വാട്സാപ്പിലെ സുരക്ഷയുമായി ബന്ധപ്പെട്ട വ്യാജ അവകാശവാദങ്ങളുന്നയിച്ച് മെറ്റ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്ന വെളിപ്പെടുത്തലുമായി വിസിൽബ്ലോവർമാർ രംഗത്തുവന്നതിന് പിന്നാലെ മെറ്റയ്ക്കെതിരെ രൂക്ഷവിമർശനവുമായി എക്സ് മേധാവി ഇലോൺ മസ്ക്. എക്സ് പോസ്റ്റിലാണ് മെറ്റയ്ക്കെതിരെ മസ്ക് വിമർശനവുമായി രംഗത്തുവന്നത്.
വാട്സാപ്പ് സുരക്ഷിതമല്ലെന്നും സിഗ്നൽ പോലും സംശയാതീതമല്ലെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഇലോൺ മസ്ക് പറഞ്ഞു. പകരം എക്സ് ചാറ്റ് ഉപയോഗിക്കാനാണ് മസ്കിന്റെ നിർദേശം.
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിലെ സുരക്ഷയും സ്വകാര്യതയുമായും ബന്ധപ്പെട്ട് വ്യാജ അവകാശവാദങ്ങൾ ഉയർത്തി ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്നാരോപിച്ച് ഒരു അന്താരാഷ്ട്ര ഉപഭോക്തൃ കൂട്ടായ്മ കോടതിയെ സമീപിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച സാൻ ഫ്രാൻസിസ്കോയിലെ യു.എസ്. ഡിസ്ട്രിക്ട് കോടതിയിലാണ് ഹർജി നൽകിയത്. അജ്ഞാതരായ ചില വിസിൽബ്ലോവർമാർ (വിവരദാതാക്കൾ) പുറത്തുകൊണ്ടുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി. ഇതൊരു ക്ലാസ് ആക്ഷൻ ഹർജിയായി പരിഗണിക്കണമെന്ന് പരാതിക്കാരുടെ അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു.
എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനമുള്ള വാട്സാപ്പിലെ ചാറ്റുകളിലെ സന്ദേശങ്ങൾ അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും ഒഴികെ മറ്റൊരാൾക്കും (കമ്പനിക്ക് പോലും) കാണാനാവില്ല എന്നാണ് മെറ്റ നൽകുന്ന ഉറപ്പ്. സിഗ്നൽ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയാണ് വാട്സാപ്പും മെസഞ്ചറും പ്രവർത്തിക്കുന്നത്. എന്നാൽ ഈ സുരക്ഷാ വാദങ്ങൾ വെറും കെട്ടുകഥയാണെന്നാണ് ഹർജിയിലെ വാദം. വാട്സാപ്പിലൂടെ കൈമാറുന്ന സ്വകാര്യ സന്ദേശങ്ങൾ മെറ്റയും വാട്സാപ്പും ശേഖരിക്കുന്നുണ്ടെന്നും വിശകലനം ചെയ്യുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ഉപഭോക്താക്കളുടെ ചാറ്റ് വിവരങ്ങൾ കമ്പനി ശേഖരിച്ചുവെക്കുന്നുണ്ടെന്നും ജീവനക്കാർക്ക് ഇവ പരിശോധിക്കാൻ സാധിക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ മെറ്റ നിഷേധിച്ചിട്ടുണ്ട്
Content Highlights: Elon Musk Slams Meta: Claims WhatsApp Security is a Myth Amidst New Lawsuit
Published: 27 Jan 2026, 02:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented