
ന്യൂഡല്‍ഹി: ഏഴ് ദിവസം നീണ്ടു നിന്ന 5ജി സ്പെക്ട്രം ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക സ്പെക്ട്രത്തിനായി ചെലവഴിച്ചത് റിലയന്‍സ് ജിയോ. ആകെ 1.5 ലക്ഷം കോടിയോളം രൂപ സമാഹരിച്ച ലേലത്തില്‍ 87,000 കോടി രൂപയാണ് ജിയോ ചെലവാക്കിയത്.
4ജിയേക്കാള്‍ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്തുകൊണ്ടാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്നത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സേവനം ആരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍നിന്നുള്ള വിവരം.
ലേലത്തിന് വെച്ച ആകെ 72 ഗിഗാ ഹെര്‍ട്സ് സെപ്ക്ട്രത്തിന്റെ 71 ശതമാനം കമ്പനികള്‍ വാങ്ങിയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തിങ്കളാഴ്ചയാണ് ലേലം അവസാനിച്ചത്. ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും അദാനി എന്റര്‍പ്രൈസസും ലേലത്തില്‍ പങ്കെടുത്തിരുന്നു.
എയര്‍ടെല്‍ 43,000 കോടി രൂപയാണ് ചെലവാക്കിയത്. വോഡഫോണ്‍ ഐഡിയ 19,000 കോടി രൂപയും ചെലവാക്കി. 215 കോടി രൂപയാണ് അദാനി എന്റര്‍പ്രൈസസ് ചിലവഴിച്ചത്.
രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും സേവനം എത്തിക്കുന്നതിന് ആവശ്യമായ സ്പെക്ട്രം വാങ്ങിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് ടെലികോം മന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 5ജി കവറേജ് മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കുറച്ച് തുക ചെലവഴിച്ച അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആഭ്യന്തര ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് 5ജി സ്പെക്ട്രം വാങ്ങിയത് എന്നാണ് വിവരം. പൊതുജനങ്ങള്‍ക്കുള്ള ടെലികോം സേവനങ്ങള്‍ കമ്പനി നല്‍കില്ല.
കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമായതിനാല്‍ ലേലത്തുക 20 തുല്യ ഗഡുക്കളായി നല്കാന് അനുവാദം നല്‍കിയിട്ടുണ്ട്.
Content Highlights: 5G spectrum auction reliance Jio top on the list
Published: 02 Aug 2022, 12:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented