അമേരിക്കയില്‍ വാണിജ്യ റോക്കറ്റ് വിക്ഷേപണങ്ങള്‍ക്കും റീ എന്‍ട്രിക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ). നവംബര്‍ പത്ത് മുതലാണ് നിയന്ത്രണം. റോക്കറ്റ് വിക്ഷേപണങ്ങളും തിരിച്ചിറക്കലും പ്രാദേശിക സമയം രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ മാത്രമേ അനുവദിക്കൂ എന്ന് വ്യക്തമാക്കിക്കൊണ്ട് എഫ്എഎ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചു. പകല്‍ സമയങ്ങളിലും വൈകുന്നേരത്തും വിക്ഷേപണങ്ങള്‍ നിരോധിക്കുന്നതാണ് ഉത്തരവ്. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് അമേരിക്കയില്‍ ഉടനീളം ബാധകമായിരിക്കും.

To advertise here,

നീക്കത്തിന് പിന്നിലെന്ത് ?

വാണിജ്യ റോക്കറ്റുകള്‍ വിക്ഷേപിക്കുന്ന സമയത്ത് വ്യോമ ഗതാഗതം സുരക്ഷിതമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ കുറവ് നിലവില്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് അടിയന്തര നീക്കം. അമേരിക്കയില്‍ തുടരുന്ന യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണിനെത്തുടര്‍ന്നാണ് നിലവില്‍ എഫ്എഎയില്‍ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നത്.

ബഹിരാകാശ പേടകങ്ങളുടെയും സാധാരണ വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഓരോ റോക്കറ്റ് വിക്ഷേപണ സമയത്തും തിരിച്ചിറക്കുമ്പോഴും വ്യോമപാതയുടെ സുരക്ഷിതമായ നിയന്ത്രണം ആവശ്യമാണ്. അതിനാല്‍ കണ്‍ട്രോളര്‍മാരുടെ കുറവ്, ഫ്‌ളോറിഡ, കാലിഫോര്‍ണിയ തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളില്‍ നിലവിലുള്ള ജീവനക്കാരില്‍ താങ്ങാനാവാത്ത സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. വിമാന സര്‍വീസുകള്‍ കുറവുള്ള രാത്രിയില്‍ വിക്ഷേപണങ്ങള്‍ ഏകോപിപ്പിച്ച് പരിമിതമായ ജീവനക്കാരുടെ മേലുള്ള ജോലിഭാരം കുറയ്ക്കുക എന്നതാണ് ഈ കര്‍ശന നിയന്ത്രണത്തിന്റെ ലക്ഷ്യം.

സ്‌പേസ്എക്‌സ്, റോക്കറ്റ് ലാബ്, ബ്ലൂ ഒറിജിന്‍ തുടങ്ങിയ കമ്പനികള്‍ക്ക് അവരുടെ വിക്ഷേപണ ശേഷി നിലനിര്‍ത്തുന്നതോടൊപ്പം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കാനും ഇത് സഹായിക്കുമെന്ന് എഫ്എഎ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നിരുന്നാലും നിയന്ത്രണങ്ങള്‍ കാരണം പ്രധാന സ്റ്റാര്‍ലിങ്ക് ദൗത്യങ്ങളടക്കം മുന്‍കൂട്ടി നിശ്ചയിച്ച വിക്ഷേപണങ്ങള്‍ക്കും തിരിച്ചിറക്കങ്ങള്‍ക്കും പുനഃക്രമീകരണമോ കാലതാമസമോ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഫെഡറല്‍ ഏവിയേഷന്‍ നിയമങ്ങള്‍ പ്രകാരമാണ് എഫ്എഎ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അടച്ചുപൂട്ടല്‍ അവസാനിച്ചതിന് ശേഷം ആവശ്യമായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സൗകര്യങ്ങള്‍ പുനഃസ്ഥാപിച്ചാല്‍ മാത്രമേ കര്‍ഫ്യൂ പിന്‍വലിക്കൂ എന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. അത് എന്ന് സാധ്യമാകും എന്നകാര്യം ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. അതിനിടെ

പുതിയ നിയന്ത്രണം വാണിജ്യ ബഹിരാകാശ ദൗത്യങ്ങളില്‍ വ്യാപകമായ തിരിച്ചടി ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടച്ചിടല്‍ പോലെയുള്ള വെല്ലുവിളികള്‍ക്ക് ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഭാവിയെപ്പോലും എങ്ങനെ നിര്‍ണ്ണയിക്കാനാകുമെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്ക നേരിടുന്ന പ്രതിസന്ധി. ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റില്‍ ചൊവ്വയിലേക്കുള്ള നാസയുടെ ദൗത്യം നവംബര്‍ 9-ന് വിക്ഷേപിക്കാന്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍ അതിനെ ഈ നിയന്ത്രണം ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.