തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. കേസ് അവസാനിപ്പിക്കുന്നതിനായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഗൂഗിള്‍ ഈ അവകാശവാദം ഉന്നയിക്കുന്നത്.

വ്യക്തികളുടെ സ്വകാര്യ സംഭാഷണങ്ങൾ ഫോണുകളിലൂടെ റെക്കോർഡ് ചെയ്തുവെന്ന കേസ് 68 മില്യൺ ഡോളർ (ഏകദേശം 600 കോടിയിലധികം ഇന്ത്യൻ രൂപ) നൽകി അവസാനിപ്പിക്കാൻ ഗൂഗിൾ. ഫോണുകളിലെ വെർച്വൽ സഹായിയായ ഗൂഗിൾ അസിസ്റ്റന്റ് ആൻഡ്രോയിഡ് ഡിവൈസുകളിൽ മുന്നറിയിപ്പില്ലാതെ പ്രവർത്തിച്ചുവെന്നും സ്വകാര്യ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തുവെന്നുമാണ് കേസ്.
പ്രത്യേക പരസ്യങ്ങൾ ഉപയോക്താക്കളിൽ എത്തിക്കുന്നതിനായി ഈ റെക്കോർഡിങ്ങുകൾ പരസ്യദാതാക്കളുമായി പങ്കുവെച്ചുവെന്നും പരാതിക്കാർ ആരോപിച്ചിരുന്നു. എന്നാൽ, തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. കേസ് അവസാനിപ്പിക്കുന്നതിനായി സമർപ്പിച്ച ഹർജിയിലാണ് ഗൂഗിൾ ഈ അവകാശവാദം ഉന്നയിക്കുന്നത്. നിയമനടപടികൾ ഒഴിവാക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അവർ ബിബിസിയോട് പറഞ്ഞു.
'ഹായ് ഗൂഗിൾ' പോലുള്ള ഒരു പ്രത്യേക വാചകം കേൾക്കുന്നതുവരെ സ്റ്റാൻഡ്ബൈ മോഡിൽ കാത്തിരിക്കുന്ന തരത്തിലാണ് ഗൂഗിൾ അസിസ്റ്റന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തുടർന്ന് കേൾക്കുന്ന ശബ്ദങ്ങൾ ഫോൺ റെക്കോർഡ് ചെയ്യുകയും ഗൂഗിളിന്റെ സെർവറുകളിലേക്ക് അയയ്ക്കുകയും അവിടെ വിശകലനം ചെയ്യുകയും ചെയ്യും. കാലാവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങൾ മുതൽ ടെലിവിഷനുകൾ പോലുള്ള സ്മാർട്ട് ഉപകരണങ്ങളുമായി സംവദിക്കുന്നത് വരെയുള്ള വിവിധ ആവശ്യങ്ങൾക്കായി ഉപയോക്താക്കൾ ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിക്കാറുണ്ട്.
ആക്ടിവേഷൻ വാചകം കേട്ടിട്ടില്ലെങ്കിലും ചിലപ്പോൾ ഗൂഗിൾ അസിസ്റ്റന്റ് പ്രവർത്തിക്കുകയും സ്വകാര്യ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും ചെയ്യും എന്നാണ് കോടതിയെ സമീപിച്ചവർ ആരോപിക്കുന്നത്. ഓരോ ഉപയോക്താവിനെയും ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾ നൽകുന്നതിനായി ഈ റെക്കോർഡിങ്ങുകൾ പരസ്യദാതാക്കൾക്ക് അയച്ചതായും അവർ ആരോപിക്കുന്നു. എന്നാൽ, സ്റ്റാൻഡ്ബൈ മോഡിൽ ആയിരിക്കുമ്പോൾ ഓഡിയോ എവിടെയും അയക്കുന്നില്ലെന്നാണ് കമ്പനി പറയുന്നത്.
അതിനിടെ, കേസ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാലിഫോർണിയയിലെ ഒരു ഫെഡറൽ കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വ്യവസ്ഥകൾ യുഎസ് ജില്ലാ ജഡ്ജി ബെത്ത് ലാബ്‌സൺ ഫ്രീമാൻ അംഗീകരിക്കേണ്ടതുണ്ടെന്ന് ബിബിസി റിപ്പോർട്ടിൽ പറയുന്നു. വ്യവസ്ഥകൾ അംഗീകരിക്കപ്പെട്ടാൽ ഗൂഗിൾ കെട്ടിവെക്കുന്ന പണം കേസിലെ കക്ഷികൾക്കിടയിൽ വിതരണം ചെയ്യുമെന്നും ബിബിസി റിപ്പോർട്ടു ചെയ്യുന്നു.
അതിനിടെ, കഴിഞ്ഞ ജനുവരിയിൽ ആപ്പിൾ ഉപകരണങ്ങളിലുള്ള സിരി വഴി ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ ശ്രവിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാൻ 95 മില്യൺ ഡോളർ നൽകാൻ കമ്പനി സമ്മതിച്ചിരുന്നു. ആ കേസിലും ആരോപണങ്ങളെല്ലാം ആപ്പിൾ നിഷേധിക്കുകയാണ് ഉണ്ടായത്.
Content Highlights: Google settles lawsuit over Google Assistant secretly recording private conversations.
Published: 27 Jan 2026, 07:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented