ആപ്പിള്‍ അവതിരിപ്പിച്ച ഏറ്റവും പുതിയ ഫോണാണ് ഐഫോണ്‍ 16ഇ. നിലവില്‍ വിപണിയിലുള്ള ഐഫോണ്‍ 16 സീരീസിലേക്കാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്. ഐ.ഒ.എസിലെ മുന്‍നിര ഫീച്ചറുകളുമായെത്തിയിരിക്കുന്ന ഇതാണ്‌ ഇപ്പോള്‍ വിപണിയിലുള്ള ഏറ്റവും വിലകുറഞ്ഞ ഐഫോണ്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 15-നേക്കാള്‍ കുറഞ്ഞ വില. 

To advertise here,

ഐഫോണ്‍ 16ഇ, ഐഫോണ്‍ 15; ഇതില്‍ ഏത് വാങ്ങണം? സ്വാഭാവികമായും ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ മനസില്‍ ഈ ചോദ്യമുയര്‍ന്നേക്കാം. തീരുമാനം തീര്‍ച്ചയായും ഉപഭോക്താവിന്റേത് തന്നെയാണെങ്കിലും ഈ രണ്ട് ഫോണുകളും തമ്മില്‍ താരതമ്യം ചെയ്യേണ്ടതുണ്ട്.

മുമ്പ് സൂചിപ്പിച്ചത് പോലെ വിപണിയില്‍ ഏറ്റവും വിലക്കുറവുള്ള ഐഫോണ്‍ മോഡലാണ് ഐഫോണ്‍ 16 ഇ. ഇതിന്റെ 128 ജിബി മോഡലിന് 59,900 രൂപയാണ് വില. പലവിധ ഡിസ്‌കൗണ്ടുകള്‍ വഴി കുറഞ്ഞ വിലയില്‍ വിപണിയില്‍ ലഭ്യമാണെങ്കിലും ഐഫോണ്‍ 15-ന്റെ 128 ജിബി പതിപ്പിന് ആപ്പിള്‍ വെബ്‌സൈറ്റിലെ വില 69,900 രൂപയാണ്.

ഇങ്ങനെയാണെങ്കിലും 2024-ല്‍ അവതരിപ്പിച്ച ഐഫോണ്‍ 16 സീരീസിന് സമാനമായ ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ ഫീച്ചറുകളാണ് ഐഫോണ്‍ 16ഇ-യിലുള്ളത്. എ18 ചിപ്പ്‌സെറ്റ്, ആപ്പിള്‍ ഇന്റലിജന്‍സ്, ഒഎല്‍ഇഡി ഡിസ്‌പ്ലേ, ടച്ച് ഐഡി, ആക്ഷന്‍ ബട്ടണ്‍ എന്നിവയെല്ലാം അത് വ്യക്തമാക്കുന്നു. 

ഡിസ്‌പ്ലേ

ഐഫോണ്‍ 16ഇ-യില്‍ 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണുള്ളത്. 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഒഎല്‍ഇഡി ഡിസ്‌പ്ലേയാണിത്. ഐഫോണ്‍ 14-ന് സമാനമായ ഡിസ്‌പ്ലേ നോച്ച്. 

ഐഫോണ്‍ 15-ലും 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡി്‌പ്ലേയാണ്. 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഒഎല്‍ഇഡി സ്‌ക്രീനില്‍ പക്ഷെ ഡൈനാമിക് ഐലന്റ് നോച്ച് ആണുള്ളത്. 

വലിപ്പത്തിന്റെയും റിഫ്രഷ് റേറ്റിന്റേയും കാര്യത്തില്‍ രണ്ട് ഫോണുകളും ഒരുപോലെയാണെങ്കിലും ഡൈനാമിക് ഐലന്റ് ഫീച്ചര്‍ ഉള്ളത് ഐഫോണ്‍ 15 നെ മുന്നിലാക്കുന്നു. ഡൈനാമിക് ഐലന്റ് ഫീച്ചറുകള്‍ ഐഫോണ്‍ ഡിസ്‌പ്ലേ അനുഭവം കൂടുതല്‍ മികച്ചതാക്കുന്നതാണ്. 

രൂപകല്‍പന

ബാഹ്യ രൂപകല്‍പനയുടെ കാര്യത്തിലും രണ്ട് ഫോണുകളും ഒരുപോലെയാണ്. അലൂമിനിയം ഫ്രെയിമില്‍ നിര്‍മിതമാണ് രണ്ടും. ഐപി68 റേറ്റിങും രണ്ട് ഫോണുകള്‍ക്കുമുണ്ട്. ഫോണിന്റെ ആകെ വലിപ്പവും ആകൃതിയും ഒരുപോലെയാണ്.

ഒരു വ്യത്യാസമുള്ളത് ആക്ഷന്‍ ബട്ടണാണ്. ഐഫോണ്‍ 15 സീരിസില്‍ പഴയ ടോഗിള്‍ ബട്ടണാണുള്ളത്. എന്നാല്‍ ഐഫോണ്‍ 15 പ്രോ മുതല്‍ നിലവില്‍ വന്ന ആക്ഷന്‍ ബട്ടണാണ് ഐഫോണ്‍ 16ഇയിലുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായി ഈ ബട്ടണ്‍ കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാനാവും. ഇത് ഐഫോണ്‍ 16 സീരീസ് ഉപയോഗിക്കുന്നതിന് സമാനമായ അനുഭവം നല്‍കും. 

ആപ്പിള്‍ ഇന്റലിജന്‍സ്

ഐഫോണ്‍ 16 ഇയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 15 നെ പിന്നിലാക്കുന്ന പ്രധാന ഘടകമാണ് ആപ്പിള്‍ ഇന്റലിജന്‍സ്. ആപ്പിളിന്റെ ഏറ്റവും പുതിയ എ18 ചിപ്പ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 16ഇയില്‍ നൂതനമായ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ലഭ്യമാണ്. 8 ജിബി റാമും ഇതിനുണ്ടെന്നാണ് വിവരം. 

ഐഫോണ്‍ 15 ല്‍ പക്ഷെ 2023 ലെ എ16 ബയോണിക് ചിപ്‌സെറ്റാണ്. ശക്തിയേറിയ പ്രൊസസര്‍ ആണൈങ്കിലും ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യം ഈ ചിപ്പ്‌സെറ്റിനില്ല. എഐ ഫീച്ചറുകളുള്ള ഫോണ്‍ ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ തീര്‍ച്ചയായും ഐഫോണ്‍ 16ഇ തന്നെ തിരഞ്ഞെടുക്കാം. 

ബാറ്ററിയും മോഡവും

ഐഫോണ്‍ 16ഇയില്‍ ആപ്പിളിന്റെ ഏറ്റവും പുതിയ സി1 സെല്ലുലാര്‍ മോഡമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഫോണിന് മികച്ച ബാറ്ററി ലൈഫ് സമ്മാനിക്കുന്നു. വീഡിയോ പ്ലേബാക്കില്‍ 26 മണിക്കൂര്‍ ബാറ്ററി ലൈഫ് ആണ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്. 

അതേസമയം ഐഫോണ്‍ 15 ല്‍ ക്വാല്‍കോമിന്റെ എക്‌സ്70 മോഡമാണുള്ളത്. 20 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് ബാറ്ററി ലൈഫ് ആണ് ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 

എന്നാല്‍ ഐഫോണ്‍ 15 ല്‍ മാഗ്‌സേഫ് ഫീച്ചറുണ്ട്. ഇതുവഴി ഫോണ്‍ വയര്‍ലെസ് ആയി ചാര്‍ജ് ചെയ്യാനാവും. എന്നാല്‍ ഐഫോണ്‍ 16ഇയില്‍ മാഗ്‌സേഫ് മാഗ്നറ്റിക് ചാര്‍ജിങ് ഫീച്ചര്‍ ലഭ്യമല്ല.  

ക്യാമറ

രണ്ട് ഫോണുകളുടേയും പ്രധാന വ്യത്യാസങ്ങളിലൊന്നാണിത്. 

ഐഫോണ്‍ 16ഇയില്‍ 48 മെഗാപിക്‌സല്‍, എഫ് 1.6 അപ്പേര്‍ച്ചര്‍, 2 എക്‌സ് സൂം എന്നിവയുള്ള സിംഗിള്‍ റിയര്‍ ക്യാമറയും 12 എംപി സെല്‍ഫി ക്യാമറയുമാണുള്ളത്. 

ഐഫോണ്‍ 15 ല്‍ ആകട്ടെ, 48 എംപി (വൈഡ്), 12 എംപി (അള്‍ട്രാ വൈഡ്) ക്യാമറകള്‍ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണ്. 

