ടക്കൂട് അവതരിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം, പ്രിന്‍സിപ്പള്‍ സൈന്റിഫിക് അഡൈ്വസര്‍ എന്നിവര്സ ചേര്‍ന്നാണ് ഇത് തയ്യാറാക്കുന്നത്. രാജ്യത്ത് എഐ സംവിധാനങ്ങള്‍ എങ്ങനെ നിര്‍മിക്കണം ഉത്തരവാദിത്തത്തോടെ എങ്ങനെ വിന്യസിക്കണം എന്നത് സബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിലുണ്ടാവും.
Content Highlights: India launches ambitious AI mission with ₹988.6 crore funding to build a trillion-parameter LLM,
Published: 19 Sept 2025, 08:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented