
Jetzero blended wing body concept aircraft | Photo: jetzero.aero
വ്യോമസേനയ്ക്കായി ലോകത്തെ ഏറ്റവും ശക്തിയേറിയ എയര്‍ലിഫ്റ്റ് വിമാനം നിര്‍മിക്കാനൊരുങ്ങുകയാണ് ചൈന. ചരക്കുനീക്ക ശേഷിയില്‍ നിലവിലുള്ള വിമാനങ്ങളുടെ കഴിവുകളെ മറികടക്കുന്ന ശേഷിയുള്ളതായിരിക്കും ഈ വിമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്യൂസ് ലേജും ചിറകുകളും ഒരൊറ്റ ലിഫ്റ്റിങ് പ്രതലത്തിലേക്ക് സംയോജിപ്പിക്കുന്ന ‘ബ്ലെന്‍ഡഡ് വിങ് ബോഡി’ എന്ന നൂതനമായ എയറോഡൈനാമിക് ഘടനയായിരിക്കും വിമാനത്തിന്. ചൈന നിലവില്‍ ഉപയോഗിക്കുന്ന വൈ20 വിമാനങ്ങളില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങളുടെ വിമാനങ്ങളില്‍ നിന്നും വേറിട്ട രൂപകല്‍പനാ തത്വമായിരിക്കും പുതിയ വിമാനത്തില്‍ ചൈന പിന്തുടരുക. വലിയ അളവില്‍ ഭാരവും ദൈര്‍ഘ്യമേറിയ യാത്രയും ഉറപ്പാക്കാന്‍ ഇതിനാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗതാഗത വിമാനങ്ങള്‍ക്കായി യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും വര്‍ഷങ്ങളായി പര്യവേക്ഷണം നടത്തുന്ന ആശയമാണ് ‘ബ്ലെന്‍ഡഡ് വിങ് ബോഡി’ ഡിസൈന്‍. എന്നാല്‍ ചൈന ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ പോവുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
120 മെട്രിക് ടണ്‍ കാര്‍ഗോ വഹിക്കാനാവും വിധം ഒരുക്കുന്ന ഈ വിമാനത്തിന് ഒറ്റത്തവണ ഇന്ധനം നിറച്ച് 6500 കിലോമീറ്ററിലേറെ സഞ്ചരിക്കാനാവും. അതായത് വിമാനത്തിന് വീണ്ടും ഇന്ധനം നിറയ്ക്കാതെ ഭൂഖണ്ഡങ്ങളിലൂടെ തുടര്‍ച്ചയായി സഞ്ചരിക്കാനാവും. ചൈനയുടെ വൈ-20യുടെ റേഞ്ച് 4500 കിമീ ആണ്. യുഎസിന്റെ സി-5എം ഗാലക്‌സി വിമാനത്തിന് 4150 കിലോമീറ്ററാണ് റേഞ്ച്. പുതിയ വിമാനത്തിന്റെ പരമാവധി ടേക്ക് ഓഫ് ഭാരം 470 ടണ്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ഇതുവരെ രൂപകല്‍പന ചെയ്തതില്‍ ഏറ്റവും ഭാരമേറിയ എയര്‍ലിഫ്റ്റിങ് വിമാനങ്ങളിലൊന്നായി ഇത് മാറുന്നു.
‘ബ്ലെന്‍ഡഡ് വിങ് ബോഡി’ രൂപകല്‍പനയിലൂടെ വിമാനത്തില്‍ കൂടുതല്‍ ചരക്കുകള്‍ ഉള്‍ക്കൊള്ളാനുള്ള ഇടം ലഭിക്കുന്നു. ഒപ്പം വിമാനത്തിന്റെ എയറോഡൈനാമിക് കാര്യക്ഷമതയും മെച്ചപ്പെടുന്നു. നിലവിലുള്ള വിമാനങ്ങളേക്കാള്‍ കഴിവുള്ളതും നൂതനവുമായ എഞ്ചിനുകളായിരിക്കും ഈ പുതിയ വിമാനത്തിന് ശക്തിപകരുക.
ശീതയുദ്ധകാലത്ത് യുഎസ് ഉപയോഗിച്ചിരുന്ന ചരക്കുനീക്ക വിമാനമാണ് സി-5 ഗാലക്‌സി. റഷ്യയുടെ ആന്‍-124 റുസ്ലാന്‍ എന്ന വിമാനവും സമാനമായ ശക്തിയേറിയ നിര്‍മിതികളിലൊന്നായിരുന്നു. ഇതില്‍ സി-5 ഗാലക്‌സിയുടെ ഉത്പാദനം 1989 ലും ആന്‍-124 ന്റെ ഉത്പാദനം 2004 ലും അവസാനിച്ചതാണ്. ഇതോടെ ലോകത്തെ ഏറ്റവും വലിയ ചരക്കുനീക്ക വിമാനം എന്ന പേര് ചൈനയുടെ വൈ-20 വിമാനത്തിന് ലഭിച്ചു. പുതിയ വിമാനങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ യുഎസും റഷ്യയും നടത്തുന്നതിനിടെയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പുതിയ നീക്കം.
Content Highlights: China begins development of the world's most powerful airlift aircraft, featuring a revolutionary 'Blended Wing Body' design, surpassing current cargo carriers like the Y-20.
Published: 11 Nov 2025, 09:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented