ഇലോൺ മസ്‌കിന്റെ എഐ സ്റ്റാർട്ടപ്പായ xAI-ൽ ചേർന്ന് ഇന്ത്യൻ എഐ ഗവേഷകനായ ദേവേന്ദ്ര സിങ് ചപ്ലോട്ട്. ടെക് ശതകോടീശ്വരനൊപ്പം നിൽക്കുന്ന ചിത്രം എക്‌സിൽ പങ്കുവെച്ചുകൊണ്ടാണ് ദേവേന്ദ്ര വിവരം പുറത്തുവിട്ടത്. സൂപ്പർ ഇന്റലിജൻസ് വികസിപ്പിക്കാൻ മസ്‌കിന്റെ ടീമിൽ ചേരുന്നുവെന്ന് അദ്ദേഹം എഴുതി. @xAIലേക്ക് സ്വാഗതം എന്ന് മസ്‌ക് പ്രതികരിച്ചു. (മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിനപ്പുറം ചിന്തിക്കാൻ എഐക്ക് സാധിക്കുന്ന അവസ്ഥയാണ് സൂപ്പർ ഇന്റലിജൻസ്).

To advertise here,

എഐ സ്റ്റാർട്ടപ്പ് നവീകരിക്കാൻ മസ്‌ക് ഒരുങ്ങുന്ന സമയത്താണ് ചപ്ലോട്ട് xAI-ൽ ചേർന്നിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടെ, xAI-ക്ക് അതിന്റെ സ്ഥാപക അംഗങ്ങളിൽ പലരെയും നഷ്ടപ്പെട്ടിരുന്നു. അതിനിടെ നേരത്തെ എക്‌സ്എഐയിൽ പ്രവർത്തിക്കാൻ അവസരം നിഷേധിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കുവേണ്ടി വീണ്ടും അഭിമുഖം നടത്തുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. ടെസ്‌ലയുടെയും xAI-യുടെയും കഴിവുകൾ ഉപയോഗിച്ച് ഒപ്റ്റിമസ് റോബോട്ടിന്റെ ഡിജിറ്റൽ പതിപ്പ് നിർമ്മിക്കാൻ ലക്ഷ്യമിടുന്ന മാക്രോഹാർഡ് എന്ന പദ്ധതി അടുത്തിടെ മസ്‌ക് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എഐ രംഗത്ത് ഏറെ പരിചയസമ്പന്നനാണ് ദേവേന്ദ്ര സിങ് ചപ്ലോട്ട്. ഓപ്പൺഎഐ മുൻ സിടിഒയ മീര മുരാത്തിയുടെ എഐ സ്റ്റാർട്ടപ്പ് ആയിരുന്ന തിങ്കിംഗ് മെഷീൻ ലാബ്‌സിലെ സ്ഥാപക അംഗമായിരുന്നു അദ്ദേഹം. അതിനുമുമ്പ് ഡച്ച് സെമികണ്ടക്ടർ ഉപകരണ ഭീമനായ ASML പിൻതുണയ്ക്കുന്ന എഐ സ്റ്റാർട്ടപ്പായ മിസ്ട്രൽ എഐയുടെ സ്ഥാപക ടീമിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 2018-ൽ തന്നെ ദേവേന്ദ്ര ഫേസ്ബുക്കിന്റെ എഐ ഗവേഷണ ടീമിന്റെ ഭാഗമായിരുന്നു. എഐ രംഗത്ത് എത്തുന്നതിന് മുമ്പ് സാംസങ്ങിൽ റിസർച്ച് അസോസിയേറ്റായും ജോലി ചെയ്തിരുന്നു.

ഐഐടി ബോംബെയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട് കാർനെഗീ മെലൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെഷീൻ ലേണിംഗിൽ പിഎച്ച്ഡി നേടി. അവിടെനിന്ന് മാസ്റ്റേഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട്.