ആപ്പിൾ എയർടാഗിന് എതിരാളിയായി ഗൂഗിൾ തങ്ങളുടെ ആദ്യത്തെ ബ്ലൂടൂത്ത് ട്രാക്കർ ഉപകരണമായ പിക്സൽ ടാഗ് അടുത്തിടെയാണ് വിപണിയിൽ അവതരിപ്പിച്ചത്. വാലറ്റുകൾ, താക്കോലുകൾ, ബാഗുകൾ പോലുള്ളവ എവിടെയെങ്കിലും മറന്നുവെച്ചാൽ അതിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്തു കണ്ടുപിടിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളാണിവ. ഗൂഗിളിന്റെ ഫൈൻഡ് ഹബ്ബ് ആപ്പുമായി ബന്ധിപ്പിച്ചു പ്രവർത്തിപ്പിക്കാനാവുന്ന ഈ ഉപകരണത്തിന് ഒരെണ്ണത്തിന് 3799 രൂപയും നാലു ടാഗുകളുടെ പായ്ക്കിന് 12,900 രൂപയുമാണ് വില. ആപ്പിൾ എയർടാഗിനും സമാനമായ വിലയാണ്. എയർടാഗ് ഒന്നിന് 3790 രൂപയും നാല് എയർടാഗുകൾ ഒന്നിച്ച് 12,900 രൂപയുമാണ് വില.
എന്നാൽ ഇത്രയേറെ വിലകൊടുത്തു ബ്ലൂടൂത്ത് ട്രാക്കർ വാങ്ങാൻ ചിലപ്പോൾ നിങ്ങൾ താല്പര്യപ്പെടുന്നുണ്ടാവില്ല. എന്നാൽ ഇതേ ആവശ്യം നിറവേറ്റുന്ന വില കുറഞ്ഞ മറ്റു ബ്ലൂടൂത്ത് ട്രാക്കറുകൾ വിപണിയിലുണ്ട്; അവയേതാണെന്നു പരിശോധിക്കാം.
ജിയോ ടാഗ്
റിലയൻസ് ജിയോ പുറത്തിറക്കിയ ബ്ലൂടൂത്ത് ട്രാക്കിങ് ഉപകരണമാണ് ജിയോ ടാഗ് (JioTag). 2,199 രൂപ എം.ആർ.പി. ഉള്ള ജിയോ ടാഗ് നിലവിൽ ഏകദേശം 749 രൂപയ്ക്ക് ഓൺലൈനായി ലഭ്യമാണ്. ബ്ലൂടൂത്ത് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഇത് ഐഫോണിലും ആൻഡ്രോയിഡ് ഫോണിലും ലഭ്യമായ 'JioThings' ആപ്പുമായി ബന്ധിപ്പിച്ചാണ് ഉപയോഗിക്കുന്നത്. എന്നാൽ ആപ്പിളിന്റെ ഫൈൻഡ് മൈ, ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് ശൃംഖലകളുമായി താരതമ്യം ചെയ്യുമ്പോൾ ജിയോ കമ്മ്യൂണിറ്റി ഫൈൻഡ് നെറ്റ്‌വർക്ക് പരിമിതമാണ്. കാരണം ഫോണിൽ JioThings ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആളുകൾക്ക് മാത്രമേ ഈ നെറ്റ്‌വർക്കിന്റെ ഭാഗമാകാൻ കഴിയൂ. എന്നാൽ ലോകമെമ്പാടുമുള്ള മുഴുവൻ ഐഫോൺ ഉപയോക്താക്കളെയും ആൻഡ്രോയിഡ് ഉപയോക്താക്കളെയും ഉപയോഗിച്ചാണ് ഗൂഗിളും ആപ്പിളും അവരുടെ ട്രാക്കിങ് സംവിധാനം തയാറാക്കിയിരിക്കുന്നത്. എങ്കിലും നിങ്ങളുടെ താക്കോൽ, ബാഗ്, വാലറ്റ് പോലുള്ളവ തിരഞ്ഞു കണ്ടെത്താൻ ജിയോ ടാഗ് തന്നെ മതിയാവും.
Apple Find My നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്ന ട്രാക്കറുകൾ
- Eufy SmartTrack Link (Anker): ആപ്പിൾ ഉപയോക്താക്കൾക്കായി ആങ്കർ (Anker) പുറത്തിറക്കിയ, ആപ്പിൾ എയർടാഗിനു സമാനമായ ട്രാക്കിങ് ഉപകരണമാണിത്. നിലവിൽ ആമസോണിൽനിന്ന് 799 രൂപയ്ക്ക് ഈ ഉപകരണം വാങ്ങാം. ആപ്പിൾ ഫൈൻഡ് മൈ നെറ്റ്‌വർക്കിൽ മാത്രം പ്രവർത്തിക്കുന്ന ഉപകരണമാണിത്. ഇതിനു പിന്നിൽ ഒരു QR കോഡ് പ്രിന്റ് ചെയ്തിട്ടുണ്ട്. ആരെങ്കിലും ഈ ടാഗ് കണ്ടെത്തിയാൽ ആ കോഡ് സ്കാൻ ചെയ്തു നിങ്ങളെ ബന്ധപ്പെടാൻ സാധിക്കും. കൂടാതെ ടാഗിലെ ബട്ടൺ അമർത്തിപ്പിടിച്ചാൽ പെയർ ചെയ്ത നിങ്ങളുടെ ഫോൺ റിങ് ചെയ്യിക്കാൻ സാധിക്കും. ആപ്പിളിന്റെ പ്രിസിഷൻ ഫൈൻഡിങ് ഒഴികെ, എയർടാഗിന്റെ ഭൂരിഭാഗം ഗുണങ്ങളും പകുതി വിലയിൽ നൽകുന്ന മികച്ചൊരു ഉപകരണമാണിത്. യൂഫിയുടെ തന്നെ എ.ടി.എം. കാർഡ് വലുപ്പമുള്ള ഒരു സ്മാർട്ട് ട്രാക്ക് കാർഡും ലഭ്യമാണ്. എന്നാൽ ഇതിനു വില കൂടുതലാണ്.
- URBN Smart Tracker: ബജറ്റ് നിരക്കിൽ ആപ്പിൾ ഫൈൻഡ് മൈ സപ്പോർട്ട് ചെയ്യുന്ന ഒരു ഇന്ത്യൻ ബ്രാൻഡ് ട്രാക്കർ ആണിത്. തേഡ് പാർട്ടി ആപ്പുകളുടെ ആവശ്യമില്ലാതെ ആഗോളതലത്തിൽ ലൊക്കേഷൻ ട്രാക്ക് ചെയ്യാം. 12 ഗ്രാം ഭാരം മാത്രമുള്ള കോയിൻ മാതൃകയിലുള്ള ഡിസൈനായതിനാൽ കീ ചെയിനുകൾ, ബാഗുകൾ, പേഴ്സുകൾ, ലഗേജുകൾ എന്നിവയിൽ എളുപ്പത്തിൽ ഘടിപ്പിക്കാം. അർബൻവേൾഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് 999 രൂപയ്ക്ക് വാങ്ങാം.
- Portronics Worldtag: ആപ്പിൾ ഫൈൻഡ് മൈ ആപ്പുമായി ബന്ധിപ്പിച്ചു പ്രവർത്തിപ്പിക്കാവുന്ന ഈ ഉപകരണത്തിന് ആമസോണിൽ 549 രൂപ മാത്രമാണ് വില. ഒരു വർഷത്തെ ബാറ്ററി ലൈഫ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ആൻഡ്രോയിഡ് ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്ന ട്രാക്കറുകൾ
- Moto Tag (Motorola): ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച ട്രാക്കറുകളിലൊന്നാണിത്. ഇതിൽ UWB (Ultra-Wideband) സപ്പോർട്ടും IP67 വാട്ടർ റെസിസ്റ്റൻസും ഉണ്ട്. ഫ്ലിപ്കാർട്ടിൽ 2,499 രൂപയ്ക്ക് ഇത് വാങ്ങാം. ഒരു വർഷം മുഴുവൻ ബാറ്ററി വാഗ്ദാനം ചെയ്യുന്നുണ്ട്.
- Zebronics Smart Finder Tag: ആൻഡ്രോയിഡിൽ മാത്രം പ്രവർത്തിക്കുന്ന ട്രാക്കർ ആണിത്. ഗൂഗിൾ ഫൈൻഡ് മൈ ഡിവൈസുമായി ബന്ധിപ്പിച്ചു പ്രവർത്തിപ്പിക്കാം. ഒരു വർഷം മുഴുവൻ ബാറ്ററി വാഗ്ദാനം ചെയ്യുന്നുണ്ട്. നഷ്ടപ്പെട്ട വസ്തുക്കൾ അടുത്തുണ്ടെങ്കിൽ എളുപ്പം കണ്ടെത്താനുള്ള 'റിങ് ടു ഫൈൻഡ്' ഫീച്ചർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിലും ലഭ്യമാണ്. ആമസോണിൽ ഇതിന് 799 രൂപ മാത്രമാണ് വില.
- ബോട്ട് ടാഗ്: ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്ന മറ്റൊരു ഉപകരണമാണിത്. വീടിനുള്ളിലോ അടുത്തോ വെച്ചു മറന്നാൽ എളുപ്പത്തിൽ ശബ്ദം കേട്ടു കണ്ടെത്താൻ 80dB ഇൻ-ബിൽറ്റ് സ്പീക്കർ ഇതിലുണ്ട്. മാറ്റിസ്ഥാപിക്കാവുന്ന CR2032 കോയിൻ ബാറ്ററി ഉപയോഗിച്ച് ഒരു വർഷം വരെ ചാർജ് നിൽക്കും. അജ്ഞാതമായ ടാഗുകൾ നിങ്ങളെ പിന്തുടരുന്നുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുന്ന ആന്റി-സ്റ്റാക്കിങ് സുരക്ഷ ഇതിലുണ്ട്. 799 രൂപയാണ് ഇതിനു ഫ്ലിപ്കാർട്ടിൽ വില.
Published: 14 Aug 2026, 07:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented