
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറപ്പെടുവിച്ച നിര്‍ദേശത്തിന് പിന്നാലെ വോയിസ് കോളിനും എസ്.എം.എസിനും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ടെലികോം കമ്പനികള്‍. പ്രമുഖ ടെലികോം കമ്പനിയായ എയർടെൽ ട്രായ് നിര്‍ദേശപ്രകാരം പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായാണ് പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
നേരത്തെയുണ്ടായിരുന്ന 509 രൂപയുടെയും 1999 രൂപയുടെയും റീച്ചാര്‍ജ് പ്ലാനുകള്‍ പുനഃക്രമീകരിച്ചാണ് വോയിസ് കോള്‍, എസ്.എം.എസ്. റീച്ചാര്‍ജ് പ്ലാനായി കഴിഞ്ഞദിവസം എയര്‍ടെല്‍ അവതരിപ്പിച്ചത്. നേരത്തെയുണ്ടായിരുന്ന 509, 1999 പ്ലാനില്‍നിന്ന് ഇന്റര്‍നെറ്റ് ഡേറ്റ സേവനം ഒഴിവാക്കി വോയിസ്, എസ്.എം.എസ്. സേവനങ്ങള്‍ മാത്രമായി പുനഃക്രമീകരിച്ചാണ് എയര്‍ടെല്‍ കഴിഞ്ഞദിവസം റീച്ചാര്‍ജ് പ്ലാനുകള്‍ വെബ്‌സൈറ്റില്‍ നല്‍കിയത്. പഴയ റീച്ചാര്‍ജ് പ്ലാനില്‍നിന്ന് ഡേറ്റ സേവനം ഒഴിവാക്കി വോയിസ്,എസ്.എം.എസ്. പായ്ക്കായി അവതരിപ്പിച്ചതില്‍ സാമൂഹികമാധ്യമങ്ങളിലടക്കം വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നാലെ ഈ പ്ലാനുകള്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കംചെയ്തു. വെബ്‌സൈറ്റിലെ സാങ്കേതിക തകരാര്‍ കാരണമാണ് പുനഃക്രമീകരിച്ചനിലയില്‍ 509, 1999 റീച്ചാര്‍ജ് പ്ലാനുകള്‍ വെബ്‌സൈറ്റില്‍ ഇടംപിടിച്ചതെന്ന വിശദീകരണമാണ് എയര്‍ടെല്‍ ഇതുസംബന്ധിച്ച് നല്‍കിയതെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനുപിന്നാലെയാണ് വോയിസ് കോളുകള്‍ക്കും എസ്.എം.എസിനും മാത്രമായി പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
എയര്‍ടെല്‍ പുതിയ വോയിസ്, എസ്.എം.എസ്. പ്ലാനുകള്‍
1959 രൂപയുടെയും 499 രൂപയുടെയും പ്ലാനുകളാണ് വോയിസ് കോളിനും എസ്.എം.എസിനും മാത്രമായി എയര്‍ടെല്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
499 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് കോളും 900 എസ്.എം.എസുകളും ലഭിക്കും. 84 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഈ പ്ലാനില്‍ അപ്പോളോ 24/7 സര്‍ക്കിള്‍ മെമ്പര്‍ഷിപ്പും സൗജന്യ ഹലോട്യൂണ്‍ സേവനവും നല്‍കുന്നു.
1959 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളും 3600 എസ്.എം.എസും ലഭിക്കും ഇതിനൊപ്പം അപ്പോളോ 24/7 സര്‍ക്കിള്‍ മെമ്പര്‍ഷിപ്പ്, സൗജന്യ ഹലോട്യൂണ്‍ സേവനവും നല്‍കുന്നു. 365 ദിവസമാണ് ഈ റീച്ചാര്‍ജ് പ്ലാനിന്റെ കാലാവധി.

ട്രായ് നിര്‍ദേശം...
അടുത്തിടെയാണ് വോയിസ് കോളുകള്‍ക്കും എസ്.എം.എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാവുന്ന പ്ലാനുകള്‍ നല്‍കണമെന്ന് ടെലികോം കമ്പനികളോട് ട്രായ് നിര്‍ദേശിച്ചത്. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കും 2ജി സേവനം ഉപയോഗിക്കുന്നവര്‍ക്കും ഉപകാരപ്രദമാകുന്ന തീരുമാനമായിരുന്നു ഇത്. ഇന്റര്‍നെറ്റ് സേവനം ആവശ്യമില്ലാത്തവര്‍ റീച്ചാര്‍ജ് പ്ലാനുകളിലെ ഇന്റര്‍നെറ്റ് സേവനത്തിന് കൂടി പണം നല്‍കേണ്ടിവരുന്നതായും ട്രായ് വിലയിരുത്തിയിരുന്നു. ഇതിനാലാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. ഒരു സ്‌പെഷ്യല്‍ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ്.എം.എസ്. സേവനത്തിന് മാത്രമായി പുറത്തിറക്കണമെന്ന നിര്‍ദേശവുമായി 2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ട്രായ് ഉത്തരവിറക്കുകയുംചെയ്തിരുന്നു.
അതേസമയം, ട്രായ് നിര്‍ദേശം നടപ്പിലാക്കാനായി ടെലികോം കമ്പനികള്‍ പുതുതായി അവതരിപ്പിച്ച വോയിസ് കോള്‍, എസ്.എം.എസ്. റീച്ചാര്‍ജ് വൗച്ചറുകള്‍ ഉദ്ദേശിച്ച ഫലം ലഭിക്കാത്തതെന്നാണ് സാമൂഹികമാധ്യമങ്ങളിലടക്കം ഉയരുന്ന വിമര്‍ശനം. ചെറിയ തുകയ്ക്കുള്ള വോയിസ് കോള്‍, എസ്.എം.എസ് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കേണ്ടതിന് പകരം വലിയതുകയുടെ പ്ലാനുകള്‍ കമ്പനികള്‍ നല്‍കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രയോജനമില്ലെന്നും അഭിപ്രായമുയരുന്നുണ്ട്. കഴിഞ്ഞദിവസം എയര്‍ടെല്‍ 509, 1999 പ്ലാനുകള്‍ പുനഃക്രമീകരിച്ച് വോയിസ്, എസ്.എം.എസ്. റീച്ചാര്‍ജ് പ്ലാനാക്കി അവതരിപ്പിച്ചപ്പോഴും കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. നേരത്തെയുണ്ടായിരുന്ന ഇന്റര്‍നെറ്റ് ഡേറ്റ ഒഴിവാക്കിയിട്ടും അതേതുക തന്നെ ഈടാക്കുന്നതാണ് സാമൂഹികമാധ്യമങ്ങളിലടക്കം ചര്‍ച്ചയായത്.
Content Highlights: airtel voice sms recharge plans
Published: 23 Jan 2025, 05:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented