ചൈനയുമായി ബന്ധമുള്ള ഒരു X അക്കൗണ്ടില്‍ പോലും യൂണിവേഴ്‌സിറ്റിയുടെ അവകാശവാദങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി.

സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ഒരു ചൈനീസ് റോബോട്ടിക് നായയെ ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടിയിൽ അവതരിപ്പിച്ചതോടെ വിവാദത്തിൽപ്പെട്ട് നോയിഡ ആസ്ഥാനമായ സ്വകാര്യ സർവകലാശാല. ഉച്ചകോടിയിൽ നിന്ന് ഉടനടി പുറത്തുപോകാൻ ഗാൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയോട് അധികൃതർ ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ എഐ ഉച്ചകോടിയിൽ നിരീക്ഷണത്തിനുള്ള റോബോട്ടിക് നായയെ സ്വകാര്യ സർവകലാശാല പ്രദർശിപ്പിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യം വൈറലായിരുന്നു. യൂണിവേഴ്‌സിറ്റി പ്രൊഫസർ നേഹ സിങ് റോബോട്ട് നായയെ അവതരിപ്പിക്കുന്നതും സർവകലാശാലയുടെ 350 കോടി രൂപയുടെ എഐ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണ് അതെന്ന് വീഡിയോയിൽ അവകാശപ്പെടുകയും ചെയ്തിരുന്നു.
ക്യാമ്പസിലൂടെ സ്വയം സഞ്ചരിക്കാനും നിരീക്ഷണം നടത്താനും റോബോട്ട് നായയ്ക്ക് കഴിവുണ്ടെന്ന് അവർ അഭിമാനത്തോടെ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ച വീഡിയോയിലും പ്രത്യക്ഷപ്പെട്ടതോടെ റോബോട്ട് നായ കൂടുതൽ ശ്രദ്ധനേടി. എന്നാൽ ചൈനയിൽ നിർമ്മിച്ച യൂണിട്രി Go2 എന്ന റോബോട്ട് നായയാണിതെന്ന് വ്യക്തമായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
നാല് കാലുള്ള റോബോട്ടുകൾ നിർമ്മിക്കുന്നതിൽ പേരുകേട്ട ഒരു ചൈനീസ് റോബോട്ടിക് കമ്പനിയാണ് യൂണിട്രീ. വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായതും വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്നതുമായ ഒരു റോബോട്ട് നായയാണ് യൂണിട്രി Go2. ഏകദേശം 2,800 ഡോളറിന് (2.3 ലക്ഷം രൂപ) ഇത് വാങ്ങാൻ കഴിയും.
സ്ഥിതിഗതികൾ വഷളായതോടെ യൂണിവേഴ്‌സിറ്റി വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. റോബോട്ട് നായയെ സ്വന്തമായി നിർമ്മിച്ചതായി അവകാശപ്പെട്ടിട്ടില്ലെന്നും അത് ഒരു പഠനോപകരണമായി ഉപയോഗിക്കുകയാണെന്നും യൂണിവേഴ്‌സിറ്റി പ്രസ്താവനയിൽ അവകാശപ്പെട്ടു. എന്നാൽ ഈ വിശദീകരണത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്.
ചൈനയുമായി ബന്ധമുള്ള ഒരു X അക്കൗണ്ടിൽ പോലും യൂണിവേഴ്‌സിറ്റിയുടെ അവകാശവാദങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. 'ഒരു ഇന്ത്യൻ യൂണിവേഴ്‌സിറ്റി ചൈനീസ് റോബോട്ട് യൂണിട്രി Go2-യെ ഡൽഹിയിലെ എഐ ഉച്ചകോടിയിൽ സ്വന്തം കണ്ടുപിടിത്തമെന്ന നിലയിൽ അവതരിപ്പിച്ചിരിക്കുന്നു' എന്നായിരുന്നു X പോസ്റ്റ്.
അതിനിടെ, വിദേശ നേതാക്കളും പ്രമുഖ ടെക് സിഇഇമാരുമടക്കം പങ്കെടുത്ത ആഗോള ഉച്ചകോടിയിൽ ഒരു ചൈനീസ് ഉത്പന്നത്തെ സ്വന്തമെന്ന നിലയിൽ അവതരിപ്പിക്കുന്നത് പരിപാടിയുടെ വിശ്വാസ്യതയെതന്നെ ബാധിച്ചേക്കാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സംഘാടകർ കടുത്ത നടപടിക്കൊരുങ്ങുന്നത് എന്നാണ് സൂചന.
Content Highlights: Galgotias University in hot water at India AI Impact Summit for presenting a Chinese robodog as its own. Learn about the controversy and the Unitree Go2.
Published: 18 Feb 2026, 01:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented