ഗ്ലാസ്‌ഗോ: വനിതകളുടെ 63 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് നിരാശ. നിരുപമ ദേവി മെഡൽ നേടാനാവാതെ പുറത്തായി. സ്‌നാച്ചിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ക്ലീൻ ആൻഡ് ജെർക്കിൽ എല്ലാ അവസരങ്ങളിലും പരാജയപ്പെട്ടതോടെയാണ് താരം പുറത്തായത്. കാനഡയുടെ ഷരോൺ സ്വർണം നേടി.

To advertise here,

സ്‌നാച്ചിലെ ആദ്യശ്രമത്തിൽ തന്നെ നിരുപമ ദേവി പരാജയപ്പെട്ടു. 93 കിലോ ഉയർത്താനുള്ള ശ്രമം വിഫലമായി. എന്നാൽ രണ്ടാം ശ്രമത്തിൽ നിരുപമ അത് നേടി. 93 കിലോ ഉയർത്തി. മൂന്നാം ശ്രമത്തിൽ 95 കിലോ ഉയർത്താനായിരുന്നു നിരുപമയുടെ നീക്കം. എന്നാൽ അതും പരാജയപ്പെട്ടു. അതോടെ സ്‌നാച്ച് റൗണ്ട് പൂർത്തിയായപ്പോൾ 93 കിലോ ഉയർത്തി താരം അഞ്ചാമതായിരുന്നു.

കനേഡിയൻ താരം എം ഷരോൺ ആയിരുന്നു സ്‌നാച്ച് റൗണ്ടിൽ മുന്നിട്ടുനിന്നത്. 102 കിലോ ആണ് താരം ഉയർത്തിയത്. 100 കിലോ ഉയർത്തിയ ക്രിസ്റ്റി നോട്ടെ രണ്ടാമതും 99 കിലോ ഉയർത്തിയ ഓസ്‌ട്രേലിയൻ താരം കെ.ആർ. എല്ല്യട്ട് മൂന്നാമതുമെത്തി. ഇംഗ്ലണ്ടിന്റെ സാറ ഡേവിസായിരുന്നു നാലാമത്. താരം 95 കിലോ ഉയർത്തി.

ക്ലീൻ ആൻഡ് ജെർക്കിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താനുറച്ചാണ് നിരുപമ ദേവി എത്തിയത്. 123 കിലോ ഉയർത്താനായിരുന്നു ശ്രമം. എന്നാൽ താരത്തിന് അത് സാധിച്ചില്ല. മൂന്ന് ശ്രമത്തിലും പരാജയമായിരുന്നു ഫലം. അതോടെ മെഡലില്ലാതെ നിരുപമ മടങ്ങി. സ്‌നാച്ചിൽ മുന്നിട്ടുനിന്ന ഷരോൺ ക്ലീൻ ആൻഡ് ജെർക്കിലും ആ പ്രകടനം ആവർത്തിച്ച് സ്വർണവുമായി മടങ്ങി. ആകെ 232 കിലോ ആണ് കനേഡിയൻ താരം ഉയർത്തിയത്.