ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വിജയക്കുതിപ്പ് തുടർന്ന് ട്രീസാ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം. വനിതാ ഡബിൾസ് പ്രീക്വാർട്ടറിൽ ഏഴാം സീഡ് ജപ്പാന്റെ റിൻ ഇവാനഗ-കി നകാനിഷി സഖ്യത്തെ ഇന്ത്യൻ ജോഡികൾ പരാജയപ്പെടുത്തി. നേരിട്ടുള്ള ഗെയിമുകൾക്കാണ് ജയം.

To advertise here,

പ്രീ-ക്വാർട്ടറിൽ ആധിപത്യത്തോടെ കളിച്ചാണ് ട്രീസയും ഗായത്രിയും ക്വാർട്ടർ ടിക്കറ്റെടുത്തത്. ആദ്യ ഗെയിം 21-16 നാണ് ഇന്ത്യൻ സഖ്യം സ്വന്തമാക്കിയത്. രണ്ടാം ഗെയിമിലും മികവോടെ ഇന്ത്യൻ സഖ്യം റാക്കറ്റേന്തി. അതോടെ ജാപ്പനീസ് സഖ്യം നിഷ്പ്രഭമായി. 21-12 ന് ജയിച്ച് രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കി.

ടൂർണമെന്റിലൂടനീളം മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെക്കുന്നത്. രണ്ടാം റൗണ്ടിലും നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു വിജയം. രണ്ടാം റൗണ്ടിൽ 16-ാം സീഡായ അമേരിക്കയുടെ ലൗറെൻ ലാം-അലിസൺ ക്യുൻഹ് സഖ്യത്തെയാണ് ഇന്ത്യൻ ജോഡി പരാജയപ്പെടുത്തിയത്.