പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എ.ടി.കെ മോഹന്‍ ബഗാനെതിരെയുള്ള ഉദ്ഘാടന മത്സരത്തില്‍ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം കെ.പി. രാഹുലിന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. രാഹുലിന്റെ പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടു. 

രാഹുലിന്റെ പരിക്ക് ഭേദമായിട്ടില്ലെന്നും വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി താരത്തെ മുംബൈയിലേക്ക് മാറ്റുകയാണെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. നാഭീഭാഗത്തുള്ള പേശിയ്ക്ക് കീറലുണ്ടെന്ന് (ഗ്രോയിന്‍ മസില്‍ ടിയര്‍) ബ്ലാസ്റ്റേഴ്‌സ് വെളിപ്പെടുത്തി. 

രാഹുലിന് വിദഗ്ധ ചികിത്സ നല്‍കുന്നതിനുവേണ്ടി താരത്തെ ബയോബബിളില്‍ നിന്നും പുറത്തുകൊണ്ടുവന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. 

മോഹന്‍ ബഗാനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ രാഹുലിന് പരിക്ക് പറ്റി. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത് രാഹുലായിരുന്നു. രാഹുലിന്റെ ക്രോസില്‍ നിന്നാണ് സഹല്‍ ഗോളടിച്ചത്. എന്നാല്‍ ഗോള്‍ പിറന്നതിനുപിന്നാലെ രാഹുലിന് പരിക്കുമൂലം പിന്മാറേണ്ടിവന്നു. 

രാഹുലിന് പകരം മറ്റൊരു മലയാളി താരമായ പ്രശാന്താണ് ബ്ലാസ്റ്റേഴ്‌സിനുവേണ്ടി കളിച്ചത്. രാഹുല്‍ എത്രയും പെട്ടെന്ന് പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തട്ടെയെന്ന് ബ്ലാസ്‌റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു. അടുത്ത മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ മഞ്ഞപ്പടയെ 4-2 എന്ന സ്‌കോറിന് തകര്‍ത്തിരുന്നു.

Content Highlights: injury update of KP Rahul by Kerala Blasters