
തിരുവനന്തപുരം: കംപ്യൂട്ടറിന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന പ്രൊസസര്‍ തദ്ദേശീയമായി നിര്‍മിച്ച് കേന്ദ്ര സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി-ഡാക്). സി-ഡാക്കിന്റെ ഹൈദരാബാദ്, പുണെ, ബെംഗളൂരു കേന്ദ്രങ്ങളുമായി സഹകരിച്ചാണ് തിരുവനന്തപുരം സി-ഡാക് രാജ്യത്താദ്യമായി ക്വാഡ്‌കോര്‍ പ്രൊസസര്‍ നിര്‍മിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ബെര്‍ക്കലിയുടെ സ്വതന്ത്ര ഹാര്‍ഡ്വേര്‍ അടിത്തറയില്‍ വികസിപ്പിച്ച ക്വാഡ്‌കോര്‍ പ്രൊസസര്‍ ഇക്കൊല്ലം അവസാനത്തോടെ ചിപ്പ് രൂപത്തില്‍ തയ്യാറാകും. ഇതിന്റെ ആദ്യരൂപം കഴിഞ്ഞ ദിവസം ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ മൈക്രോ പ്രൊസസര്‍ വികസന പദ്ധതിയുടെ ഭാഗമായാണിത് തയ്യാറാക്കിയത്. 273 കോടി രൂപയുടെ പദ്ധതിവഴി ഒന്നര വര്‍ഷമെടുത്താണ് സി-ഡാക്കിന്റെ സാങ്കേതിക വിദഗ്ധര്‍ പ്രൊസസര്‍ വികസിപ്പിച്ചത്. ചെന്നൈ ഐ.ഐ.ടി. നിര്‍മിച്ച 'ശക്തി' എന്ന സിംഗിള്‍ കോര്‍ തദ്ദേശീയ പ്രൊസസര്‍ നിലവിലുണ്ടെങ്കിലും സി-ഡാക്കിന്റെ പ്രൊസസര്‍ സങ്കീര്‍ണമായതും ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തേതാണെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു. ലിനക്സുമായി ബന്ധപ്പെടുത്തിയാണ് മന്ത്രിക്ക് മുന്നില്‍ പ്രൊസസറിന്റെ പ്രദര്‍ശനം നടത്തിയത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 'സിസ്റ്റം ഓണ്‍ ചിപ്' എന്ന തലത്തിലായിരിക്കുമിത്. നിലവിലുള്ള വന്‍കിട കമ്പനികളുടെ പ്രൊസസര്‍ നമ്മുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വികസിപ്പിക്കണമെങ്കില്‍ അവകാശത്തിനായി കോടികള്‍ മുടക്കേണ്ടിവരും. ഭാവിയിലുണ്ടാകുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റംവരുത്തണമെങ്കിലും ഇത്തരത്തില്‍ വന്‍തുക നല്‍കേണ്ടിവരും.
തന്ത്രപ്രധാന മേഖലകള്‍ക്ക് സുരക്ഷിതം
പദ്ധതി പൂര്‍ത്തിയാകുന്നതോടെ തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷാ സംശയങ്ങളൊന്നുമില്ലാതെ ഉപയോഗിക്കാനാകുമെന്ന് സി-ഡാക് അധികൃതര്‍ പറഞ്ഞു. നിലവില്‍ വിദേശകമ്പനികളുടെ പ്രൊസസറുകള്‍ ഉപയോഗിക്കുന്നത് സുരക്ഷാ ഓഡിറ്റിങ്ങിനു ശേഷമാണ്. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനാകുന്നതോടെ ഇറക്കുമതി ചെയ്യുന്ന വന്‍കിട കംപ്യൂട്ടര്‍ പ്രൊസസറുകളെക്കാള്‍ കുറഞ്ഞ ചെലവില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനാകും.
Content Highlights: c dac Develops Quad-Core Processor
Published: 03 Jan 2020, 10:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented