മുംബൈ:ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളില്‍ ഇടപാടുകള്‍ നടത്താന്‍ പിന്‍നമ്പറുകള്‍ക്കു പകരമായി ബയോമെട്രിക് ഓതന്റിക്കേഷന്‍ സംവിധാനം ഒരുങ്ങുന്നു. ഇതിനുള്ള സാങ്കേതികവിദ്യകള്‍ സജ്ജമാകുകയാണ്. ആഗോളതലത്തില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങി. വിരലടയാളം ഉപയോഗിക്കുന്നതിന് ബയോമെട്രിക് സെന്‍സറുകള്‍ ഉള്‍പ്പെടുത്തിയ കാര്‍ഡുകളാകും ഇതിനായെത്തുക.

To advertise here,

ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലെ തട്ടിപ്പുകള്‍ കുറ്റമറ്റരീതിയില്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സാങ്കേതികവിദ്യകള്‍ തയ്യാറാക്കിവരുന്നതെന്ന് ബാങ്കുകള്‍ക്കും മറ്റു സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുമായി ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ തയ്യാറാക്കിനല്‍കുന്ന പ്രധാന കമ്പനികളിലൊന്നായ മുംബൈ കേന്ദ്രമായുള്ള ശേഷസായി ടെക്‌നോളജീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പ്രഗ്‌ന്യാത് ലല്‍വാനി പറഞ്ഞു. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ വലിയ അളവുവരെ കുറയ്ക്കാന്‍ ഇതുപകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിരലടയാളം നല്‍കിയുള്ള ഓതന്റിക്കേഷനില്‍ മാത്രമേ ഇത്തരം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കൂ. ബാങ്ക് ശാഖകളില്‍നിന്നോ വീട്ടില്‍നിന്നോ വിരലടയാളവിവരങ്ങള്‍ ശേഖരിച്ച് കാര്‍ഡില്‍ സംയോജിപ്പിക്കുകയാകും ചെയ്യുക. ഉപഭോക്താവിന്റെ വിരലടയാളം ലഭിച്ചാല്‍മാത്രമേ ഈ കാര്‍ഡില്‍നിന്ന് ഇടപാടുകള്‍ നടക്കൂ.

വിസ ഉള്‍പ്പെടെ പ്രധാന കാര്‍ഡ് സേവന കമ്പനികളാണ് ഇതിന്റെ വിപണിപരീക്ഷണം നടത്തുന്നത്. യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക വിപണികളിലാണ് പരീക്ഷണം നടന്നുവരുന്നത്. പ്രശ്‌നരഹിതമായി ഈ സംവിധാനം ഉപയോഗിക്കുന്നതിനും വീഴ്ചകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുമാണിത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകാരുടെ മറ്റൊരു രീതിയാണ് സിവിവി നമ്പര്‍ ചോര്‍ത്തിയെടുത്ത് കാര്‍ഡുകളില്‍നിന്നു പണം തട്ടിയെടുക്കുന്നത്. ഇതിനു പരിഹാരമായി മാറിക്കൊണ്ടിരിക്കുന്ന സിവിവി നമ്പര്‍ (ഡൈനാമിക് സിവിവി) സംവിധാനവും ഒരുങ്ങുകയാണെന്ന് അദ്ദേഹം അറിയിച്ചു. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയിലേക്ക് കാര്‍ഡുകളെ ഉള്‍പ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. കാര്‍ഡുകളുടെ ഉടമസ്ഥാവകാശവും തിരിച്ചറിയലും ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയിലൂടെ സ്ഥിരീകരിക്കുന്ന സംവിധാനമാണിതിലൂടെ ലക്ഷ്യമിടുന്നത്. ഇത് പകര്‍ത്തിയെടുക്കാനോ പകരം മറ്റൊന്നുണ്ടാക്കാനോ കഴിയില്ല. രാജ്യത്ത് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് സജ്ജമാക്കുന്നതില്‍ 32 ശതമാനം വിപണിവിഹിതമുള്ള കമ്പനിയാണ് ശേഷസായി ടെക്‌നോളജീസ്.