48 എംപിയുടെ ക്യാമറ പഴയ എസ്ഇ സീരിസുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ അപ്‌ഡേറ്റ് തന്നെയാണ്. എന്നാല്‍ ഐഫോണ്‍ 15 ന്റെ ക്യാമറയോട് താരതമ്യം ചെയ്യുമ്പോള്‍ അത് ഒരു പടി പിന്നിലാണ്. 

ഏത് തിരഞ്ഞെടുക്കണം

തീരുമാനം പൂര്‍ണമായും ഉപഭോക്താവിന്റെ താത്പര്യം തന്നെയാണ്. ഐഫോണ്‍ 15 നെ മുന്നിലെത്തിക്കുന്ന ഒട്ടേറെ ഫീച്ചറുകള്‍ ഉണ്ടെങ്കിലും  ഐഫോണ്‍ 16ഇയ്ക്കും അതിന്റേതായ നേട്ടങ്ങളുണ്ട്.

തീര്‍ച്ചയായും നിങ്ങള്‍ ചിലവാക്കാനാഗ്രഹിക്കുന്ന തുക എത്രയാണെന്ന് കണക്കാക്കി ഇതില്‍ തീരുമാനമെടുക്കാം 59900 രൂപ വിലയുള്ള ഐഫോണ്‍ 16ഇ വിവിധ വിലക്കിഴിവുകളില്‍ 55000 രൂപയ്‌ക്കെങ്കിലും വാങ്ങാന്‍ സാധിക്കും. ആക്ഷന്‍ ബട്ടണ്‍, 8ജിബി റാം, ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ എന്നിവയുടെ കാര്യത്തില്‍ ഐഫോണ്‍ 16ഇ തന്നെയാണ് മുന്നില്‍. മികച്ച ബാറ്ററി ലൈഫും ഐഫോണ്‍ 16ഇ വാഗ്ദാനം ചെയ്യുന്നു.

വലിയ ക്യാമറാ ഫീച്ചറുകളുണ്ടെങ്കിലും അത് കാര്യക്ഷമമായി ഉപയോഗിക്കാത്തവരാണ് മിക്ക ഐഫോണ്‍ ഉപഭോക്താക്കളും. ഫോട്ടോഗ്രഫിയിലും വീഡിയോഗ്രഫിയിലും അധിക താത്പര്യമില്ലാത്തവരാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് ഐഫോണ്‍ 16ഇയിലെ സിംഗിള്‍ ക്യാമറ തന്നെ മതിയാവും. എന്നാല്‍ ഇ ക്യാമറ മോശമാണെന്നല്ല. മികച്ച ഐഒഎസ് അനുഭവം കുറഞ്ഞവിലയില്‍ നേടാമെന്നതാണ് ഐഫോണ്‍ 16ഇയുടെ നേട്ടം. 

15 മാസം പ്രായമുള്ള ഐഫോണ്‍ മോഡലാണെങ്കിലും ഐഫോണ്‍ 15 നും നല്ലൊരു ഓപ്ഷന്‍ തന്നെയാണ്. ആപ്പിള്‍ ഇന്റലിജന്‍സ്, ആക്ഷന്‍ ബട്ടണ്‍, എ18 ചിപ്പ്‌സെറ്റ് എന്നിവയുടെ അഭാവമുണ്ടെങ്കിലും ഇതും മികച്ച പ്രവര്‍ത്തനക്ഷമതയുള്ള ഫോണ്‍ തന്നെയാണ്. മികച്ച ക്യാമറ സംവിധാനം ഇതിന്റെ നേട്ടമാണ്. ഡൈനാമിക് ഐലന്റ്, മാഗ്‌സേഫ് ചാര്‍ജിങ് സൗകര്യം എന്നിവയും ഐഫോണ്‍ 15 നുണ്ട്. 

മറ്റൊരു കാര്യം ഇതില്‍ ഏറ്റവും അധികകാലം ഉപയോഗിക്കാനാവുക ഐഫോണ്‍ 16ഇയാണ് എന്നതാണ്. കാരണം ഏറ്റവും പുതിയ ചിപ്പ്‌സെറ്റും ഒഎസുമായാണ് ഐഫോണ്‍ 16ഇ എത്തുന്നത്. ഐഫോണ്‍ 15 നുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ കാലം സോഫ്റ്റ് വെയര്‍, ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കുക ഐഫോണ്‍ 16ഇയ്ക്ക് തന്നെയാവും.