ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തില്‍ ആദ്യമായി കിരീടം നേടിയ ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്.

To advertise here,

തോമസ് കപ്പില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്‍ഡൊനീഷ്യയെ 3-0ന് തകര്‍ത്താണ് ഇന്ത്യ 73 വര്‍ഷം പഴക്കമുള്ള ടീം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. 

14 തവണ ചാമ്പ്യന്മാരായ ഇന്‍ഡൊനീഷ്യയ്‌ക്കെതിരേ കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയ്ക്കായി ജയമൊരുക്കിയത്. 

ഫൈനലിലെ ആദ്യ സിംഗിള്‍സ് പോരാട്ടത്തില്‍ ലക്ഷ്യ സെന്‍, എ. ഗിന്റിങ്ങിനെ (821, 2117, 2116) തകര്‍ത്തതോടെ ഇന്ത്യ 1-0ന് ലീഡെടുത്തു. തുടര്‍ന്ന് നടന്ന ഡബിള്‍സ് പോരാട്ടത്തില്‍ സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്സന്‍ - കെവിന്‍ സഞ്ജയ സുകമുല്‍ജോ സഖ്യത്തെ 18-21, 23-21, 21-19 എന്ന സ്‌കോറിന് മറികടന്ന് ഇന്ത്യയുടെ ലീഡ് 2-0 ആക്കി ഉയര്‍ത്തി. ഫൈനലിലെ നിര്‍ണായകമായ രണ്ടാം സിംഗിള്‍സ് പോരാട്ടത്തില്‍ കിഡംബി ശ്രീകാന്ത്, ജൊനാതന്‍ ക്രിസ്റ്റിയെ (2115, 2321) നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തതോടെ ഇന്ത്യ ചരിത്ര സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു.