പല ശാസ്ത്രജ്ഞരും ഇതിന്റെ ഉത്ഭവത്തെക്കുറിച്ച് ചോദ്യം ചെയ്യുകയും അസാധാരണത്വങ്ങള് ചൂണ്ടിക്കാണിക്കുകയും ചെയ്തതോടെയാണ് 3I/ATLAS വലിയ ശ്രദ്ധനേടിയത്.

ലോകമെങ്ങും വലിയ ചർച്ചകൾക്ക് വഴിതെളിച്ച 3I/ATLAS ഭൂമിക്കരികിലൂടെ ഇന്ന് (ഡിസംബർ 19-ന്) കടന്നുപോകും. സൗരയൂഥത്തിലേക്ക് ഇതുവരെ പ്രവേശിച്ചിട്ടുള്ള മൂന്നാമത്തെ അറിയപ്പെടുന്ന നക്ഷത്രാന്തരീയ വസ്തുവാണിത്. ഭൂമിയോട് ഏറ്റവും അടുത്ത ദൂരത്തെത്തുന്നത് ഇപ്പോഴാണ്. പല ശാസ്ത്രജ്ഞരും ഇതിന്റെ ഉത്ഭവത്തെക്കുറിച്ച് ചോദ്യം ചെയ്യുകയും അസാധാരണത്വങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തതോടെയാണ് 3I/ATLAS വലിയ ശ്രദ്ധനേടിയത്.
പ്രമുഖ ഹാർവാഡ് ശാസ്ത്രജ്ഞനായ ആവി ലോബ് 3I/ATLAS സ്വാഭാവികമായി ഉണ്ടായതല്ലെന്നും അന്യഗ്രഹ സാങ്കേതികവിദ്യ അതിന്റെ പിന്നിലുണ്ടായിരിക്കാമെന്നും അഭിപ്രായപ്പെട്ടതോടെ ചർച്ചകൾ ചൂടുപിടിച്ചു. എന്നാൽ 3I/ATLAS ന്റെ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ അതിനെ ഒരു 'വാൽനക്ഷത്രം' എന്ന് വിശേഷിപ്പിക്കുകയും മറിച്ചുള്ള വിവിധ സിദ്ധാന്തങ്ങൾ തള്ളിക്കളയുകയും ചെയ്തിരുന്നു. 3I/ATLAS -നെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങൾക്ക് നാസ അംഗീകരിച്ചിട്ടുള്ള ഉത്തരങ്ങൾ ഇവയാണ്.
മണിക്കൂറിൽ 221,000 കിലോമീറ്റർ വേഗം
2025 ജൂലായ് ഒന്നിന് ചിലിയിലെ Asteroid Terrestrial-impact Last Alert System (ATLAS) സ്റ്റേഷനാണ് ഇതിനെ കണ്ടെത്തിയത്. 3I/ATLAS എന്ന് പേരിട്ടിരിക്കുന്നതിന് മൂന്ന് കാരണങ്ങളാണുള്ളത്. സൗരയൂഥത്തിലൂടെ കടന്നുപോകുന്ന മൂന്നാമത്തെ (3) നക്ഷത്രാന്തരീയ (interstellar) വസ്തുവാണ് ഇത് എന്നതിനാലാണ് 3I പേരിന്റെ ഭാഗമായത്. ATLAS സർവേ ടെലസ്‌കോപ്പ് കണ്ടെത്തിയതിനാൽ അതും പേരിന്റെ ഭാഗമായി. ഇതിനെ കണ്ടെത്തുമ്പോൾ മണിക്കൂറിൽ ഏകദേശം 137,000 മൈൽ (മണിക്കൂറിൽ 221,000 കിലോമീറ്റർ) വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത് എന്നാണ് നാസ പറയുന്നത്. സൂര്യനോട് ഏറ്റവും അടുത്തെത്തിയതോടെ സൂര്യന്റെ ഗുരുത്വാകർഷണം മൂലം അതിന്റെ വേഗം മണിക്കൂറിൽ ഏകദേശം 153,000 മൈൽ (മണിക്കൂറിൽ 246,000 കിലോമീറ്റർ) ആയി വർധിച്ചു.
ഇനിയും കാണാൻ കഴിയുമോ?
സൂര്യന്റെ ഗുരുത്വാകർഷണത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്നത്ര വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്. 3I/ATLAS സൂര്യനെ ചുറ്റി ഒരു അടഞ്ഞ ഭ്രമണപഥം പിന്തുടരുന്നില്ല. സൗരയൂഥത്തിലൂടെ കടന്നുപോകുകമാത്രമാണ് ചെയ്യുന്നത്. നക്ഷത്രാന്തരീയ ബഹിരാകാശത്തേക്ക് അതിന്റെ യാത്ര തുടരും. ഇനിയൊരിക്കലും കാണാൻ കഴിഞ്ഞെന്ന് വരില്ല. ഇത് നമ്മുടെ സൗരയൂഥം വിടുമ്പോൾ അത് വന്ന വേഗതയിൽ തന്നെയായിരിക്കും സഞ്ചരിക്കുന്നത്.
ഭൂമിക്ക് ഭീഷണിയോ?
3I/ATLAS ഭൂമിക്ക് യാതൊരു ഭീഷണിയും ഉയർത്തുന്നില്ല. 3I/ATLAS 17 കോടി മൈൽ (27 കോടി കിലോമീറ്റർ) അല്ലെങ്കിൽ 1.8 ജ്യോതിശാസ്ത്ര യൂണിറ്റിൽ (astronomical units) കൂടുതൽ അടുത്ത് വരില്ല എന്നാണ് കണക്കാക്കിയിട്ടുള്ളത്.
വലിപ്പമെത്ര ?
വലിപ്പത്തെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് ഇതുവരെ കൃത്യമായ ധാരണ ലഭിച്ചിട്ടില്ല. എന്നാൽ 2025 ഓഗസ്റ്റ് 20-ലെ ഹബിൾ ബഹിരാകാശ ദൂരദർശിനി നിരീക്ഷണങ്ങൾ അനുസരിച്ച്, അതിന്റെ കേന്ദ്രത്തിന്റെ വ്യാസം 1,400 അടി (440 മീറ്റർ)-ൽ കുറവോ 3.5 മൈൽ (5.6 കിലോമീറ്റർ)-ൽ കൂടുതലോ അല്ല. 3I/ATLAS കാർബൺ ഡയോക്‌സൈഡ്, വെള്ള ഐസ്, മറ്റ് വാതകങ്ങൾ എന്നിവയാൽ സമ്പന്നമാണ്. ഡി-ടൈപ്പ് ഛിന്നഗ്രഹങ്ങളെയും (D-type asteroids) 2I/ബോറിസോവിനും സമാനമായ ചുവപ്പ് നിറം കാണിക്കുന്നു.
കാണാൻ കഴിയുമോ?
3I/ATLAS നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. നിരീക്ഷിക്കാൻ ദൂരദർശിനികൾ ആവശ്യമാണ്.
പ്രാധാന്യം എന്താണ്?
മറ്റൊരു നക്ഷത്ര വ്യവസ്ഥയിൽ നിന്നുള്ള വസ്തുക്കളെക്കുറിച്ച് പഠിക്കാൻ 3I/ATLAS ഒരു അപൂർവ അവസരമാണ് ശാസ്ത്രജ്ഞർക്ക് നൽകുന്നത്. ഇത് വിദൂരെ നക്ഷത്ര വ്യവസ്ഥകളിലെ വസ്തുക്കളുടെ രൂപവത്കരണം, ഘടന എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകിയേക്കും. ESAയുടെ XMM-Newton ബഹിരാകാശ നിരീക്ഷണാലയം 3I/ATLAS നെ എക്‌സ്-റേ ലൈറ്റിൽ നിരീക്ഷിച്ചിരുന്നു. സ്വാഭാവിക വാൽനക്ഷത്ര സ്വഭാവമാണ് നിരീക്ഷണത്തിലൂടെ വെളിപ്പെട്ടത്. നക്ഷത്രാന്തരീയ വസ്തുക്കളുടെ സ്വഭാവവും ചരിത്രവും ഘടനയും അടക്കമുള്ളവയെക്കുറിച്ച് മനസിലാക്കാൻ ശാസ്ത്രജ്ഞർക്ക് വിലപ്പെട്ട അവസരമാകും 3I/ATLAS നൽകുക
Content Highlights: Discover NASA`s verified facts about Comet 3I/ATLAS, the third interstellar object detected.
Published: 19 Dec 2025, 06:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented