ആഗോള തലത്തില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കോവിഡ്-19 ട്രേസിങ് ആപ്ലിക്കേഷന്‍ എന്ന നേട്ടം ഇന്ത്യയുടെ ആരോഗ്യ സേതു ആപ്പിന്. സെന്‍സര്‍ ടവറിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ആരോഗ്യ സേതു മുന്നിലെത്തിയത്. ഏപ്രിലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആരോഗ്യ സേതു ഡൗണ്‍ലോഡ് ചെയ്തത്. 8.08 കോടിപേരാണ് ഏപ്രിലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.  ജൂലായിലെ കണക്കനുസരിച്ച് ആകെ 12.76 കോടിയിലധികം പേരാണ്  ആരോഗ്യ സേതു ഡൗണ്‍ലോഡ് ചെയ്തത്. 

To advertise here,

ആഗോള തലത്തില്‍ ഏറ്റവും അധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആപ്ലിക്കേഷന്‍ ആരോഗ്യ സേതു ആണെങ്കിലും പ്രായോഗികതലത്തില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ആരോഗ്യസേതു നാലാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയിലെ കോവിഡ്‌സേഫ് ആപ്ലിക്കേഷനാണ് പ്രായോഗികതലത്തില്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നത്. 

45 ലക്ഷം തവണയാണ് കോവിഡ് സേഫ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ഓസ്‌ട്രേലിയന്‍ ജനസംഖ്യയുടെ 21.6 ശതമാനമാണിത്. കോവിഡ് ട്രേസിങ് ആപ്പ് പ്രായോഗികമാക്കിയതില്‍ രണ്ടാം സ്ഥാനം തുര്‍ക്കിയും മൂന്നാം സ്ഥാനം ജര്‍മനിയുമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 12.5 ശതമാനം പേരാണ് ആരോഗ്യസേതു ഫലപ്രദമായി ഉപയോഗിക്കുന്നത്.

സര്‍വേ നടത്തിയ 14 രാജ്യങ്ങളില്‍ (ഓസ്ട്രേലിയ, തുര്‍ക്കി, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, പെറു, ജപ്പാന്‍, സൗദി അറേബ്യ, ഫ്രാന്‍സ്, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്) 190 കോടിയാളുകള്‍ അവരുടെ സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് ട്രേസിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കിലും അവരില്‍ 17.3 കോടിയാളുകള്‍ മാത്രമാണ് അതിന്റെ സജീവ ഉപയോക്താക്കള്‍. 

എന്നാല്‍ കോവിഡ്-19 ട്രേസിങ് ആപ്പുകളുടെ ജനകീയത അത് ഫലപ്രദമാണെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നാണ് വിദഗ്ദാഭിപ്രായം. കാരണം ഡൗണ്‍ലോഡുകളില്‍ ആരോഗ്യ സേതു മുന്നിലാണെങ്കിലും കോവിഡ് ഏറ്റവും അധികം വ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യയും.

Content Highlights: Aarogya Setu worlds most downloaded covid-19 tracing app