നിർമിതബുദ്ധി (എഐ) യുടെ ഉപയോഗം ഇതിനകം വ്യാപകമാക്കിയ കമ്പനികൾ പലതും അക്കാര്യത്തിൽ പുനർവിചിന്തനം നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ. വിനോദ വ്യവസായ രംഗത്തെ വമ്പന്മാരായ ഡിസ്‌നിയിൽനിന്നാണ് ഇത്തരത്തിലുള്ള വാർത്തകൾ ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്.

To advertise here,

ക്ലോഡ് അടക്കമുള്ള എഐ ടൂളുകൾ ഉപയോഗിക്കാൻ കഴിഞ്ഞ വർഷമാണ് ഡിസ്‌നി എൻജിനീയർമാരെ അനുവദിച്ചത്. മാസങ്ങൾക്കകം എഐ ടൂളുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജീവനക്കാരോട് നിർദേശിച്ചിരിക്കുകയാണ് കമ്പനി.

ഉത്പാദനക്ഷമത വർധിപ്പിക്കാൻ എഐ ഉപയോഗിക്കാൻ ഡിസ്‌നിയുടെ സ്ട്രീമിങ് വിഭാഗം സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും അത് കോഡിന്റെ നിലവാരമോ ഉൽപന്നത്തിന്റെ വിശ്വാസ്യതയോ ബലികഴിച്ചുകൊണ്ടാകരുതെന്ന കർശന നിർദേശം കമ്പനി നൽകിയിട്ടുണ്ടെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ടു ചെയ്യുന്നു.

ഉത്പാദനക്ഷമത വർധിപ്പിക്കുന്നുണ്ടോ എന്നകാര്യം പരിഗണിക്കാതെ എഐ ടോക്കൺ ഉപയോഗം പരമാവധി വർധിപ്പിക്കുന്ന 'ടോക്കൺമാക്‌സിങ്' ഡിസ്‌നി പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കമ്പനിയിലെ ഉന്നതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മൂന്ന് മുൻഗണനകൾ ഡിസ്‌നിയുടെ നേതൃത്വം ജീവനക്കാർക്ക് മുന്നിൽവെച്ചിട്ടുണ്ട്. കാര്യക്ഷമമല്ലാത്ത ഉപയോഗം കണ്ടെത്താൻ എഐ ടോക്കൺ ട്രാക്കിങ് ഉപയോഗിക്കുക, വേഗം വർധിപ്പിക്കുക, കോഡ് നിലവാരവും ഉത്പന്നത്തിന്റെ നിലവാരവും നിലനിർത്തുക എന്നിവയാണ് അവ.

എഐ ഉപയോഗത്തിന്റെ കാര്യത്തിൽ വമ്പൻ കമ്പനികൾ നിലപാട് മാറ്റുന്നതിനിടെയാണ് ഡിസ്‌നിയിൽനിന്നുള്ള വിവരങ്ങളും പുറത്തുവരുന്നത്. എഐ മോഡലുകൾ ഉപയോഗിക്കുന്നതിനുള്ള ഭാരിച്ച ചെലവും അവയിൽനിന്നുള്ള പ്രയോജനവും സംബന്ധിച്ച അന്തരം ഇല്ലാതാക്കാൻ കമ്പനികൾ വഴികൾ തേടുന്നതിനിടെയാണിത്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല അടുത്തിടെ അനാവശ്യമായ എഐ ചെലവുകളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചിരുന്നു. പാരമൗണ്ട് സ്‌കൈഡാൻസ് ടെക്‌നോളജി ജീവനക്കാർ എഐ ടോക്കണുകളിൽ പ്രതിമാസം ചെലവഴിക്കുന്ന തുകയ്ക്ക് പരിധി ഏർപ്പെടുത്താൻ പദ്ധതിയിടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.