
കൊച്ചി: നിര്‍മിത ബുദ്ധിയുടെ അതിവേഗമുള്ള വളര്‍ച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭീഷണിയാകുന്ന പുതിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇന്ധനമാകുന്നുവെന്ന് കേരള പോലീസ് സൈബര്‍ ഡിവിഷന്‍ മേധാവി അങ്കിത് അശോകന്‍. സിഐഒ കേരള ചാപ്റ്റര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച 'ടെക് 25' കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊതു- സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. കേരളത്തില്‍ മാത്രമല്ല രാജ്യത്തുടനീളമുള്ള ടെക് കമ്പനികളുമായി കേരള പോലീസ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന് ഈ സഹകരണം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
2024-ല്‍ തുടക്കമിട്ട കേരള പോലീസിന്റെ സൈബര്‍ ഡിവിഷനില്‍ ഇപ്പോള്‍ 250-ഓളം വിദഗ്ധരായ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ മുതല്‍ റാന്‍സം വെയര്‍ ആക്രമണങ്ങള്‍ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
'നിര്‍മിത ബുദ്ധി ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഒരുവശത്ത് എഐ ഉപയോഗിച്ച് സ്ഥാപനങ്ങള്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ മറുവശത്ത് അതെ എഐ ഉപകരണങ്ങള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ സങ്കീര്‍ണമായ ആക്രമണങ്ങള്‍ നടത്തുകയാണ്. കേരളത്തില്‍ ദിവസേന ഏകദേശം ഒരു കോടി മുതല്‍ ഒന്നര കോടി രൂപ വരെ സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ നഷ്ടപ്പെടുന്നുണ്ട്. സൈബര്‍ ഡിവിഷന് ദിവസേന 3000 മുതല്‍ 4000 വരെ പരാതി ഫോണ്‍ വിളികള്‍ വരാറുണ്ട്. ഡാര്‍ക്ക് വെബ്ബില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള സാങ്കേതിക വിദ്യകളും സേവനങ്ങളും ലഭ്യമാണ്.'-അങ്കിത് അശോകന്‍ പറഞ്ഞു.
ഇതിനു പരിഹാരം കാണാന്‍ വിവിധ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങളെയാണ് പോലീസ് ആശ്രയിക്കുന്നതെന്നും അത് ഏറ്റവും വേഗത്തില്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ തയ്യാറാകണമെന്നും ഒപ്പം സിസ്റ്റം തലത്തിലുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ദ്വിദിന കോണ്‍ഫറന്‍സില്‍ സാങ്കേതിക വിദ്യാരംഗത്തെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കോണ്‍ഫറന്‍സ് ശനിയാഴ്ച സമാപിച്ചു.
Content Highlights: ankit asokan ips talks about cyber crimes and ai
Published: 16 Aug 2025, 10:18 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented