സൈനിക നീക്കങ്ങളുടെ വേഗം വർധിപ്പിക്കാൻ നിർമിതബുദ്ധി (AI) യെ ആശ്രയിക്കുന്നതിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ സൈനിക നീക്കങ്ങൾ മനുഷ്യരുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. എഐ കമ്പനിയായ ആന്ത്രോപിക്കും പെന്റഗണും തമ്മിൽ ഇടഞ്ഞതിന്റെ വാർത്തകൾ പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷമാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

To advertise here,

അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിർമിതബുദ്ധിയുടെ അമിതമായ ഉപയോഗം 'ടെർമിനേറ്റർ' സിനിമയിലേതിന് സമാനമായ ദുരന്തപൂർണ്ണമായ ഭാവിയിലേക്ക് ലോകത്തെ നയിച്ചേക്കാം എന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് ജിയാങ് ബിൻ ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്.

'ദി ടെർമിനേറ്റർ' സിനിമയിൽ കണ്ട ദുരന്തം ഒരു ദിവസം യഥാർഥത്തിൽ സംഭവിക്കാം. എഐ നല്ല കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതിനാണ് ചൈന ഊന്നൽ നൽകുന്നത്. സൈനിക ആവശ്യങ്ങൾക്കായി എഐ ഉപയോഗിക്കുമ്പോൾ മനുഷ്യന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും എല്ലാ ആയുധ വിന്യാസങ്ങളും മനുഷ്യന്റെ നിയന്ത്രണത്തിലായിരിക്കണമെന്നും ചൈന വിശ്വസിക്കുന്നു. എഐ അടക്കമുള്ള സാങ്കേതികവിദ്യകളിൽ മുന്നേറ്റം നേടുന്നതിലൂടെ സമ്പൂർണ്ണ സൈനിക ആധിപത്യം നേടുന്നതിനോ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിനും ഭൗമ സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുന്നതിനോ ഉള്ള ശ്രമങ്ങളെ  എതിർക്കുന്നു. ബഹുമുഖ എഐ നിയന്ത്രണ സംവിധാനം വികസിപ്പിക്കുന്നതിനും അപകടസാധ്യത പ്രതിരോധിക്കുന്നതിനും, എഐ  മനുഷ്യരാശിയുടെ പുരോഗതിക്ക് സഹായകമായ ദിശയിൽ വികസിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ചൈന മറ്റ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കും.'- അദ്ദേഹം പറഞ്ഞു.

1984-ൽ പുറത്തിറങ്ങിയ 'ദി ടെർമിനേറ്റർ' എന്ന സിനിമ റോബോട്ടുകൾ മനുഷ്യർക്കെതിരെ യുദ്ധം ചെയ്യുന്ന ഒരു ദുരന്ത ഭാവിയെ ചിത്രീകരിക്കുന്നതാണ്. അർനോൾഡ് ഷ്വാസെനഗർ ആണ് ഈ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഈ സിനിമ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് സൈനിക നീക്കങ്ങളിലെ എഐ ഉപയോഗത്തെ ചൈന വിമർശിക്കുന്നത്.

വെനസ്വേലയ്ക്കും ഇറാനുമെതിരായ സൈനിക നീക്കങ്ങളിൽ എഐ ടൂളുകൾ അമേരിക്കൻ സൈന്യം വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എഐ ടൂളുകൾ മുമ്പൊരിക്കലും സാധ്യമല്ലാതിരുന്ന വേഗത്തിൽ വിവരങ്ങൾ ശേഖരിക്കാനും ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കാനും ബോംബാക്രമണങ്ങൾ ആസൂത്രണം ചെയ്യാനും നാശനഷ്ടങ്ങൾ വിലയിരുത്താനും സഹായിക്കുന്നു എന്നാണ് വാൾ സ്ട്രീറ്റ് ജേർണലടക്കം റിപ്പോർട്ടു ചെയ്യുന്നത്. അതിനിടെ, ചൈനയുടെ ബെയ്ദൂ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ഇറാൻ ഉപയോഗിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളുമുണ്ട്.

ഇലോൺ മസ്‌കിന്റെ ഗ്രോക്ക് സിസ്റ്റം രഹസ്യ സ്വഭാവമുള്ള ദൗത്യങ്ങൾക്ക് ഉപയോഗിക്കാൻ പെന്റഗൺ അടുത്തിടെ അനുമതി നൽകിയിരുന്നു. ആന്ത്രോപിക് അവരുടെ ക്ലോഡ് എഐ മോഡൽ കൂട്ടക്കൊലകൾക്കും സ്വയംഭരണാധികാരമുള്ള ആയുധങ്ങളുടെ വിന്യാസത്തിനും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ പെന്റഗൺ എഐ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.